കോട്ടയം: ‘തന്റെ ഭക്തരുടെ മരണം യഹോവയ്ക്ക് വിലപ്പെട്ടതാകുന്നു’, ബൈബിളിൽ മരണത്തെ വിശേഷിപ്പിക്കുന്നതിങ്ങനെ. തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളി, വ്യാഴാഴ്ച ഒരാൾക്ക് അന്തിമോപചാരം നൽകി. 79 വർഷംമുമ്പ് കരോട്ട് വള്ളക്കാലിൽ ജനിച്ച ഉമ്മൻചാണ്ടിയെന്ന കുഞ്ഞൂഞ്ഞിന്. തിരക്കുകളില്ലാത്ത അന്ത്യവിശ്രമം. 
മേടത്തിലെ വലിയപെരുന്നാളിന് പള്ളിവാതിലുകൾ സകലർക്കുമായി തുറന്നിടുന്നപോലെ കഴിഞ്ഞ രണ്ടുദിവസമായി പുതുപ്പള്ളി കാത്തിരിപ്പിലായിരുന്നു. തങ്ങളുടെ പ്രിയപുത്രന് അന്ത്യവിശ്രമം ഒരുക്കാൻ.
ഓർത്തഡോക്സ് സഭയുടെ വിശ്വാസമനുസരിച്ച് നാലുഭാഗങ്ങളായാണ് ശവസംസ്കാരശുശ്രൂഷ. ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഉമ്മൻചാണ്ടിയുടെ വസതിയിൽവെച്ച് ആദ്യഭാഗങ്ങൾ പൂർത്തിയാക്കി. മൂന്നാം ഭാഗം ജനിച്ചുവളർന്ന പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടിൽവെച്ച്  ഓർത്തഡോക്സ് സഭയിലെ 14 ബിഷപ്പുമാരും 200-ഓളം വൈദികരും ഭവനത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വംനൽകി. 
 പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലേക്ക് രാത്രി എട്ടരയോടെ ചേതനയറ്റ ശരീരം എത്തിച്ചു. സന്ധ്യാനമസ്കാരത്തിനുശേഷമാണ് പള്ളിയിലെ ചടങ്ങുകൾ തുടങ്ങിയത്. ഓർത്തഡോക്സ്‌ സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് സന്ധ്യാനമസ്കാരത്തിന് നേതൃത്വം നൽകി.
തുടർന്ന് ശവസംസ്കാരച്ചടങ്ങുകൾ. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിൽ സഭയിലെ 22 മെത്രാപ്പൊലീത്തമാരും 1000 വൈദികരും സഹകാർമികരായി.

ആരംഭ പ്രാർഥനയ്ക്കുശേഷം 

ഏവൻഗേലിയോൻ വായന. ‘ഹേ മരണമേ നിന്റെ ജയമെവിടെ... ഹേ മരണമേ നിന്റെ വിഷമുള്ള് എവിടെ’യെന്ന് വേദ പുസ്തകത്തിലെ വാക്യങ്ങൾ മുഴങ്ങിയപ്പോൾ പള്ളിയിൽ കണ്ണീർവീണു. തുടർന്ന് നിത്യമേൽ പ്രാർഥന, അതിനുശേഷം മകൻ ചാണ്ടി ഉമ്മൻ മുഖംമൂടി. ഇനി മക്കളിലൂടെ, വരുംതലമുറകളിലൂടെ മരണപ്പെട്ട മനുഷ്യൻ ഓർക്കപ്പെടും എന്ന വിശ്വാസത്തിലാണ് മുഖം മൂടുന്നത്. 
തുടർന്ന് മുഖംമറച്ച ആ ശരീരത്തിൽ ബാവ തിരുമേനി അഭിഷേകതൈലം ഒഴിച്ചു. കാൽപ്പാദംമുതൽ തലവരെ പ്രത്യാശയുടെ തൈലം പൂശി. 
തുടർന്ന് ഭാര്യയും മക്കളും മറ്റു ബന്ധുക്കളും ചേർന്ന് ഭൗതികശരീരത്തിൽ മണ്ണിട്ടു;  ‘മനുഷ്യ നീ മണ്ണാകുന്നു... നീ മണ്ണിലേക്ക് മടങ്ങുമെന്ന ബൈബിൾ വാക്യത്തെ അനുസ്മരിച്ച്. തുടർന്ന് ശവപ്പെട്ടിയുടെ മൂടികൾ ഭദ്രമായി അടച്ച്, ഇനിയൊരു മടക്കമില്ലാതെ പള്ളിയുടെ കിഴക്കുഭാഗത്ത് തയ്യാറാക്കിയ കല്ലറയിലേക്ക്. ഉമ്മൻചാണ്ടിയെന്ന യുഗം ഇവിടെ തീരുന്നു. അദ്ദേഹം ബാക്കിവെച്ച നന്മകൾ പ്രത്യാശയാകുന്നു.

To advertise here,