
കോട്ടയം: അമ്പത്തിമൂന്ന് വർഷം തന്നെ ഹൃദയത്തിൽ സൂക്ഷിച്ച പുതുപ്പള്ളിയുടെ മടിത്തട്ടിലേക്ക് ഉമ്മൻ ചാണ്ടി തിരികെ എത്തി. ആവശ്യങ്ങളൊന്നും നിവർത്തിക്കാനല്ലാതെ, പരാതികളൊന്നും ബോധിപ്പിക്കാനല്ലാതെ ആ ജനത അദ്ദേഹത്തെ പൊതിഞ്ഞു- വിതുമ്പലടക്കി വിടപറയാൻ മാത്രം. പ്രതീക്ഷിച്ചതിനേക്കാൾ മണിക്കൂറുകൾ വൈകി രാത്രി ഒമ്പതു മണിയോടെ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി പള്ളിയിലെത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്തുകയാണ്.
ജനസാഗരത്തിന്റെ അന്തിമോപചാരമേറ്റുവാങ്ങി ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയില്‍നിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജനത്തിരക്ക് കാരണം മുന്‍നിശ്ചയിച്ചതില്‍നിന്ന് മണിക്കൂറുകളോളം വൈകി അഞ്ചരയോടെയാണ് പുതുപ്പള്ളിയിലെത്തിയത്. തറവാട്ട് വീട്ടിൽ പൊതുദർശനത്തിനു ശേഷം ഭൗതിക ശരീരം പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിലേക്ക് എത്തിച്ചു.
എട്ടുമണിക്കു ശേഷമാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലേക്ക് പുറപ്പെട്ടത്. ഒമ്പത് മണിയോടെ പള്ളിയിൽ സംസ്കാരശുശ്രൂഷ ആരംഭിച്ചു. പ്രത്യേകമായി തയ്യാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം. പള്ളിക്കുള്ളില്‍ ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിക്കും. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്മാരും സഹകാര്‍മികരാകും. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം നേരത്തെ അറിയിച്ചതിനാല്‍ ഇതുപ്രകാരം ഔദ്യോഗിക ബഹുമതിയില്ലാതെയാണ് സംസ്കാരം നടക്കുക.
രാവിലെ 11 മണിയോടെയാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന് തുടങ്ങിയ സിനിമാ താരങ്ങളും വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളും തിരുനക്കരയിലെത്തി ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിച്ചിരുന്നു. ഊണും ഉറക്കവുമറിയാതെ, വിശ്രമമില്ലാതെ ജനങ്ങളാല്‍ ചുറ്റപ്പെട്ട്, ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിക്ക് വിടനല്കാന് എം.സി റോഡിന് ഇരുവശവും ജനസാഗരം മണിക്കൂറുകളോളം വിശ്രമമറിയാതെ കാത്തുനിന്നു.
തിരുവനന്തപുരത്തുനിന്ന് 12 മണിക്കൂര്‍ കൊണ്ട് തിരുനക്കര എത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര എത്തിച്ചേര്‍ന്നത് 28 മണിക്കൂറോളം സമയമെടുത്താണ്. കണ്ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് അണികള്‍ വഴിനീളെ പ്രിയ നേതാവിനെ യാത്രയാക്കിയത്. ഉമ്മന്‍ ചാണ്ടി ആരായിരുന്നു എന്നതിന് ജനങ്ങള്‍ നല്കിയ ബഹുമതിയായിരുന്നു വൈകാരികമായ ഈ യാത്രയയപ്പ്.
Content Highlights: oommen chandy funeral
Published: 20 Jul 2023, 03:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented