കോട്ടയം: ‘‘സോളാർക്കേസിലെ വിധിവന്നപ്പോൾ എല്ലാം പൂർണമായി തെറ്റാണെന്ന് തെളിഞ്ഞുവന്നതിന്റെ സന്തോഷമായിരുന്നു അപ്പയ്ക്ക്. ഇങ്ങനെയൊക്കെ വന്നതിൽ സങ്കടമുള്ളതായി ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ, ഉള്ളിൽ വിഷമമുണ്ടായിരുന്നിരിക്കണം’’ -മറിയം പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര വാമനപുരത്ത് എത്തുമ്പോൾ ജനങ്ങളുടെ സ്നേഹത്തോടെയുള്ള കാത്തിരിപ്പുകണ്ട് വിങ്ങിപ്പൊട്ടുകയായിരുന്നു മറിയം.
‘‘എപ്പോൾ പുറത്തുപോയാലും അപ്പയ്ക്ക് ടെൻഷനായിരുന്നു. ‘എവിടായി, എവിടായി’ എന്ന് വിളിച്ചുചോദിക്കും. തുടരെ വിളിക്കുമ്പോൾ ചിലപ്പോൾ ദേഷ്യം വരും. അപ്പോൾ അപ്പയോട് പറയും ‘അപ്പ ഞാനിത്ര പ്രായമുള്ള ആളല്ലേ. ഞാൻ അങ്ങ് വരുമെന്ന്...’ ഇനി അങ്ങനെ വിളിക്കാൻ അപ്പയില്ലെന്ന് ഓർക്കുമ്പോൾ’’ -വാക്കുകൾ മുഴുവനാകാതെ മറിയം വിങ്ങി.
എറണാകുളം രാജഗിരി, ജർമനി, ബെംഗളൂരു എന്നിവിടങ്ങളിലായി കഴിഞ്ഞ എട്ടുമാസമായുള്ള ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് ഒപ്പമുണ്ടായിരുന്നത് മകൾ മറിയമായിരുന്നു. ഒരിക്കലും ഏകാന്തത ഇഷ്ടമില്ലാത്തയാൾക്ക് ആശുപത്രിവാസത്തോട് തീരെ സഹിക്കാനായിരുന്നില്ല. ‘നമുക്ക് പോകാം, പോകാം’ എന്നുപറയും.
‘‘മൂന്നാലുമാസമായി സംസാരിക്കാൻ കഴിയാതെയായിട്ട്. അപ്പോഴും പേപ്പറിൽ കാര്യങ്ങൾ എഴുതിക്കാണിക്കും. ചികിത്സയുടെ ആദ്യവേളയിൽ ശരീരഭാരം തീരെ കുറഞ്ഞു. 38 കിലോയായി. പിന്നീട് ഭാരം 53 ആയി. ശരീരത്തിന്റെ നീരുമാറിയപ്പോൾ 48 കിലോയായി.
ആ ഭാരത്തിന് മരിക്കുംവരെ മാറ്റമില്ലായിരുന്നു. അതുകൊണ്ട് അപ്പ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു.
കഴിഞ്ഞദിവസം വെളുപ്പിന് ഹൃദയമിടിപ്പിൽ നേരിയ വ്യത്യാസം വന്നു. അതാണ് കുഴപ്പത്തിലായത്. അപ്പോൾ ഞാനും ചാണ്ടിയും അച്ചുവും അടുത്തുണ്ട്. ഞാൻ അപ്പയുടെ ചെവിയിൽ മെല്ലെ പറഞ്ഞു ‘അപ്പാ പോകല്ലേ അപ്പാ...പോകല്ലേ’. അപ്പ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു അത്.
ബെംഗളൂരുവിലായിരുന്ന കഴിഞ്ഞ ഡിസംബറിൽ ക്രിസ്മസിന് അപ്പ ഒരാഗ്രഹം പറഞ്ഞു. മക്കളും കൊച്ചുമക്കളും ഒപ്പംവേണം. അന്ന് അപ്പയ്ക്ക് അതിയായ സന്തോഷമായിരുന്നു. അപ്പോഴൊക്കെ ആൾക്കൂട്ടത്തിൽ ആകുന്ന സന്തോഷമായിരുന്നു മുഖത്ത്.
അതുകൊണ്ട് രാത്രികളിൽപോലും അദ്ദേഹത്തെ ഒറ്റയ്ക്കാക്കിയില്ല. ഞാനോ അമ്മയോ കൂടെ കാണും. ഉറങ്ങാതെ മുകളിലേക്കുനോക്കി അപ്പ കിടക്കുമ്പോൾ ഞാൻ മെല്ലെ തലയിൽ തടവും. അങ്ങനെ തടവുന്നതിനിടയിൽ അപ്പ ഉറങ്ങും. ഒത്തിരി സമാധാനത്തോടെ... ഞാൻപോലും അറിയാതെ’’.
Content Highlights: oommen chandy daughter mariyam oommen
Published: 20 Jul 2023, 09:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented