ന്യൂഡല്‍ഹി: നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. ഇന്ത്യയ്ക്കുനേരെ ഡ്രോണുകള്‍ പ്രയോഗിക്കുന്ന ലോഞ്ച് പാഡുകളാണ് തകര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ കരസേന പുറത്തുവിട്ടു. 2025 മെയ് 08, 09 തീയതികളില്‍ ജമ്മു കശ്മീരിലെയും പഞ്ചാബിലെയും നഗരങ്ങളില്‍ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ക്കു ഇന്ത്യ കനത്ത തിരിച്ചടി നൽകിയിരുന്നു. ആസൂത്രിതമായ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ സൈന്യം പാകിസ്താന്റെ തീവ്രവാദ ലോഞ്ച് പാഡുകളില്‍ വെടിവയ്പ്പ് നടത്തുകയും അവയെ തകര്‍ത്ത് ചാരമാക്കുകയും ചെയ്തുവെന്ന് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

To advertise here,

നിയന്ത്രണരേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തീവ്രവാദ ലോഞ്ച് പാഡുകള്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും സുരക്ഷാ സേനയ്ക്കുമെതിരെ ഭീകരാക്രമണങ്ങള്‍  നടപ്പാക്കുന്നതിനുമുള്ള കേന്ദ്രമായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ വേഗത്തിലുള്ളതും നിര്‍ണായകവുമായ നടപടി തീവ്രവാദികള്‍ക്ക് തിരിച്ചടിയായെന്നും കരസേന കൂട്ടിച്ചേര്‍ത്തു. 

അതേസമയം, പാകിസ്താന്‍ പ്രയോഗിച്ച മിസൈലുകളും ഡ്രോണുകളുമെല്ലാം ഇന്ത്യന്‍ പ്രതിരോധസംവിധാനം തകര്‍ത്തു. പഞ്ചാബിലെ അമൃത്സറില്‍ പാകിസ്താന്‍ ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. ഇന്ത്യ തകര്‍ത്ത പാക് ഡ്രോണുകളുടെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു. അമൃത്സറിലെ ഖാസ കന്റോണ്‍മെന്റിന് മുകളിലാണ് പാക് ഡ്രോണുകളെ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഇവയെല്ലാം വെടിവെച്ചിടുകയായിരുന്നു. 

അമൃത്സറില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത പാകിസ്താന്റെ ഡ്രോണുകളും തുര്‍ക്കി നിര്‍മിതമാണെന്നാണ് സൂചന. കഴിഞ്ഞദിവസം പാകിസ്താന്‍ ഇന്ത്യയ്ക്ക് നേരേ ഉപയോഗിച്ച ഡ്രോണുകളെല്ലാം തുര്‍ക്കിയുടേതായിരുന്നു. 

ഇന്ത്യയിലെ നാല് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്താന്‍ നേരത്തേ ആക്രമണം നടത്തിയത്. ഉധംപുര്‍, പത്താന്‍കോട്ട്, ആദംപുര്‍, ഭുജ് വ്യോമതാവളങ്ങള്‍ക്ക് നേരേയായിരുന്നു പാകിസ്താന്‍ ആക്രമണത്തിന് ശ്രമിച്ചത്. എന്നാല്‍, ഇതിനുപിന്നാലെ ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താനിലെ ആറ് വ്യോമ താവളങ്ങള്‍ തകര്‍ത്താണ് ഇന്ത്യ ശക്തമായ മറുപടി നല്‍കിയത്. പാകിസ്താനിലെ റാഫിഖി, മുരീദ്, ചക്ലാല, റഹിം യാര്‍ ഖാന്‍, സുക്കുര്‍, ചുനിയ വ്യോമതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്.