പത്തൊമ്പതാം നൂറ്റാണ്ടിനേയും സംവിധായകൻ വിനയനേയും അഭിനന്ദിച്ച് റവന്യൂ മന്ത്രി കെ.രാജൻ. ചരിത്രകാരൻമാർ തമസ്കരിച്ച ആ വീര ചേകവരെ അതി മനോഹരമായി ആവേശം തുളുമ്പുന്ന മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് വിനയനെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രിയുടെ പരാമർശം.

To advertise here,

ചരിത്രകാരൻമാർ അർഹിച്ച പ്രാധാന്യത്തോടെ അവതരിപ്പിക്കാത്ത വീരനായകനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന് മന്ത്രി കുറിച്ചു. ആദ്യത്തെ കേരളീയ നവോത്ഥാന നായകനാണ് അദ്ദേഹം. സവർണ്ണ മേധാവിത്വത്തിനെതിരെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയെ അണിനിരത്തി അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ഐതിഹാസിക പോരാട്ടങ്ങളാണ് ആ ധീര പോരാളി നടത്തിയതെന്നും അദ്ദേഹം എഴുതി.

ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ശ്രീ.വിനയൻ്റെ മാതൃകാപരവും ശ്ലാഘനീയവുമായ ഇടപെടലാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ. ഉറച്ച നിലപാടും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കലാകാരൻ, ഏറെ പ്രിയങ്കരനായ വിനയേട്ടനും ഈ ചരിത്രദൗത്യത്തിൻ്റെ ഭാഗമായ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്കും ഹൃദയാഭിവാദനങ്ങൾ എന്നുപറഞ്ഞുകൊണ്ടാണ് കെ.രാജൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സിജു വിൽസണാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് തമിഴിലെ പ്രമുഖ സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘട്ടന രം​ഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്.