കോട്ടയം: തിരുനക്കര മൈതാനിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരത്തിനു മുന്നില്‍ അന്തിമോപചാരമര്‍പ്പിച്ച് ജനസാഗരം. സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി എം.പി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവർ അടക്കമുള്ള പ്രമുഖർ തിരുനക്കരയിലെത്തി. സന്ദര്‍ശകരുടെ തിരക്കുകാരണം തിരുനക്കരയില്‍നിന്ന് പുതുപ്പള്ളിയിലേക്കുള്ള യാത്ര മണിക്കൂറുകളോളം വൈകി. ഉച്ചയ്ക്ക് രണ്ടരയോടെ തിരുനക്കരയില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര
വൈകീട്ട് 4.30ഓടെ പുതുപ്പള്ളിയിലെ തറവാട് വീട്ടിലെത്തും. 

To advertise here,

തനിച്ചുള്ള ആ യാത്രയില്‍ സ്‌നേഹക്കടലായി ഒഴുകിയ ജനം പ്രിയനേതാവിന് വിടനല്‍കുകയാണ്. കോട്ടയത്തിന്റെ മണ്ണില്‍ തിരുനക്കരയില്‍ വിലാപയാത്ര എത്തിയപ്പോള്‍ സമയം രാവിലെ  11 മണി പിന്നിട്ടിരുന്നു. മഴ ഇടയ്ക്ക് വന്നും പോയുമിരുന്നു. കുടചൂടിയും ചൂടാതെയും ഉമ്മന്‍ ചാണ്ടി നല്‍കിയ കരുതലിനെ ഓര്‍ത്ത് അവസാനമായി ഒരുനോക്ക് കണ്ട് യാത്രയാക്കാന്‍ എം.സി റോഡിന് ഇരുവശവും ജനസാഗരം കാത്തുനിന്നത് മണിക്കൂറുകള്‍. ഊണും ഉറക്കവുമറിയാതെ, വിശ്രമമില്ലാതെ, ജനങ്ങളാല്‍ ചുറ്റപ്പെട്ട്, ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിക്ക് വിടനല്‍കാന്‍ അദ്ദേഹത്തിന്റെ പ്രിയജനവും വിശ്രമമറിയാതെ കാത്തുനിന്നു.

12 മണിക്കൂര്‍ കൊണ്ട് ചരിത്രമുറങ്ങുന്ന കോട്ടയം തിരുനക്കരയുടെ മണ്ണിലെത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര എത്തിച്ചേര്‍ന്നത് 28 മണിക്കൂറോളം സമയമെടുത്താണ്‌. ഉമ്മന്‍ ചാണ്ടി ആരായിരുന്നു എന്നതിന് ജനങ്ങള്‍ നല്‍കിയ ബഹുമതിയായിരുന്നു വൈകാരികമായ ഈ യാത്രയയപ്പ്‌.

നിര്‍ണായക രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്ക് വേദിയായിട്ടുള്ള കോട്ടയം തിരുനക്കര മൈതാനം വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകള്‍ മുന്നെ ജനനിബിഡമായിരുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കളും ചലച്ചിത്ര താരങ്ങളും സമുദായനേതാക്കളും അടക്കം വന്‍ജനാവലിയാണ് തിരുനക്കരയിലുള്ളത്.