ന്യൂഡല്‍ഹി: പാകിസ്താനില്‍ നിര്‍ണായക മുന്നേറ്റം നടത്തി ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ). തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതിന് പിന്നാലെ കലാട്ട് ജില്ലയിലെ മംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണവും പിടിച്ചെടുത്തെന്ന് ബിഎല്‍എ അവകാശപ്പെട്ടു. ബലൂചിസ്ഥാനിൽ ഉടനീളമുള്ള 39 വ്യത്യസ്ത സ്ഥലങ്ങളിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും ബിഎല്‍എ വക്താവ് ജിയാന്‍ഡ് ബലൂച്ച് പറഞ്ഞു.
ബലൂചിസ്ഥാനിലെ ധാതുസമ്പത്ത് അനധികൃതമായി വേര്‍തിരിച്ചെടുക്കാന്‍ പുറത്തുള്ളവരെ സഹായിക്കുന്നുവെന്ന് ആരോപണം നേരിടുന്ന സൈനിക വാഹനവ്യൂഹങ്ങളെ ആക്രമിച്ചുവെന്നാണ് ബിഎല്‍എ പറയുന്നത്. കൂടാതെ പ്രദേശത്തെ വിവിധ പോലീസ് സ്‌റ്റേഷനുകള്‍ ഇവര്‍ പിടിച്ചെടുത്തു. ദേശീയ പാതകള്‍ ഉപരോധിക്കുകയും ചെയ്തു.
ഇന്ത്യ-പാക് സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ ബിഎല്‍എ നടത്തിയിരുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വിമതര്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പാകിസ്താന്റെ പതാക പിഴുതെറിഞ്ഞ് സ്വന്തം പതാക സ്ഥാപിക്കുകയാണ് ഇവര്‍.
ബിഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്താന് വലിയ തോതില്‍ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിന്റെ വാഹനം ബിഎല്‍എ തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം ഏഴു സൈനികരെയാണ് അവര്‍ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്‌ഫോടനത്തില്‍ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ബിഎല്‍എ ക്വറ്റയില്‍ ആധിപത്യം സ്ഥാപിച്ചതായ വാര്‍ത്തയും പുറത്തുവരുന്നത്.
തങ്ങള്‍ക്കെതിരേ ക്രൂരമായ ആക്രമണങ്ങളാണ് പാക് സൈന്യം നാളുകളായി നടത്തുന്നതെന്ന് ഇവർ പറയുന്നു. ബലൂച് പോരാളികളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കുകയോ ക്രൂരമായി ഉപദ്രവിക്കുകയോ വെടിവെച്ച് കൊല്ലുകയോ ആണ് ചെയ്തിരുന്നത്. സ്ത്രീകളെയും ഉപദ്രവിച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ ഈ വിഷയത്തിന് വലിയ പ്രാമുഖ്യം കിട്ടുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.
Content Highlights: BLA launches attacks at 39 sites across Balochistan
Published: 10 May 2025, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented