ന്യൂഡല്‍ഹി:  ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ തിരിച്ചടികള്‍ തടുക്കാനാകാതെ പാകിസ്താന്‍ കുഴങ്ങിയതിന് പിന്നിലെ കാരണം പുറത്ത്. വ്യോമപ്രതിരോധത്തിനായി പാകിസ്താന്‍ ആശ്രയിച്ചിരുന്നത് ചൈനീസ് സാങ്കേതിക വിദ്യകളെയായിരുന്നു. ഇന്ത്യയുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമായി പാകിസ്താന്‍ ചൈനീസ് വ്യോമപ്രതിരോധ സംവിധാനങ്ങളായിരുന്നു വിന്യസിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേന പാകിസ്താന്‍ ചൈനയില്‍ നിന്ന് വാങ്ങിയ സംവിധാനങ്ങളെ നിശ്ചലമാക്കിയാണ് ആക്രമണം നടത്തിയത്. 

To advertise here,

പാകിസ്താനില്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ കണ്ടെത്താന്‍ ചൈനീസ് സംവിധാനത്തിന് കഴിയാതെ പോയി.  വ്യോമപ്രതിരോധ സംവിധാനത്തിനെ ജാം ചെയ്യുകയും അതിന്റെ മറവില്‍ 23 മിനിറ്റുകള്‍ക്കൊണ്ട് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളില്‍ വ്യോമസേന കനത്ത നാശം വിതയ്ക്കുകയും ചെയ്തു. മേഖലയില്‍ വ്യോമ മേധാവിത്വം ആര്‍ക്കാണെന്ന് ഇന്ത്യ ഇതിലൂടെ വ്യക്തമാക്കി. 

വിദേശ സാങ്കേതിക വിദ്യകളേക്കാള്‍ മികച്ചതാണ് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളെന്ന് ലോകത്തിന് മുന്നില്‍ വെളിപ്പെട്ടു. ഇന്ത്യയിലെ നഗരങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ ചെറുക്കുന്നതിലും തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സഹായകരമായി. അതുകൊണ്ടാണ് പാകിസ്താന്‍ അയച്ച ചൈനീസ് പിഎല്‍-15 മിസൈലുകളും തുര്‍ക്കിയുടെ ഡ്രോണുകളും, റോക്കറ്റ് ആക്രമണങ്ങളും ഇന്ത്യ വിജയകരമായി നിര്‍വീര്യമാക്കിയത്. 

മികച്ചവയെന്ന് കരുതി പാകിസ്താന്‍ ചൈനയില്‍ നിന്ന് വാങ്ങിയ സാങ്കേതിക വിദ്യകളും ആയുധങ്ങളും ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യകളുടെയും ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങളുടെയും മുന്നില്‍ നിഷ്ഫ്രഭമായി തീര്‍ന്നു. 

പാകിസ്താനെതിരെ ഇന്ത്യ ഉപയോഗിച്ചതില്‍ കൂടുതലും ഇന്ത്യ വികസിപ്പിച്ച ആയുധങ്ങളായിരുന്നുവെന്നതും ഇക്കാര്യത്തില്‍ മേധാവിത്വം നല്‍കി. ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു സൈനിക സംഘര്‍ഷം മാത്രമായിരുന്നില്ല. മറിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പരീക്ഷണ വേദികൂടിയായിരുന്നു. യുദ്ധസാഹചര്യങ്ങളില്‍ എത്രത്തോളം ഇന്ത്യന്‍ സാങ്കേതിക വിദ്യ ഫലപ്രദമാണെന്ന് വിലയിരുത്താനായി. മറ്റേത് വിദേശ സംവിധാനങ്ങളോടും കിടപിടിക്കുന്നവയാണ് ഇവയെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുമായി.