ന്യൂഡൽഹി: പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന സുപ്രധാന നിലപാട് പ്രഖ്യാപനവുമായി ഇന്ത്യ. കശ്മീരില്‍ നിലനില്‍ക്കുന്ന ഏക വിഷയം പാക് അധീന കശ്മീര്‍ സംബന്ധിച്ചുള്ളത് മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ അനുവദിക്കില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ദീര്‍ഘകാലമായി ഇന്ത്യയ്ക്കുള്ളത്. ആ നയത്തില്‍ മാറ്റമുണ്ടായിട്ടില്ല. പാകിസ്താൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശം വിട്ടുതരിക എന്നതാണ് ഇപ്പോഴുള്ള പ്രധാനപ്പെട്ട വിഷയമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുണ്ടായ വെടിനിര്‍ത്തലില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. വെടിനിര്‍ത്തലിനുള്ള ആവശ്യമുന്നയിച്ചത് പാകിസ്താനാണ്. ചർച്ച നടന്നത് ഡിജിഎംഒ തലത്തിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സേനയുടെ കരുത്താണ് പാകിസ്താനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്. വെടിനിർത്തൽ ധാരണയിൽ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യയുടെ നയം പല ലോക നേതാക്കളും പാകിസ്താനെ അറിയിച്ചിട്ടുണ്ടാകും. എന്നാൽ, ആരും മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷന്‍ സിന്ദൂറിന്‍റെയും തുടര്‍ന്നുള്ള സൈനിക നടപടികളുടെയും സാഹചര്യത്തില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും നേതാക്കള്‍ തമ്മില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സൈനിക സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ ചര്‍ച്ചകളില്‍ ഒന്നിലും വ്യാപാര വിഷയം ഉയര്‍ന്നുവന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ഭീകരരെ പിന്തുണയ്ക്കുന്നിടത്തോളം സിന്ധുനദീജല കരാർ മരവിപ്പിച്ചത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കും വിദേശകാര്യ വക്താവ് വാർത്താസമ്മേളനത്തിൽ മറുപടി നൽകി. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സൈനിക നടപടി തീർത്തും മാന്യമായ രീതിയിലായിരുന്നു. ആണവായുധവുമായി ബന്ധപ്പെട്ട കാര്യം പൊതുയിടത്തിൽ പാക് മന്ത്രി തന്നെ നിഷേധിച്ചിട്ടുണ്ട്. ആണവ ഭീഷണിക്ക് വഴങ്ങില്ലെന്നും അതിർത്തികടന്നുള്ള ഭീകരത അനുവദിക്കില്ലെന്നുമുള്ള ഉറച്ച നിലപാടാണ് ഇന്ത്യയുടേത്. അത്തരം സാഹചര്യം അവരുടെതന്നെ പ്രദേശങ്ങൾക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭാഷണം നടത്തിയതായും വിദേശകാര്യ വക്താവ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുവരെ ഇന്ത്യ-യുഎസ് നേതാക്കൾ തമ്മിൽ സംഭാഷണങ്ങൾ നടത്തിയിരുന്നെന്നും എന്നാൽ, ഈ ചർച്ചകളിലൊന്നും വ്യാപാരവിഷയം ഉയർന്നുവന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയം അവകാശപ്പെടുക എന്നത് പഴയരീതിയാണ്. 1971-ലും 1975-ലും 1999-ലെ കാർഗിൽ യുദ്ധതിത്തിലും പാകിസ്താൻ അത് ചെയ്തതാണെന്നും വിദേശകാര്യവക്താവ് വ്യക്തമാക്കി.
കശ്മീർ വിഷയത്തിൽ ആവശ്യമെങ്കിൽ തങ്ങൾ ഇടപെടാമെന്നറിയിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. വെടിനിർത്തൽ പ്രഖ്യാപനമുണ്ടായത് തങ്ങളുടെ ഇടപെടൽ കൊണ്ടാണെന്നും അമേരിക്ക അവകാശപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷാംഗങ്ങളടക്കം ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കശ്മീർ വിഷയത്തിൽ മധ്യസ്ഥത ആവശ്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യൻ വിദേശകാര്യ വക്താവ് രംഗത്തെത്തിയത്.
Content Highlights: India`s foreign ministry spokesperson rejects any third-party mediation on Kashmir
Published: 13 May 2025, 06:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented