
'ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓര്‍ക്കണം' -മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന്റെ ആദ്യ ഉപദേശം ഇതായിരുന്നു. യഥാര്‍ത്ഥത്തില്‍ അതിനും എത്രയോ മുമ്പ് ഓരോ ഫയലിലും നിറയുന്ന ജീവിതവും പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞത് ഉമ്മന്‍ ചാണ്ടി ആയിരുന്നു. വാങ്ങുന്ന നിവേദനങ്ങളിലും മുന്നിലെത്തുന്ന ഫയലിലും ഉമ്മന്‍ ചാണ്ടി കുറിക്കുന്ന മൂന്നോ നാലോ വാക്കുകള്‍ പലപ്പോഴും പ്രതിവിധിയും ഔഷധവുമായി. ചിലര്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവായി. പലര്‍ക്കും മുന്നോട്ടുള്ള ജീവിതത്തിലെ വെളിച്ചമായി.
ചുവപ്പുനാടയുടെ കുരുക്കഴിക്കാന്‍ ഉമ്മന്‍ ചാണ്ടി കണ്ടുപിടിച്ച മറുമരുന്നായിരുന്നു ജനസമ്പര്‍ക്കം. പുതുപ്പള്ളിയിലെ ഞായറാഴ്ചകളിലെ പതിവിന്റെ വിപുലമായ രൂപം. ഒരു വില്ലേജ് ഓഫീസറുടെ പണി ചെയ്യാന്‍ മുഖ്യമന്ത്രി ദര്‍ബാര്‍ വിളിക്കുന്നതിലെ യുക്തിയാണ് പലരും ചോദ്യംചെയ്തത്. വില്ലേജ് ഓഫീസര്‍ ഒന്നുകില്‍ ആ പണി ചെയ്തിട്ടില്ല, അല്ലെങ്കില്‍ അദ്ദേഹത്തിന് അത് ചെയ്യാന്‍ തടസ്സുമുണ്ട് എന്ന വസ്തുത വിമര്‍ശിച്ചവര്‍ കണ്ടില്ല. ആവശ്യക്കാരന് പരിഹാരമാണല്ലോ വേണ്ടത്. അത് വില്ലേജ് ഓഫീസര്‍ ചെയ്താലും മുഖ്യമന്ത്രി ചെയ്താലും അവര്‍ക്ക് പരാതിയുണ്ടാവില്ല. ജനത്തിന്റെ പ്രശ്‌നം കാണാനും കേള്‍ക്കാനും അത് പരിഹരിക്കാനുമാണ് ജനപ്രതിനിധി. ആ അര്‍ഥത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ഫുള്‍മാര്‍ക്കാണ്.
പ്രസംഗിച്ചല്ല കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയുടെ മനസ്സ് കവര്‍ന്നതും മലയാളികളുടെ മൊത്തം പൊതുസ്വത്തായതും. ഉമ്മന്‍ ചാണ്ടി അത്ര മികച്ച പ്രസംഗകനുമായിരുന്നില്ല. ജനത്തെ കയ്യിലെടുക്കുന്ന, കുറിക്ക് കൊള്ളുന്ന പ്രയോഗങ്ങളോ വാക്ശരങ്ങളോ ആ നാവില്‍നിന്ന് വരാറില്ല. എന്നിട്ടും ഇത്രയേറെ ജനകീയനായി, പ്രവര്‍ത്തകരുടെ വികാരമായി എങ്ങനെ ഉമ്മന്‍ ചാണ്ടി മാറി എന്നത് പലര്‍ക്കും ഒരത്ഭുതമാണ്. ഒരു റേഡിയോയായി മാറാതെ ജനങ്ങളെ കേള്‍ക്കാനും അതില്‍ ഇടപെടാനും പരിഹാരം കണ്ടെത്താനും സമയം കണ്ടെത്തി നേടിയെടുത്ത ജനവിശ്വാസമാണ്, സ്‌നേഹമാണ്, കരുതലാണ്. ഓരോ മനുഷ്യനുമായി വ്യക്തിപരമായി സൃഷ്ടിച്ചെടുത്ത ബന്ധം. ഒരു ചങ്ങലപോലെ പാറശാല മുതല്‍ മഞ്ചേശ്വരം വരെ അത് നീളുന്നു. ഒരുതവണ കാണുന്ന ആളെയും അവര്‍ ഉന്നയിച്ച കാര്യങ്ങളും ഓര്‍ത്തിരിക്കുന്ന അപാര ഓര്‍മശക്തിയും ആ ബന്ധം രൂപപ്പെടുത്തുന്നതില്‍ വെളിച്ചമായി.
മുറിയാത്ത ആ ബന്ധത്തിന്റെ ഇഴയടുപ്പമാണ് കോട്ടയത്തേക്കുള്ള വിലാപയാത്രയില്‍ വഴിയോരങ്ങളില്‍ കാണാനാകുന്നത്. ചിലര്‍ കണ്ണീരണിഞ്ഞു. ചിലർ മുദ്രാവാക്യം വിളിച്ചു. ചിലര്‍ കൈകൂപ്പി നിന്നു. ഒരര്‍ഥത്തില്‍ എല്ലാവരും കുഞ്ഞൂഞ്ഞിന് നന്ദി പറയുകയായിരുന്നില്ലേ, അവര്‍ക്ക് കിട്ടിയ സഹായത്തിനോ കരുതലിനോ ഇടപെടലിനോ ഒക്കെ. അങ്ങനെ ഈ വിടപറയല്‍ പലര്‍ക്കും നന്ദിപറയലിന്റേത് കൂടിയാകുന്നു. ഉമ്മന്‍ ചാണ്ടിയെന്നാല്‍ ആള്‍ക്കൂട്ടമായിരുന്നു. തനിച്ചാകാന്‍ ഇഷ്ടപ്പെടാത്ത, എന്നും എപ്പോഴും ജനങ്ങള്‍ക്ക് നടുവില്‍ ജനത്തിന്റെ കൈപിടിച്ചുനിന്ന നേതാവ്. ലോകത്ത് തന്നെ ഇത്രയധികം ജനങ്ങളോട് നേരിട്ട് സംവദിച്ച മറ്റൊരു ജനനേതാവ് ഉണ്ടാകുമോ സംശയമാണ്. നേതാക്കള്‍ രണ്ടുതരമാണ്. ചിലര്‍ പാര്‍ട്ടിയോളം വളരും. ചില പാര്‍ട്ടിക്കാരുടെ മാത്രം നേതാവാകും. മറ്റ് ചിലര്‍ പാര്‍ട്ടിക്കപ്പുറം കടന്ന് ജനങ്ങളുടെ സ്വന്തം നേതാവാകും. അവരാണ് ജനനായകനായി മാറുക.
