ന്യൂഡൽഹി: പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ കടൽമാർഗവും പ്രത്യാക്രമണത്തിനായി തയ്യാറെടുപ്പ് നടത്തിയതിനെക്കുറിച്ച് വിവരിച്ച് സൈന്യം. അറബിക്കടലിൽ നാവികസേനയുടെ വിന്യാസം ശക്തിപ്പെടുത്തിയെന്നും എല്ലാംകൊണ്ടും തങ്ങൾ സജ്ജമായിരുന്നെന്നും നാവികസേന വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ ഈ തയ്യാറെടുപ്പ് മൂലം പാക് നാവികസേന അവരുടെ തുറമുഖത്തിന് സമീപത്തുതന്നെ തുടരാൻ നിർബന്ധിതരായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാലുനാൾ നീണ്ട ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതാദ്യമായി സൈന്യം തങ്ങളുടെ മുന്നൊരുക്കത്തെക്കുറിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിയത്.
'സാധാരണക്കാരായ വിനോദയാത്രികർക്കുനേരെ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെ നാവികസേന പൂർണസജ്ജമായിരുന്നു. നാവികസേന, അന്തർവാഹിനികൾ, വിമാനങ്ങൾ തുടങ്ങിയവയെല്ലാം യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളോടെ സമുദ്രമേഖലയിൽ വിന്യസിച്ചു. ഭീകരാക്രമണം നടന്ന് 96 മണിക്കൂറുകൾക്കുള്ളിൽ അറബിക്കടലിൽ ഒന്നിലധികംതവണ പരിശീലനം നടത്തി. നടപടിക്രമങ്ങൾ പരീക്ഷിക്കുകയും പരിഷ്കരിക്കുകയും ചെയ്തു', വൈസ് അഡ്മിറൽ പറഞ്ഞു.
പാകിസ്താനിലെ കറാച്ചി അടക്കം കടലിലും കരയിലും തിരഞ്ഞെടുത്തപ്രദേശങ്ങളിൽ ആക്രമണം നടത്താനുള്ള ലക്ഷ്യസ്ഥാനം നിശ്ചയിച്ചതായും അദ്ദേഹം വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണം നടന്ന് 96 മണിക്കൂറുകൾക്കുള്ളിൽ തന്നെ തങ്ങൾ എല്ലാം കൊണ്ടും സജ്ജമായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'വടക്കൻ അറബിക്കടലിൽ സേന പ്രതിരോധത്തിന് തയ്യാറെടുത്ത് വിന്യാസം നടത്തി. കറാച്ചി അടക്കം കടലിലും കരയിലും തിരഞ്ഞെടുത്ത പ്രദേശങ്ങളെ ലക്ഷ്യംവെച്ചു. കൃത്യ സമയത്ത് ആക്രമിക്കത്തക്ക രീതിയിൽ പൂർണസന്നദ്ധതയും ശേഷിയും നാവികസേനയ്ക്കുണ്ടായിരുന്നു. ഇന്ത്യൻ നാവികസേനയുടെ മുമ്പോട്ടുള്ള വിന്യാസം പാകിസ്താന്റെ നാവികസേനയേയും വ്യോമ യൂണിറ്റുകളേയും പ്രതിരോധ സ്ഥാനത്തുതന്നെ തുടരാൻ നിർബന്ധിതരാക്കി. അവർക്ക് തുറമുഖങ്ങളിലോ അതിനടുത്ത പ്രദേശങ്ങളിലോ നിലയുറപ്പിക്കേണ്ടിവന്നു. നിരന്തരം ഇക്കാര്യം ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യദിനം മുതൽക്കേ ഞങ്ങളുടെ പ്രതികരണം നിയന്ത്രിതവും ആനുപാതികവും ഉത്തരവാദിത്വപൂർണവുമായിരുന്നു. പാകിസ്താന്റെ പ്രകോപനപരമായ ഏതൊരു നടപടിക്കും തിരിച്ചടിനൽകാൻ ഇന്ത്യൻ നാവികസേന കടലിൽ തയ്യാറായിരുന്നു', അദ്ദേഹം പറഞ്ഞു.
Content Highlights: Indian Navy details its readiness for a retaliatory strike by sea
Published: 11 May 2025, 09:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented