കോട്ടയം: കണ്ടതിനും അറിഞ്ഞതിനുമെല്ലാം അപ്പുറത്താണ് ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യന് കേരളീയരുടെ മനസ്സിനകത്തുള്ള സ്ഥാനം. ജഗതിയില്‍നിന്നാരംഭിച്ച് പുതുപ്പള്ളിയിലെത്തുന്ന വിലാപയാത്രയിലെ ഓരോ ഘട്ടത്തിലും അത് കൂടുതല്‍ക്കൂടുതല്‍ തെളിയിച്ചു. ഇത്രമേല്‍ ഗാഢമായി ജനമനസ്സുകളില്‍ കയറിക്കൂടിയ ഒരു നേതാവ് കേരള ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടില്ല എന്നു സംശയമാണ്‌.

To advertise here,

വിലാപ യാത്രയിലുടനീളം ഒരുപാട് വൈകാരിക നിമിഷങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്. ഉമ്മന്‍ ചാണ്ടിയെ സ്‌നേഹിക്കുന്നവര്‍ക്കോ, ആ സ്‌നേഹസ്പര്‍ശം കരുത്തായവര്‍ക്കോ ഒരിറ്റ് കണ്ണീരിന്റെ പിന്‍ബലമില്ലാതെ കണ്ടുതീര്‍ക്കാനാവില്ല ഭൗതിക ശരീരം വഹിച്ചുള്ള ആ യാത്ര. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നല്‍കിയ വീഡിയോ അത്തരത്തിലൊന്നാണ്. 

ചങ്ങനാശ്ശേരി പെരുന്ന പിന്നിട്ട വിലാപയാത്രയിലെ ഹൃദയസ്പര്‍ശിയായ ഒരു കാഴ്ചയാണ് വീഡിയോയിലുള്ളത്. മകന്റെ കൈപ്പിടിച്ച് ഒരച്ഛന്‍ വാഹനത്തിന്റെ പിന്നാലെ കരഞ്ഞോടുന്ന ദൃശ്യം. ഒരു നോക്കു കാണാനായി വാതിലൊന്നു തുറക്കാമോ എന്ന് ബസ്സിലേക്ക് നോക്കി വിരല്‍ ചൂണ്ടി ആ മനുഷ്യന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. വാഹനം പക്ഷേ, പിന്നെയും മുന്നോട്ടുനീങ്ങി. ആ മനുഷ്യനും വിടാന്‍ തയ്യാറായിരുന്നില്ല. 

പിന്നെയും പിന്നെയും വാഹനത്തിനൊപ്പം ഓടിയോടി ആവശ്യം അറിയിച്ചതോടെ, ഉമ്മന്‍ചാണ്ടിയോട് അയാളുടെ ഉള്ളിലുറഞ്ഞ സ്‌നേഹം വാഹനത്തിലുള്ളവര്‍ക്ക് കാണാതിരിക്കാനായില്ല. ചാണ്ടി ഉമ്മന്‍ വാതില്‍ തുറന്നുനല്‍കി അയാള്‍ക്കും മകനും കുഞ്ഞൂഞ്ഞിനെ അവസാനമായി കാണാനുള്ള അവസരം നല്‍കി. ഭൗതിക ശരീരം കണ്ട് കണ്ണീരോടെ കൈകൂപ്പി പ്രണാമമര്‍പ്പിച്ച്, ചാണ്ടി ഉമ്മനെയും കെട്ടിപ്പിടിച്ചാണ് അദ്ദേഹം ബസ്സുവിട്ടുപോയത്.