പ്രതീക്ഷിച്ചതുപോലെത്തന്നെ മേയ് ആറുമുതല്‍ പത്തുവരെ നടന്ന ഇന്ത്യാ-പാക് സായുധ സംഘര്‍ഷത്തെക്കുറിച്ചും അതിനു മുമ്പുനടന്ന സംഭവങ്ങളെക്കുറിച്ചും പരിസമാപ്തിയെപ്പറ്റിയും ഇരുരാജ്യങ്ങളും തികച്ചും വ്യത്യസ്തമായ വിവരണങ്ങളാണ് നല്‍കിയിരിക്കുന്നത്. ദേശീയ വികാരവും വസ്തുനിഷ്ഠമായ വിശകലനങ്ങളും നമ്മുടെ ഭാഗമാണ് സത്യമെന്ന് പറയുന്നു.

To advertise here,

ആ ഫോണ്‍വിളിക്കു പിന്നില്‍

'ഗെയിം ഓവര്‍', അന്താരാഷ്ട്ര വ്യോമയുദ്ധ വിദഗ്ധന്‍ ടോം കൂപ്പര്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പലതവണ പറഞ്ഞു. അദ്ദേഹവും മറ്റ് വിദഗ്ധരും ശേഖരിച്ച് വിശകലനം ചെയ്ത വിവരങ്ങളനുസരിച്ച് പാകിസ്താന്‍ ആണവായുധങ്ങള്‍ സൂക്ഷിക്കുന്ന സര്‍ഗോധാ വ്യോമത്താവള സമുച്ചയത്തിലെ ഭൂഗര്‍ഭ ബങ്കറുകളുടെ പ്രവേന കവാടങ്ങള്‍ മേയ് പത്തിന് രാവിലെ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തു. 

എതിരാളിയുടെ തന്ത്രപരമായ പ്രതിരോധ സംവിധാനത്തിനുനേരേയുള്ള ഇത്തരമൊരാക്രമണം വ്യോമമേഖലയില്‍ തങ്ങള്‍ക്ക് പൂര്‍ണാധിപത്യം ഉണ്ടെന്നുള്ള നമ്മുടെ വ്യോമസേനയുടെ ആത്മവിശ്വാസത്തെ എടുത്തുകാട്ടുന്നു. 

പാകിസ്താന്റെ തന്ത്രപ്രധാന കമാന്‍ഡ് സെന്ററിനടുത്തുള്ള ചക്ലാല (റാവല്‍പിണ്ടി) വ്യോമത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തെപ്പറ്റി കൂപ്പര്‍ സൂചിപ്പിച്ചില്ലെങ്കിലും ആര്‍ക്കും ഉള്ളില്‍ കടക്കാനോ ആണവ പോര്‍മുനകള്‍ പുറത്തെത്തിക്കാനോ കഴിയാത്തവിധം പാകിസ്താന്റെ ആണവഭീഷണി നിര്‍വീര്യമായിട്ടുണ്ടെന്ന് അദ്ദേഹം നിസ്സംശയം പറയുന്നു. പാകിസ്താന്‍ സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലിനെ ഇന്ത്യയിലേക്ക് ഹോട്ട്ലൈനില്‍ ബന്ധപ്പെട്ട് വെടിനിര്‍ത്തല്‍ ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ച ഏറ്റവും പ്രധാനഘടകം ഇതാണ്.

ആണവഭീഷണി ഇല്ലാതാക്കാന്‍

പാകിസ്താനില്‍നിന്നുള്ള ആണവഭീഷണി ഇല്ലാതാക്കുന്നതിന് അവരുടെ വ്യോമത്താവളങ്ങളെ നശിപ്പിക്കേണ്ടിയിരുന്നെന്ന് കൂപ്പര്‍ വിശദീകരിക്കുന്നു. മേയ് ഒമ്പതിന് രാത്രിയും പത്തിന് രാവിലെയുമായി  മുകളില്‍ സൂചിപ്പിച്ച രണ്ട് താവളങ്ങള്‍ക്കു പുറമേ ഒട്ടേറെ താവളങ്ങള്‍ ആക്രമിക്കപ്പെട്ടതോടെ ഈ നേട്ടം കൈവരിച്ചു. ഈ നീക്കത്തിനു മുന്നോടിയായി പാകിസ്താന്റെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നശിപ്പിക്കേണ്ടിയിരുന്നു. ലഹോറിലും മറ്റുമുള്ള റഡാര്‍ കേന്ദ്രങ്ങളില്‍ മേയ് ഒമ്പതിന് രാത്രി നടന്ന ആക്രമണങ്ങളിലൂടെ ഇന്ത്യ ഇതും നേടിയെടുത്തു. ഇതിനിടയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും വ്യോമസേനയുടെയും സംയോജിത പ്രതിരോധ ഗ്രിഡ് പാകിസ്താനില്‍നിന്ന് അതിര്‍ത്തികടന്നെത്താന്‍ ശ്രമിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും വ്യൂഹത്തെ തടയുകയും ചെയ്തു. 

ഇന്ത്യന്‍തിരിച്ചടിയുടെ ക്രമം അല്പം മാറ്റിയിരുന്നെങ്കില്‍ മേയ് ഏഴിന് ഉണ്ടായതായി പറയപ്പെടുന്ന നഷ്ടങ്ങള്‍പോലും ഒഴിവാക്കാമായിരുന്നു. പൂര്‍ണഫലം ലഭിക്കാന്‍,  മേയ് ആറ്, ഏഴ് ദിവസങ്ങളിലായി ഇന്ത്യ പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാതാക്കണമായിരുന്നു. ഇത് ശത്രുവിന്റെ വിമാനങ്ങളെ നിലത്ത് തളച്ചിടുകയും നമ്മുടെ പൈലറ്റുമാര്‍ക്ക് കൂടുതല്‍ സുരക്ഷിതമായി ശത്രുവിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കടന്നുചെല്ലാനും അവരുടെ വ്യോമത്താവളങ്ങളെയും ആണവായുധ സംഭരണ ശാലകളെയും മറ്റ് സൗകര്യങ്ങളെയും ആക്രമിക്കാനും ആവസരമുണ്ടാക്കുമായിരുന്നു. ഇതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും ഭീകരകേന്ദ്രങ്ങളെയും നശിപ്പിക്കാമായിരുന്നു.

'തലമുറകളുടെ കെണി'

പാകിസ്താന്റെ സൈനികനേതൃത്വം 'തലമുറകളുടെ കെണി' എന്ന് ഞാന്‍ വിശേഷിപ്പിക്കുന്ന കെണിയില്‍ വീണതായി തോന്നുന്നു. നിര്‍മാണഘട്ടത്തില്‍ത്തന്നെ, താങ്ങാന്‍ കഴിയാത്തത്ര വലിയ ഒരു സൈന്യമാണ് ആ രാഷ്ട്രത്തിനു ലഭിച്ചത്. ജനങ്ങളില്‍നിന്ന് അവര്‍ ഊറ്റിയെടുക്കുന്ന ദേശീയവിഭവങ്ങളുടെ വലിയ വിഹിതത്തെ ന്യായീകരിക്കുന്നതിനായി യൂണിഫോമണിഞ്ഞ ഈ കൊള്ളസംഘം തങ്ങള്‍ ഇന്ത്യന്‍ അടിച്ചമര്‍ത്തലിനെതിരായ കവചമാണെന്ന മിഥ്യാധാരണ വളര്‍ത്തിയെടുത്തു.

ഒരു പാകിസ്താന്‍ പട്ടാളക്കാരന്‍ പത്ത് ഇന്ത്യക്കാര്‍ക്ക് സമമാണെന്നുള്ള അസംബന്ധങ്ങള്‍വരെ ഇതിന്റെ ഭാഗമായി പ്രചരിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ സ്വന്തം മിഥ്യാപ്രചാരണങ്ങളെ ഒന്നും തൊടാതെ വിഴുങ്ങിയ സൈന്യം ദുരന്തങ്ങളില്‍നിന്ന് ദുരന്തങ്ങളിലേക്ക് എടുത്തുചാടി. അവിടെ അധികാരത്തില്‍വന്ന ആദ്യതലമുറ ജനറല്‍മാര്‍ രാജ്യരൂപത്കരണത്തിന് 25 വര്‍ഷങ്ങള്‍ക്കുശേഷം 1971-ലെ പതനം അനുഭവിച്ചു. 25 വര്‍ഷങ്ങള്‍ക്കുശേഷം അടുത്ത തലമുറ കാര്‍ഗിലില്‍ മൂക്കും കുത്തി വീണു. വീണ്ടുമൊരു കാല്‍നൂറ്റാണ്ടിനുശേഷം അടുത്തതലമുറ പഹല്‍ഗാം ക്രൂരതയ്ക്ക് ഉത്തരവിട്ടു.

ഓര്‍മ്മകള്‍ മാഞ്ഞു, പാഠങ്ങള്‍ മറന്നു, ഒരു തോല്‍വികൂടി ഏറ്റുവാങ്ങി. ഇതിനെല്ലാം കാരണമോ, കിഴക്കന്‍ ബംഗാളിലെ വംശഹത്യയില്‍നിന്ന് രക്ഷപ്പെട്ടോടുന്നവരെ സഹായിക്കാനോ അതിന്റെ അതിര്‍ത്തിയില്‍ നടക്കുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരേയോ പൗരന്മാരുടെ കൂട്ടക്കൊല തടയാനോ ഇന്ത്യ ഒന്നും ചെയ്തില്ല എന്നിങ്ങനെ അവരുടെ സൈനിക അക്കാദമികളില്‍ പഠിപ്പിച്ചുവന്ന പാഠങ്ങളും. പാകിസ്താന്‍ സൈന്യം ഇപ്പോഴും നല്‍കുന്ന വിവരണങ്ങള്‍ വീക്ഷിച്ചാല്‍ കെട്ടുകഥകള്‍ സൃഷ്ടിക്കുന്ന പ്രവണതയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് മനസ്സിലാകും. ജനങ്ങള്‍ ഉണര്‍ന്നെണീറ്റ് സൈന്യത്തിന് നല്ലൊരടികൊടുക്കുന്നതുവരെ ഇത് തുടരാനാണ് സാധ്യത.

നമ്മുടെ പക്ഷത്തുനിന്നും പ്രത്യേകിച്ച് രാഷ്ട്രീയക്കാരില്‍നിന്നും ചില കെട്ടുകഥകള്‍ പ്രതീക്ഷിക്കാം. വിഷയം കൃത്യമായി കൈകാര്യം ചെയ്യാനുള്ള പൂര്‍ണ അനുവാദം നമ്മുടെ വ്യോമസേനയ്ക്കുണ്ടായിരുന്നില്ല എന്നത് നടന്ന സംഭവങ്ങളില്‍നിന്ന് വ്യക്തമാണ്. ഭീകരകേന്ദ്രങ്ങളെ ആദ്യം ആക്രമിക്കാനുള്ള തീരുമാനം നമ്മുടെ പൈലറ്റുമാരെ അപകടത്തിലാക്കി. ഭാഗ്യവശാല്‍ ബാലാക്കോട്ടില്‍നിന്ന് പാഠമുള്‍ക്കൊണ്ട സൈന്യം വ്യോമസേനയെ സജ്ജമാക്കി പാകിസ്താന്റെ ദംഷ്ട്രകള്‍ പിഴുതെടുത്തശേഷം ആക്രമണം നടത്തി.

(പാകിസ്താനിലും അഫ്ഗാനിസ്താനിലും പത്ര പ്രവര്‍ത്തകനായിരുന്ന ലേഖകന്‍ മാതൃഭൂമി മുന്‍ പത്രാധിപരാണ്)