ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായാണ് കോണ്‍ഗ്രസ്സിലെ ജന പ്രിയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മടക്കം. ആരോഗ്യകാരണങ്ങളാല്‍ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഉമ്മന്‍ചാണ്ടി ആശ്യപ്പെട്ടിരുന്നുവെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം എടുത്തിരുന്നില്ല. ആന്ധ്രയുടെ ചുമതല വഹിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്കൊരാഗ്രഗ്രമുണ്ടായിരുന്നു. രാജ്യത്തെ ആദ്യ ദളിത് എ.ഐ.സി.സി. അധ്യക്ഷനായ ദാമോദരം സഞ്ജീവയ്യയുടെ നേട്ടം എ.ഐ.സി.സി. പട്ടികയില്‍ രേഖപ്പെടുത്തണമെന്നത്. സാങ്കേതിക കാരണങ്ങള്‍ എ.ഐ.സി.സി. അധ്യക്ഷന്മാരുടെ പട്ടികയില്‍ ഇപ്പോഴുമില്ലാത്ത ആ ചരിത്ര നാമം അംഗീകരിക്കാന്‍ സോണിയ ഗാന്ധിക്ക് ഉമ്മന്‍ ചാണ്ടി നിവേദനവും നല്‍കി. എന്നാല്‍ ആ ആഗ്രഹം നടന്നില്ല.
1960-ല്‍ മുപ്പത്തൊമ്പതാം വയസ്സില്‍ ആന്ധ്രപ്രദേശിലെയും രാജ്യത്തെയും ആദ്യ ദളിത് മുഖ്യമന്ത്രിയായി ചുമതലയേറ്റ ഡി. സഞ്ജീവയ്യ 1962-ലെ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ സംസ്ഥാനത്ത് അധികാരത്തിലേക്ക് നയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം സഞ്ജീവയ്യയെ വീണ്ടും മുഖ്യമന്ത്രിയാക്കിയില്ല. എ.ഐ.സി.സി. അധ്യക്ഷനായ നീലം സഞ്ജീവ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കി, പകരം സഞ്ജീവയ്യയെ എ.ഐ.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചു. ഏറെക്കാലം അദ്ദേഹം തുടര്‍ന്നില്ല. കോണ്‍ഗ്രസ് പ്ലീനറി ചേര്‍ന്ന് ഇതംഗീകരിച്ചുമില്ല. അതുകാരണം, ആദ്യ ദളിത് എ.ഐ.സി.സി. അധ്യക്ഷന്റെ പേര് ഇപ്പോഴും എ.ഐ.സി.സി. അധ്യക്ഷന്മാരുടെ പട്ടികയില്‍ ഇല്ലെന്ന് അവസാനം ഡല്‍ഹിയിലെത്തിയ സമയം ഉമ്മന്‍ ചാണ്ടി ഈ ലേഖകനോട് പറഞ്ഞിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് വൃത്തങ്ങളും സ്ഥിരീകരിച്ചു. ആന്ധ്രയില്‍ ചുമതലയിലിരിക്കെ, സഞ്ജീവയ്യയുടെ വസതി സന്ദര്‍ശിച്ച ഉമ്മന്‍ചാണ്ടി, സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ദുഃഖം അടുപ്പക്കാരുമായി പങ്കുവെച്ചിരുന്നു. ആദ്യ ദളിത് അധ്യക്ഷന്റെ പേര് എ.ഐ.സി.സി. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി മുന്‍കൈയ്യെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പിന്നാലെയാണ് ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് നിവേദനം നല്‍കിയത്.
1972 മേയ് ഏഴിന് അമ്പതാം വയസ്സിലായിരുന്നു സഞ്ജീവയ്യയുടെ മരണം. ന്യൂയോര്‍ക്ക് ടൈംസ് ഇത് റിപ്പോര്‍ട്ട് ചെയ്തത്, ഇന്ത്യയുടെ ഭരണകക്ഷിയുടെ അധ്യക്ഷനായ സഞ്ജീവയ്യ അമ്പതാം വയസ്സില്‍ അന്തരിച്ചു എന്നാണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ മരിച്ച സഞ്ജീവയ്യ, കടുത്ത ജാതീയ ഉച്ച നീചത്വം നേരിടുന്ന കാലത്ത് സ്വപ്രയത്‌നത്താല്‍ പഠിച്ചാണ് ഉന്നതിയിലെത്തിയത്. സംസ്ഥാനത്ത് ആദ്യമായി പ്രായമായവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. മുഖ്യമന്ത്രിയായ സഞ്ജീവയ്യ കുര്‍ണൂലിലെ വീട്ടില്‍ അമ്മയെ കണ്ട് മടങ്ങുമ്പോള്‍ അവര്‍ക്ക് 100 രൂപ നല്‍കി. അയല്‍പക്കത്തൊക്കെയുള്ള മറ്റ് പ്രായമായവര്‍ക്ക് ആരു പണം നല്‍കും എന്ന അമ്മയുടെ ചോദ്യമാണ് സഞ്ജീവയ്യയെ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചത്. പാവപ്പെട്ടവര്‍ക്കായി പ്രയത്‌നിച്ച ആ നേതാവിനോടുള്ള ബഹുമാനസൂചകമായായിരുന്നു പാവപ്പെട്ടവരുടെ അത്താണിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിവേദനം.
Content Highlights: sanjeevayya-oommen chandy
Published: 20 Jul 2023, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented