
ഇന്നലെ (ജൂലായ് 19 ബുധൻ) രാത്രി പത്ത് മണിയായിക്കാണും. മൊബൈൽ ഫോൺ ബെല്ലടിക്കുന്നു. നോക്കിയപ്പോൾ തിരുവനന്തപുരത്തുനിന്ന് പ്രൊഫസർ എം. കുഞ്ഞാമനാണ്. ഈ സമയത്ത് വിളി പതിവില്ല. എന്തോ അത്യാവശ്യമുണ്ടാകുമെന്നുറപ്പിച്ച് ഫോൺ എടുത്തു. കുഞ്ഞാമൻ സാറിന്റെ ശബ്ദത്തിൽ വല്ലാത്തൊരു വൈകാരികത.
''എന്തൊരു ജനക്കൂട്ടമാണിത്. ഞാൻ ഇവിടെ ടി.വി. കണ്ടുകൊണ്ടിരിക്കുകയാണ്. ഈ ഉമ്മൻ ചാണ്ടി മഹാത്മ ഗാന്ധിയോ മദർ തെരേസയോ ആണോ? ഇങ്ങനെ ജനം ഒഴുകിയെത്താൻ. ഇതുപോലൊരു വിലാപയാത്ര എന്റെ ജീവിതത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല.''
അദ്ദേഹം അത്രമാത്രം ജനങ്ങളുടെ മനസ്സിനെ തൊട്ടിട്ടുണ്ടാവുമെന്ന് പ്രതികരണമായി പറഞ്ഞു.
''അങ്ങിനെയല്ല.'' കുഞ്ഞാമൻ സാർ എന്നെ തിരുത്തി.
''ജനങ്ങളുടെ മനസ്സല്ല, ഹൃദയവും ആത്മാവുമാണ് ആ മനുഷ്യൻ തൊട്ടത്. മനസ്സിനെ തൊട്ടാൽ ഇത്രയും തീവ്രമായി ഓർക്കണമെന്നില്ല, സ്നേഹിക്കണമെന്നില്ല.''
പ്രൊഫ. കുഞ്ഞാമനുമായി ഇക്കാലത്തിനിടയിൽ എത്രയോ വട്ടം സംസാരിച്ചിരിക്കുന്നു. സമകാലിക കേരളത്തിലെ മൗലിക ചിന്തകരിൽ മുൻനിരയിൽ നിൽക്കുന്ന ആൾ. ആരും കൈപിടിച്ചു മുന്നോട്ടു കൊണ്ടുവരികയായിരുന്നില്ല, സ്വയം വളരുകയായിരുന്നു. അങ്ങിനെയൊരു വ്യക്തിയാണ് ഇപ്പോൾ ഇത്രയും വൈകാരികമായി സംസാരിക്കുന്നത്. ഇതിന് മുമ്പൊരിക്കലും ഇതുപോലെ ഒരാളെക്കുറിച്ചും പ്രൊഫ. കുഞ്ഞാമൻ എന്നോട് പറഞ്ഞിട്ടില്ല. രണ്ടേ രണ്ട് തവണയേ അദ്ദേഹം ഉമ്മൻ ചാണ്ടിയെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുള്ളു. അപ്പോഴൊക്കെ ഉമ്മൻചാണ്ടിയുടെ മാന്ത്രികസ്പർശം അറിയുകയും ചെയ്തിട്ടുണ്ട്. എന്നാലും ഇപ്പോൾ ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിക്കൊണ്ടിരിക്കുന്ന യാത്രാമൊഴി കുഞ്ഞാമനെ ശരിക്കും വികാരാധീനനാക്കി. ''ഇതൊന്ന് പങ്കുവെക്കണമെന്ന് തോന്നി. അതാണ് വിളിച്ചത്.''
കുഞ്ഞാമൻ സാറിന്റെ വാക്കുകളുടെ പ്രേരണയിൽ മൊബൈൽ ഫോണിൽ ടി.വിയുടെ ലിങ്ക് ഓൺ ചെയ്തു. ജനം ഇരമ്പുകയാണ്. പൂഴിയിട്ടാൽ നിലത്ത് വീഴാത്ത വിധത്തിലുള്ള ജനപ്രവാഹം. ഒരാളെപ്പോലും ഒരാളും നിർബ്ബന്ധിച്ച് കൊണ്ടുവന്നതാവില്ല. പ്രിയപ്പെട്ട നേതാവിനെ അവസാനമായൊന്ന് കാണാൻ ഉൾവിളികൊണ്ട് വന്നവർ. രാത്രിയെന്നോ പകലെന്നോ മഴയെന്നോ വെയിലെന്നോ ഭേദമില്ലാതെ കാത്തുനിൽക്കുന്നവർ. കുഞ്ഞാമൻ സാർ പറഞ്ഞത് അച്ചട്ടാണ്. ഉമ്മൻ ചാണ്ടി ഇവരുടെ ഹൃദയവും ആത്മാവും എപ്പോഴെങ്കിലും എവിടെവെച്ചെങ്കിലും തൊട്ടുകാണും.
1969-ൽ ഡി.എം.കെ. സ്ഥാപകൻ അണ്ണാദുരൈ മരിച്ചപ്പോൾ തമിഴകം നൽകിയ യാത്രാമൊഴിയാണ് ഗിന്നസ് ബുക്കിലുള്ളത്. ചുരുങ്ങിയത് പത്ത് ലക്ഷം പേരെങ്കിലും അന്ന് ചെന്നൈയിൽ മറീന കടപ്പുറത്ത് എത്തിയിട്ടുണ്ടെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. മക്കൾദൈവം എം.ജി.ആർ. മരിച്ചപ്പോഴും തമിഴകം ഒന്നായി ചെന്നൈയിലേക്കെത്തി. നേരിട്ട് കണ്ടിട്ടില്ലാത്തതിനാൽ ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയെ ഇവയോട് തുലനം ചെയ്യാനാവില്ല. തമിഴകത്തുണ്ടായിരുന്നപ്പോൾ ജയലളിതയുടെ അവസാനയാത്ര തൊട്ടടുത്ത് നിന്ന് കണ്ടിട്ടുണ്ട്. കരുണാനിധിക്ക് തമിഴകം നൽകിയ യാത്രാമൊഴിയും നായനാർക്ക് കേരളം നൽകിയ വിടവാങ്ങലും ടി.വിയിലാണ് കണ്ടത്. ഇവർ മൂന്നു പേർക്കും അന്ത്യാഭിവാദ്യമർപ്പിക്കാൻ വൻജനാവലി എത്തിയിരുന്നു. ജയലളിതയ്ക്കും കലൈഞ്ജർക്കും മുന്നിൽ തലതല്ലിക്കരയുന്ന ജനതയെ കണ്ടു. പക്ഷേ, ഇപ്പോൾ കേരളം കാണുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചയാണ്. കേരളത്തിൽ ഒരു നേതാവിനോടും ജനങ്ങൾ ഇതുപോലെ വിട പറഞ്ഞിട്ടില്ല.
ഈ മനുഷ്യനെ വേട്ടയാടിയവർ, ഈ മനുഷ്യനെ കുരിശ്ശിലേറ്റിയവർ, ഈ കാഴ്ച കാണുന്നുണ്ടാവാം. ചിലപ്പോൾ കുറ്റബോധം കൊണ്ട് അല്ലെങ്കിൽ പശ്ചാത്താപം കൊണ്ട് അവരും ഈ ആൾക്കൂട്ടത്തിൽ നിലയുറപ്പിച്ചിട്ടുണ്ടാവാം. ഉമ്മൻചാണ്ടി അവരോട് എപ്പൊഴേ ക്ഷമിച്ചു കഴിഞ്ഞിട്ടുണ്ടാവും. പൂർണ്ണതയുള്ളവരായി മനുഷ്യകുലത്തിൽ ആരുമില്ലെന്നും അതുകൊണ്ടുതന്നെ ആർക്കും ആരെയും വിധിക്കാനാവില്ലെന്നും ഒരിക്കൽ ഒരു സംഭാഷണമദ്ധ്യേ ഉമ്മൻചാണ്ടി പറഞ്ഞതോർക്കുന്നു. ഒരു മനുഷ്യൻ ഒരു പ്രസ്ഥാനമാകുന്നതെങ്ങിനെയാണെന്ന് ഇപ്പോൾ, ഈ നിമിഷങ്ങളിൽ കേരളം തിരിച്ചറിയുന്നുണ്ട്.
ഉമ്മൻചാണ്ടി, പ്രിയപ്പെട്ട ഒ.സി., താങ്കൾ എവിടേക്കും പോകുന്നില്ല. ഇവിടെ, ഈ കേരളത്തിൽ ജനഹൃദയങ്ങളിൽ താങ്കൾക്ക് മരണമില്ല.
Content Highlights: Ommen Chandy, Farewell, OC
Published: 20 Jul 2023, 11:38 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented