കുഞ്ഞേ...എന്ന ഒറ്റ വിളിയില്‍ തെളിയുന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടേയും ഭാര്യ മറിയാമ്മയുടേയും ആത്മബന്ധം. അങ്ങനെയല്ലാതെ വിളിച്ചിട്ടില്ല മറിയാമ്മ. ഏതാള്‍ക്കൂട്ടത്തിലും എത്ര തിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുന്ന സ്‌നേഹസാമിപ്യത്തിന് അങ്ങനെയല്ലാതെ മറ്റൊരു പേര് ചേരില്ലെന്നവര്‍ക്ക് തോന്നിയിരിക്കണം.47 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതയാത്ര അവസാനിപ്പിച്ച് ഉമ്മന്‍ചാണ്ടി മടങ്ങുമ്പോള്‍ ആ വിയോഗം നല്‍കുന്ന വേദനയില്‍നിന്ന് മറിയാമ്മ കര കയറണേ എന്ന പ്രാര്‍ഥന മാത്രമാകും ചുറ്റുമുള്ളവര്‍ക്ക്.
മന്ത്രിയുടെ ഭാര്യയായാണ് മറിയാമ്മ കുടുംബജീവിതം തുടങ്ങുന്നത്. പൊതുപ്രവർത്തനത്തിന്റെ തിരക്കുകളറിഞ്ഞും അനുഭവിച്ചുമുള്ള ജീവിത യാത്രയിൽ ഉമ്മൻചാണ്ടിക്ക് താങ്ങായി മറിയാമ്മ എന്നും കൂടെനിന്നു. രാഷ്ട്രീയത്തിരക്കുകളിൽ ഉമ്മൻചാണ്ടി സജീവമായ കാലമത്രയും മറിയാമ്മ കുടുംബത്തിന്റെ നെടുംതൂണായി. കുടുംബഭാരം ചുമലിലേൽപിക്കാതെ എല്ലാം ഓടി നടന്നു ചെയ്ത് ഉമ്മൻചാണ്ടിയുടെ പ്രിയപ്പെട്ട ബാവയായി. അങ്ങനെയായിരുന്നു മറിയാമ്മയെ ഉമ്മൻചാണ്ടി വിളിച്ചിരുന്നത്. തിരക്കുകൾ ആദ്യ കാലത്ത് മറിയാമ്മയെ വേദനിപ്പിച്ചുവെങ്കിലും പതിയെപ്പതിയെ ആ മനസ്സിനൊപ്പം നീങ്ങാന്‍ പഠിച്ചു. ദേഷ്യം, ഇഷ്ടക്കേട് ഇതൊന്നുമില്ലാത്തയാളില്‍നിന്ന് പറയാതെ ഇതൊക്കെ വായിച്ചെടുത്ത് പെരുമാറി. കണ്ണില്‍ നോക്കിയാല്‍ ആ മനസ്സറിയാന്‍ പറ്റുമെന്ന് കുഞ്ഞിന്റെ ബാവ അറിഞ്ഞു. പുരുഷാരത്തെ ആത്മനിര്‍വൃതിയോടെ ചേര്‍ത്തുപിടിക്കുന്ന മനുഷ്യന്റെ നല്ലപാതിയായി.
പുതുപ്പള്ളിയില്‍ നിന്ന് രണ്ടാം വട്ടം ജനവിധി തേടുന്നതിനിടയ്ക്കായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിവാഹമുറപ്പിക്കല്‍. വിവാഹമുറപ്പിച്ച ശേഷം ഒരിക്കൽ
മറിയാമ്മയെ തേടി പ്രതിശ്രുതവരന്റെ കത്തെത്തി. 'തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്, പ്രാര്‍ത്ഥിക്കുമല്ലോ'-എന്നായിരുന്നത്രേ ആ 'പ്രേമലേഖനത്തിൽ ആകെയുണ്ടായിരുന്നത്'!
ജീവിതത്തിലുടനീളം നിറഞ്ഞ ലാളിത്യം വിവാഹത്തിലും ഉമ്മന്‍ചാണ്ടി കാണിച്ചു. ക്ഷണക്കത്തോ വിരുന്നോ നേതാക്കളുടെ സാന്നിധ്യമോ ഇല്ലാതെയായിരുന്നു ബാങ്കുദ്യോഗസ്ഥയായ മറിയാമ്മയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. ഭക്ഷണം കഴിക്കാതെയും ഷേവ് ചെയ്യാതെയും എവിടെയും ഓടിയലഞ്ഞു നടന്നിരുന്ന ഉമ്മന്‍ചാണ്ടി മുഷിയാത്ത വേഷം ധരിച്ചുതുടങ്ങിയത് വിവാഹാനന്തരമാണെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് തന്റെ പുസ്തകമായ കാല്‍നൂറ്റാണ്ടില്‍ പറഞ്ഞത്.
ആദ്യമൊക്കെ തിരക്കില്‍ നിന്ന് തിരക്കിലേക്കൊഴുകുന്ന പുഴയ്‌ക്കൊപ്പം നീന്താന്‍ മറിയാമ്മ പാടുപെട്ടു. വര്‍ഷത്തില്‍ ഒരാഴ്ച എനിക്ക് തരാമോയെന്ന് ചോദിച്ച ചെറുപ്പത്തില്‍നിന്ന് പക്വതയും പാകതയും വന്ന കുടുംബിനിയായി പിന്നീടവര്‍. ജനങ്ങള്‍ അദ്ദേഹത്തിന് ലഹരിയും ഊര്‍ജവുമാണെന്ന് തിരിച്ചറിഞ്ഞ് കൂടെനിന്നു.
ഇതുപോലൊരു മനുഷ്യന്‍ അല്ലെങ്കില്‍ പൊതുപ്രവര്‍ത്തകന്‍ ലോകത്തുണ്ടാകുമോയെന്ന് പലപ്പോഴും മറിയാമ്മ സംശയിച്ചു.

വിവാഹശേഷം ഉമ്മന്‍ചാണ്ടി ഭാര്യയ്ക്ക് നല്‍കിയത് രണ്ട് ഉപദേശങ്ങളായിരുന്നു. വീടുകളില്‍ ചെരുപ്പിട്ട് കയറരുത്, പിന്നെ സന്ദര്‍ശിക്കുന്ന വീടുകളുടെ സ്വീകരണമുറിയില്‍ ഇരിക്കരുത്, അകത്തോട്ട് കയറിച്ചെല്ലണം. പൊതുപ്രവര്‍ത്തകന്റെ ഇമേജ് ഭാര്യയുടെ കൈയിലാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അതുപോലെ പാലിക്കാൻ മറിയാമ്മ എന്നും ശ്രദ്ധിച്ചു. ആരോഗ്യപ്രശ്‌നം, തിരക്ക്, ദേഷ്യം, വിഷമം തുടങ്ങിയവയൊന്നും പ്രകടിപ്പിക്കാതെ ഉമ്മൻചാണ്ടിക്കൊപ്പം മറിയാമ്മയും പുതുപ്പള്ളിയിലെ വസതിയിൽ നിറഞ്ഞുനിന്നു. ആ തിരക്കിനാണ് ഇനി വിരാമമാകുന്നത്. ഉമ്മൻചാണ്ടിയില്ലാത്ത, രാഷ്ട്രീയ തിരക്കുകളില്ലാത്ത കാലമാണിനി മറിയാമ്മയ്ക്ക്.
'90-കള്‍ കഴിഞ്ഞപ്പോള്‍ രാഷ്ട്രീയം മാറിമറിഞ്ഞു. പ്രശ്‌നങ്ങള്‍ തുടങ്ങി. സ്ഥാനങ്ങള്‍ മാറി. അവിടുന്നിങ്ങോട്ട് വേട്ടയാടല്‍ തുടര്‍ന്നു. സത്യത്തിന് നിരക്കാത്ത, സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ആരോപണങ്ങള്‍. തീയില്‍ക്കൂടി കടന്നുപോകുന്നതുപോലെയായി. മനസ്സുരുകിയ ദിവസങ്ങള്‍. കണ്ണീര്‍ വാര്‍ത്ത് പ്രാര്‍ഥനയില്‍ അഭയം തേടി. അദ്ദേഹത്തിന്റെ മനസ്സിന് ശക്തിപകരണേയെന്നായിരുന്നു മനസ്സില്‍. 'സത്യം നിങ്ങളെ സ്വതന്ത്രമാക്കുമെന്ന' ബൈബിള്‍ വചനത്തില്‍ വിശ്വസിച്ചു. ആരോപണങ്ങളുണ്ടായപ്പോള്‍ രാജിവെച്ചിരുന്നെങ്കില്‍ തോറ്റുപോകുമായിരുന്നു അദ്ദേഹം. ആ പ്രതിസന്ധിയിലേക്കും കുടുംബത്തെ വലിച്ചിഴച്ചിട്ടില്ല. ഞങ്ങളുമായി ഒരു കാര്യവും ചര്‍ച്ച ചെയ്തിട്ടില്ല.' - പ്രതിസന്ധികാലത്തെക്കുറിച്ച് മറിയാമ്മ ഉമ്മന്റെ വാക്കുകല്‍ ഇങ്ങനെയായിരുന്നു

പദവികളൊക്കെ അദ്ദേഹത്തെ തേടിയെത്തിയതാണ്. ഭാര്യയെന്ന നിലയില്‍ അങ്ങനെയൊന്നും ആഗ്രഹിച്ചിട്ടില്ല. ഒന്നും വെട്ടിപ്പിടിച്ചുമില്ല. സ്ഥാനങ്ങളുടെ വലുപ്പച്ചെറുപ്പത്തെക്കുറിച്ച് ആലോചിച്ചിട്ടുമില്ല. അനുഭവങ്ങള്‍ ഒരുപാട് പഠിപ്പിച്ചു. മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ കണ്ണിലുണ്ടാകുന്ന തിളക്കം. അതായിരുന്നു അദ്ദേഹത്തിന് വലുത്.-മറിയാമ്മ ഒരിക്കല്‍ പറഞ്ഞു
ഭര്‍ത്താവിന്റെയോ അച്ഛന്റെയോ അധികാരങ്ങള്‍ അടിച്ചേല്‍പ്പിക്കാത്ത തമാശക്കാരനായ കുടുംബനാഥനായിരുന്നു അദ്ദേഹം. ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി ഇഷ്ടങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ഒപ്പംനിന്നു. മക്കള്‍ രാഷ്ട്രീയം കളിക്കാന്‍ മുതിര്‍ന്നില്ല. മകന് രാഷ്ട്രീയതന്ത്രം ഉപദേശിച്ചില്ല. ചാണ്ടി ഉമ്മന്‍ പിതാവിനെ കണ്ടുപഠിച്ചിട്ടുണ്ടെങ്കിലേയുള്ളൂ. അതില്‍ ചെറിയ വിഷമമുണ്ടെന്ന് തുറന്നുപറയാനും മറിയാമ്മ മടിച്ചില്ല. മക്കളേയും കൊച്ചുമക്കളെയും സ്‌നേഹം കൊണ്ട് പൊതിഞ്ഞപ്പോഴും അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സമയമുണ്ടായിരുന്നില്ല. 2019 നവംബറില്‍ ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തിലായതുമുതലാണ് ഉമ്മന്‍ചാണ്ടി വീട്ടിലുണ്ടാകാന്‍ തുടങ്ങിയത്. പിന്നെ വന്ന ലോക്ഡൗണും അദ്ദേഹത്തെ വീട്ടില്‍ പിടിച്ചിരുത്തി. അപ്പോഴും തന്നെക്കാണാന്‍ വീട്ടിലെത്തുന്നവരെ അദ്ദേഹം നിരാശരാക്കിയില്ല.
മിനിറ്റിനുമിനിറ്റിന് വരുന്ന ഫോണ്‍കോളുകള്‍ക്കത്രയും ക്ഷമയോടെ മറുപടി നല്‍കുമായിരുന്നു അദ്ദേഹം. 20 പരിപാടികള്‍ക്കുവരെ ദൂരംനോക്കാതെ പങ്കെടുത്ത ദിവസങ്ങളുണ്ട്. ഇങ്ങനെ ജനങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്ത അദ്ദേഹത്തോട് ഡോക്ടര്‍ 'വോയ്സ് റെസ്റ്റ്' ആവശ്യപ്പെട്ടു. ആ ദിവസങ്ങള്‍ ഞങ്ങള്‍ക്കും കടുപ്പമായിരുന്നു. ജനങ്ങളെ കാണാതെ ജീവിക്കാന്‍ അദ്ദേഹത്തിനാകില്ല. മനസ്സ് മാത്രമല്ല, ശരീരവും ക്ഷീണിക്കും. സംസാരിക്കാമെന്ന് ഫെയ്സ്ബുക്കില്‍ മെസേജ് ചെയ്തതോടെ കാര്യങ്ങള്‍ പഴയപടിയായി. ഒടുവില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഫോണ്‍വിളികളുടെ മലവെള്ളപ്പാച്ചിലായിരുന്നു. മിനിറ്റുകള്‍കൊണ്ട് അവസാനിപ്പിക്കാവുന്ന സാഹചര്യത്തിലും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് മണിക്കൂറുകളാകും. അവിടുന്നിങ്ങോട്ട് 90,000 മിനിറ്റ് സംസാരിച്ചുവെന്നാണ് കണക്ക്. വീണ്ടും ശബ്ദം നേര്‍ത്തു, സംസാരം കുറച്ചു
Content Highlights: Oommen Chandy, Mariamma Oommen Chandy, Oommen Chandy passes away, kpcc, congress
Published: 18 Jul 2023, 11:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented