
പൊറാട്ടും തോല്‍പ്പാവക്കൂത്തുമെല്ലാം നിറഞ്ഞ ഒരു നാട്ടുകഥയിലേക്ക്, പാലക്കാട്ടെ നാട്ടിന്‍പുറത്തേക്ക് ഒരു കഥകാണാന്‍ പോയാലോ? ജിഷ്ണു ഹരീന്ദ്രയുടെ 'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍' എന്ന ചലച്ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് അങ്ങനെയൊരു യാത്രനടത്താം. കേരളത്തിന്റെ തനത് കലയായ പൊറാട്ട് നാടകത്തിന്റെ അകമ്പടിയോടെ മുന്നോട്ടുനീങ്ങുന്ന ഈ സിനിമ നല്ലേപ്പിള്ളിയിലെ ഗ്രാമീണജീവിതത്തിലേക്കാണ് ചെന്നെത്തുക. പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളുടെ ആഴപ്പരപ്പും ആര്‍ദ്രമായ സംഗീതത്തോടൊപ്പം അവിടെ അവതരിപ്പിച്ചിരിക്കുന്നു.
ജിജു എന്ന കഥാപാത്രമായി ഉണ്ണി ലാലുവും സതീശന്‍ എന്ന കഥാപാത്രമായി സിദ്ധാര്‍ഥ് ഭരതനുമാണ് ചിത്രത്തിലെ നായക-പ്രതിനായക റോളില്‍ എത്തിയിരിക്കുന്നത്. കൊക്കാവന്‍ എന്ന വേറിട്ട കഥാപാത്രമായി വിജയരാഘവന്‍ തന്റെ വേഷത്തെ ഭംഗിയാക്കി. ഏകാകിയും നാട്ടുകാര്‍ ഭ്രാന്തനെന്നും വിശേഷിപ്പിക്കുന്ന കൊക്കാവനാണ് കാണികള്‍ക്ക് മുമ്പില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. കഥയുടെ ആഖ്യാതാവായ അയാള്‍ വര്‍ഷങ്ങളോളം പൊറാട്ട് നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. കഥ ബാക്കിവെക്കുന്ന പൊറാട്ടിലേക്കും ശരിതെറ്റുകള്‍ക്ക് മേല്‍ ജീവിതം നിറഞ്ഞാടുന്ന ഒരുകൂട്ടം മനുഷ്യരിലേക്കും കൊക്കാവനാണ് നമ്മുടെ ശ്രദ്ധക്ഷണിക്കുന്നത്. പിന്നീടത് ജിജുവിലേക്ക് വഴിത്തിരിയുന്നു. അയാളുടെ പ്രണയത്തിലേക്കും അത് സഫലമാകാന്‍ നടത്തുന്ന പോരാട്ടത്തിലേക്കും പ്രവേശിക്കുന്ന സിനിമ തുടര്‍ന്ന് ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്.
തറവാട്ടിലേക്ക് പൂജയ്ക്കായി എത്തിച്ചേരുന്ന കുടുംബാംഗങ്ങളും അതില്‍ ചിലരുടെ നീറിപ്പുകയുന്ന ബന്ധങ്ങളിലേക്കും വിരഹകഥയിലേക്കും ക്യാമറ തിരിച്ചുവെക്കുന്നുണ്ട് സംവിധായകന്‍. വീട്ടിലുള്ളവര്‍ ഒത്തുകൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതിലെ രാസവിദ്യയും അതില്‍ പകര്‍ത്തിക്കാണിക്കുന്നു. രസകരമായ സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയാണ് വീടിനേയും വീട്ടുകാരേയും സിനിമ നമുക്ക് പരിചയപ്പെടുത്തുന്നത്.
പ്രണയപരാജിതരായി മാറുമായിരുന്ന ജിജുവിനേയും സന്ധ്യയേയും ഒന്നിപ്പിക്കാന്‍ വാക്കാല്‍ പ്രേരണ നല്‍കുന്ന കൊക്കാവന്റെ പ്രണയനഷ്ടത്തേയും ജീവിതത്തേയും ചുരുങ്ങിയ വാക്കുകള്‍കൊണ്ട് അനുഭവവേദ്യമാക്കുന്നുണ്ട് ചിത്രത്തിന്റെ എഴുത്തുകാരന്‍. മഴതോരാന്‍ കാത്തിരുന്നപ്പോള്‍ മറതിയിലേക്കാണ്ടുപോയ അയാളുടെ പ്രണയം ജിജുവിനും കാണികള്‍ക്കും നോവാവുകയും അതേസമയം കൊക്കാവന്റെ വാക്കുകള്‍ ജിജുവിന് ശക്തിയാവുകയും ചെയ്യുന്നു. ജീവിതത്തില്‍ താനൊരു കോമാളിയായി മാറിയെങ്കിലും മറ്റുചിലരുടെ പ്രണയങ്ങളെ ഒരുമിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള അയാളുടെ ചാരിതാര്‍ഥ്യത്തിലാണ് ചിത്രം അവസാനിക്കുന്നത്.
കഥയ്ക്കുള്ളില്‍ മറ്റൊരു കഥയൊളിപ്പിച്ച ചിത്രം അവസാനത്തോടുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും രസകരമായ സന്ദര്‍ഭങ്ങളാണ് എടുത്തുവെയ്ക്കുന്നത്. കഥയിലെ കളിതമാശകളും കാര്യവും കൃത്യമായ ചേരുവകളോടെ കൂട്ടിയിണക്കിയ ചിത്രം ഒരു മികച്ച ഫാമിലി എന്റര്‍ടൈനറാറെന്ന് നിസ്സംശയം പറയാം.
ജിജുവിന്റെ സുഹൃത്തുക്കളായെത്തിയ സന്തോഷ്, അബു എന്നീ കഥാപാത്രങ്ങളെ, ശ്രീനാഥ് ബാബുവും സജിന്‍ ചെറുകയിലും ഗംഭീരമാക്കി. ഇരുവരും ചേര്‍ന്നുള്ള നര്‍മസംഭാഷണങ്ങളും എടുത്തുപറയേണ്ടതാണ്. രാഹുല്‍ എന്ന കഥാപാത്രമായെത്തിയ അര്‍ജുനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിന്റെ ലളിതമായ ആശയം മനോഹരമായ ഫ്രെയ്മുകളോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത് മധു അമ്പാട്ടാണ്. വിഷ്ണുരാജിന്റെ ഹ്രസ്വമായ സംഭാഷണങ്ങളും സി.ആര്‍. ശ്രീജിത്തിന്റെ എഡിറ്റിങും സിനിമയുടെ സംവേദനത്തെ എളുപ്പമാക്കിയിരിക്കുന്നു. ദിന്‍ നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുണ്‍ പ്രതാപ് എന്നിവരുടെ മനോഹരമായ വരികള്‍ക്ക് ഇമ്പമാര്‍ന്ന ഈണം പകര്‍ന്നത് ജോയ് ജിനിത്, രാംനാഥ് എന്നിവരാണ്. സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസന്‍ കൊങ്ങാട്, രതീഷ് കുമാര്‍ രാജന്‍, കലാഭവന്‍ ജോഷി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ മികവുറ്റതാക്കി.
മാസ്, ആക്ഷന്‍ പടങ്ങള്‍ കാണാന്‍ ഇഷ്ടമുള്ളവര്‍ക്കും റൊമാന്റിക് ത്രില്ലര്‍ പ്രേമികള്‍ക്കും ആസ്വദിക്കാവുന്ന ചിത്രമാണ് 'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍'. ചിത്രത്തിന്റെ പേര് രൂപകല്‍പനചെയ്തിരിക്കുന്നത് തന്നെ സിനിമാക്കഥ അതിലൊളിപ്പിച്ച് വെച്ചുകൊണ്ടാണ്. കൊറ്റന്‍കുളത്തിയെ കണ്ട കാര്യം വിവരിക്കുന്ന ചിത്രത്തിന്റെ ടീസറും വയലാര്‍ രാമവര്‍മ എഴുതി എല്‍പിആര്‍ വര്‍മ സംഗീതം നല്‍കിയ 'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍' എന്ന പഴയ ഗാനവും പ്രേക്ഷകര്‍ക്ക് ചിത്രത്തിലുള്ള പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിക്കാതെയാണ് സിനിമ പ്രേക്ഷകരെ തിയേറ്ററില്‍ നിന്ന് മടക്കിയയക്കുക.
Content Highlights: Movie review of Parannu parannu parannu chellan
Published: 31 Jan 2025, 02:43 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented