ഭ്രമയുഗം, സൂക്ഷ്മദര്‍ശിനി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സുപ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് 'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍'. ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജനുവരി 31-നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

To advertise here,

'ഇനി ഞാന്‍ ആരാണ്?' എന്ന വിജയരാഘവന്റെ ഒരൊറ്റ ചോദ്യത്തിലൂടെ തന്നെ ചിത്രത്തിന്റെ സസ്‌പെന്‍സ് സ്വഭാവം വെളിവാകുന്നുണ്ട്. കഥാപാത്രങ്ങളുടെയെല്ലാം സ്വഭാവ സവിശേഷതകള്‍ മനസ്സിലാകാന്‍ സഹായിക്കുന്ന വിധത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാപാത്രവുമായാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ എത്തുന്നത്. 

നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഹൊറര്‍ ത്രില്ലര്‍ മൂഡിലുള്ളതായിരുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായാണ്  ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. കണ്ടു പരിചയമുള്ള നാട്ടിന്‍പുറത്തെ കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലൂടെ ജനുവരി 31-ന് പ്രേക്ഷകരിലേക്കെത്തും.

ജെ.എം. ഇന്‍ഫോര്‍ട്ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉണ്ണി ലാലു, ലുക്മാന്‍, സുധി കോപ്പ, ശ്രീജ ദാസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഹാസ്യത്തിന്റെ മേമ്പടിയോടുകൂടി ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമ ചിത്രം കൂടിയാണിത്.

വിഷ്ണുരാജ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു അമ്പാട്ടിന്റേതാണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രകാശ് ടി. ബാലകൃഷ്ണന്‍, എഡിറ്റര്‍ സി.ആര്‍. ശ്രീജിത്ത്. ജോയ് ജിനിത്, രാംനാഥ് എന്നിവരാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ദിന്‍ നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുണ്‍ പ്രതാപ് എന്നിവരുടേതാണ് വരികള്‍. 

ആര്‍ട്ട് -ദുന്തു രഞ്ജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - വിഷ്ണു ചന്ദ്രന്‍, ഡിജിറ്റല്‍ കോണ്‍ടെന്റ് മാനേജര്‍ - ആരോക്‌സ് സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് പൂങ്കുന്നം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - പ്രകാശ് ടി. ബാലകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ - ഷെഫിന്‍ മായന്‍, കോസ്റ്റ്യും ഡിസൈനര്‍ - ഗായത്രി കിഷോര്‍, സരിത മാധവന്‍, മേക്കപ്പ് - സജി കട്ടാക്കട, സ്റ്റില്‍ ഫോട്ടോഗ്രഫി -അമീര്‍ മാംഗോ, പി.ആര്‍.ഒ.- മഞ്ജു ഗോപിനാഥ്. ആന്‍ മെഗാ മീഡിയയാണ് പാലക്കാടും കുന്നങ്കുളത്തുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ വിതരണം നടത്തുന്നത്.