മാന്‍ ഓഫ് സൊലൂഷ്യന്‍സ്- പ്രശ്‌നപരിഹാരകന്‍ എന്ന മേല്‍വിലാസമാകും ചിലപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് കൂടുതല്‍ ചേരുക. അത് പലവിധമാണ്. മുഖ്യമന്ത്രിയായിരിക്കെ തരണംചെയ്ത അഗ്നിപരീക്ഷകള്‍ നോക്കിയാല്‍ തന്ത്രശാലിയായ ഉമ്മന്‍ ചാണ്ടിയെ മനസ്സിലാകും. കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അഞ്ച് വര്‍ഷം തികയ്ക്കാന്‍ വേറെ ആര്‍ക്കു കഴിയും? മഞ്ഞളാംകുഴി അലിക്കായി ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ചോദിക്കുന്നു. വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ഇടയുന്നു. കുഞ്ഞൂഞ്ഞ്, കുഞ്ഞാപ്പ, കുഞ്ഞുമാണി സര്‍ക്കാര്‍ എന്ന മുദ്ര ചാര്‍ത്തിക്കിട്ടിയിട്ട് അധികകാലമായിട്ടില്ല. അതിനിടയിലാണ് ന്യൂനപക്ഷം ഭൂരിപക്ഷമാകുന്ന സര്‍ക്കാര്‍ എന്ന പ്രതിച്ഛായ കൂടി വരുന്നത്. അതിലെ രാഷ്ട്രീയ അപകടം തിരിച്ചറിഞ്ഞ ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങള്‍ ദ്രുതഗതിയിലായിരുന്നു. തിരുവഞ്ചൂരിന് ആഭ്യന്തരം കൈമാറുന്നു. ആരോഗ്യവകുപ്പില്‍നിന്ന് അടൂര്‍ പ്രകാശിന് റവന്യുവിലേക്ക് പ്രമോഷന്‍. ഗതാഗതം വിട്ട് വി.എസ്. ശിവകുമാര്‍ ആരോഗ്യവകുപ്പിലേക്ക് എത്തുന്നു. പ്രധാന വകുപ്പുകള്‍ ഭൂരിപക്ഷ സമുദായത്തിന് നല്‍കി എണ്ണം കൂടുന്നതിലെ ബാലന്‍സിങ് പരീക്ഷണം.
സര്‍ക്കാര്‍ ചുമതലയേറ്റ ഉടനെയാണ് പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ കോടതി ഉത്തരവ് വരുന്നത്. രാജിക്കൊരുങ്ങിയ ഉമ്മന്‍ ചാണ്ടിയെ മെരുക്കിയത് പാഞ്ഞെത്തിയ കുഞ്ഞാലിക്കുട്ടിയും മാണിയും ചേര്‍ന്നായിരുന്നു. അന്ന് കോടിയേരിയുടെ ഒറ്റ പ്രസ്താവനയാണ് ഉമ്മന്‍ ചാണ്ടിയെ രക്ഷിച്ചതെന്ന് പറഞ്ഞാലും അത്ഭുതമില്ല. വിജിലന്‍സ് കേസ് നേരിടുന്ന മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഒഴിയണം എന്നാണ് കോടിയേരി ആവശ്യപ്പെട്ടത്. ഒട്ടും അമാന്തിച്ചില്ല വിശ്വസ്തനായ തിരുവഞ്ചൂരിനെ വിജിലന്‍സ് ഏല്‍പിച്ച് പ്രതിസന്ധി മറികടന്നു.
ഐ ഗ്രൂപ്പുകാരനായിട്ടും അടൂര്‍ പ്രകാശിന് സീറ്റിനായി സുധീരനോട് പോരടിച്ച ഉമ്മന്‍ ചാണ്ടി ഒടുവില്‍ മനഃസാക്ഷി സൂക്ഷിപ്പുകാരനായ ബെന്നി ബെഹനാനെ ബലികൊടുത്ത് തൃക്കാക്കര സീറ്റ് പി.ടി. തോമസിന് കൊടുക്കുന്നതും കേരളം കണ്ടു. ടി. സിദ്ദിഖിനായി ഉമ്മന്‍ ചാണ്ടി എത്രതവണയാണ് വാശി പിടിച്ചത്...! രാഹുല്‍ഗാന്ധിയുടെ അനിഷ്ടവും അന്ന് വാര്‍ത്തയായി. സിദ്ദിഖിനെ രാത്രിക്ക് രാത്രി മാറ്റി ലിജുവിനെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കി. എന്നും ഗ്രൂപ്പ് പോരില്‍ സമരായുധമായി രാജി പുറത്തെടുത്തിട്ടുള്ള ഉമ്മന്‍ ചാണ്ടി രാജിക്കൊരുങ്ങി. രാഹുലിന് പോലും സിദ്ദിഖിനെ തിരികെ വാഴിക്കേണ്ടിവന്നു. അതിന് ശേഷം സിദ്ദിഖിനായി രാഹുല്‍ നേരിട്ടെത്തി. ഉമ്മന്‍ ചാണ്ടിയെന്ന നേതാവിനെ രാഹുലും തിരിച്ചറിഞ്ഞു. യാദൃശ്ചികമായി തോന്നാം, സിദ്ദിഖിനായി ഉമ്മന്‍ ചാണ്ടി ബലംപിടിച്ച് നേടിയ അതേ വയനാട് സീറ്റ് രാഹുലിന് സേഫ് സീറ്റായി. തനിക്കായി മാറിത്തന്ന സിദ്ദിഖിനായി കല്‍പ്പറ്റയില്‍ വോട്ട് അഭ്യര്‍ഥിക്കുന്ന രാഹുലിനേയും പിന്നീട് കണ്ടു.
ബാര്‍വിവാദം മറ്റൊന്ന്. ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകളുടെ പേരില്‍ സുധീരന്‍ ഇടയുന്നു. നിലവാരമില്ലാത്ത ബാറുകള്‍ അടയ്ക്കണമെന്ന് കട്ടായം പറയുന്നു. ഒരുവശത്ത് ആദര്‍ശത്തിന്റെ ആള്‍രൂപമായ സുധീരന്‍ ഉന്നയിക്കുന്നത് ബാര്‍ അടയ്ക്കണമെന്ന്. അനുകൂലിച്ചില്ലെങ്കില്‍ തിരിച്ചടി പലവിധം. ബാറുകാരുടെ ആളായി മുദ്രകുത്തപ്പെടും. ആരോപണങ്ങള്‍ക്ക് പഞ്ഞമുണ്ടാകില്ല. രണ്ടാമതൊന്ന് ആലോചിച്ചില്ല എല്ലാ ബാറും പൂട്ടി സുധീരനെ ഞെട്ടിച്ച് ഉമ്മന്‍ ചാണ്ടിയുടെ അറ്റകൈ പ്രയോഗം. സുധീരന്‍ പോലും ആ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നിരായുധനായി.
പക്ഷേ, അതിന് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. ബാര്‍ അടച്ചുപൂട്ടിയപ്പോള്‍ ഉടലെടുത്ത ബാര്‍ കോഴ ആരോപണത്തില്‍ ഇന്നും പുറത്തുവരാത്ത അണിയറനീക്കങ്ങളും ഗൂഢാലോചനകളും എത്രയെന്നത് അജ്ഞാതം. ജനത്തെ അണിനിരത്തി സോളാര്‍ കേസില്‍ സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കാന്‍ എത്തിയ ഇടതുപക്ഷത്തെ എത്ര അനായാസമായാണ് ഉമ്മന്‍ ചാണ്ടി പൂട്ടിയത്. രണ്ട് ദിവസം സെക്രട്ടേറിയറ്റിന് അവധി നല്‍കിയതോടെയാണ് പിണറായിയും പ്രതിപക്ഷവും അപകടം തിരിച്ചറിഞ്ഞത്. രാജിവെപ്പിച്ചിട്ടേ മടങ്ങൂ എന്നുപറഞ്ഞ് കാസര്‍കോട് മുതല്‍ തെക്കോട്ട് വണ്ടി കയറിയ പ്രവര്‍ത്തകര്‍ ജുഡീഷ്യല്‍ അന്വേഷണം എന്ന കച്ചിത്തുരുമ്പില്‍ നാടുപിടിച്ചു.
ഒരു ബലപ്രയോഗവുമില്ലാതെ ഒരു സമരത്തെ നിര്‍വീര്യമാക്കി ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസ് കത്തിപ്പടര്‍ന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി അഴിമതി കാട്ടി എന്ന ആരോപണം ഫലിക്കാതെ വന്ന ഘട്ടത്തിലാണ് ലൈംഗിക ആരോപണം വരുന്നത്. തനിക്ക് അച്ഛനെ പോലെയാണ് എന്ന് പറഞ്ഞ സ്ത്രീതന്നെ ഉമ്മന്‍ ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി. ഒരു ചടങ്ങില്‍ വേദിയിലിരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ചെവിയില്‍ സംസാരിക്കുന്ന വിവാദ സ്ത്രീയുടെ ചിത്രം കേരളം മുഴുവന്‍ നിറഞ്ഞു. ഏതൊരാളും തകര്‍ന്നുപോകാവുന്ന ആരോപണങ്ങള്‍. ഉമ്മന്‍ ചാണ്ടി ആരോടും പരിഭവിച്ചില്ല. കുടുംബത്തെ പോലും അതിലേക്ക് വലിച്ചിട്ട് പലരും വിഴുപ്പലക്കിയിട്ടും ഉമ്മന്‍ ചാണ്ടി എതിര്‍ത്തൊന്നും പറഞ്ഞില്ല. സത്യം ജയിക്കും എന്നായിരുന്നു എന്നും വിശ്വാസം.
ശിവരാജന്‍ കമ്മീഷനെ വച്ചപ്പോള്‍ ഒട്ടും അനുകൂലമാകില്ല എന്ന മുന്നറിയിപ്പ് അദ്ദേഹം അവഗണിച്ചു. സോളാര്‍ അഴിമതി അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ അഴിമതി അന്വേഷിച്ചുമില്ല. കണ്ടെത്തിയുമില്ല. പരാതിക്കാരുടെ മൊഴിപ്പകര്‍പ്പ് ഫലത്തില്‍ റിപ്പോര്‍ട്ടായി. കോടതി അടക്കം അത് നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചിട്ടും ഒരു ആരോപണവും തെളിയിക്കാനാകാതെ കയ്യൊഴിഞ്ഞു. ബാര്‍ കോഴയില്‍ വിജയരാഘവന്റെയും സോളാര്‍ കേസില്‍ സി. ദിവാകരന്റെ തുറന്നുപറച്ചിലും ഉമ്മന്‍ ചാണ്ടിക്ക് മരിക്കും മുമ്പ് അഗ്നിശുദ്ധിക്ക് കിട്ടിയ സര്‍ട്ടിഫിക്കറ്റ് പോലെയായി. മനഃസാക്ഷിയുടെ കോടതിയില്‍ വിശ്വസിച്ച, തികഞ്ഞ ഈശ്വരവിശ്വാസിയായ ഉമ്മന്‍ ചാണ്ടി പറഞ്ഞത് ബാക്കി നില്‍ക്കുന്നു- സത്യം ജയിക്കും, സത്യമേ ജയിക്കൂ.
വാര്‍ത്താസമ്മേളനത്തില്‍ ബുദ്ധിമുട്ടിക്കുന്ന ചോദ്യംചോദിച്ച ഒരു മാധ്യമപ്രവര്‍ത്തകനേയും അദ്ദേഹം ഗറ്റൗട്ടടിച്ചില്ല. കുടുക്കുന്ന ചോദ്യമാണെങ്കില്‍ ഏഹ്... ഏഹ് എന്ന് രണ്ട് തവണ കേള്‍ക്കാം. ഉചിതമായ ഒരു ഉത്തരത്തിനുള്ള ഇടവേള ഉമ്മന്‍ ചാണ്ടി എടുക്കുന്നത് അങ്ങനെയാണ്. നീണ്ട നിവേദനമാണെങ്കിലും ഒറ്റനോട്ടത്തില്‍ അതിലെ ആവശ്യത്തിലേക്ക് കൃത്യമായി കണ്ണെത്തും. നടക്കാത്ത കാര്യമാണെങ്കിലും ഒരിക്കലും നോ പറയില്ല. മറിച്ച് ങ്ാ... ങ്ാ എന്നാകും ചിലപ്പോള്‍ മറുപടി. ചിലതില്‍ രണ്ടാമത് ആലോചന വേണ്ടതാണെങ്കില്‍ നോക്കാം എന്നാകും മറുപടി.
രഹസ്യങ്ങളുടെ കലവറയാണ് ഉമ്മന്‍ ചാണ്ടിയെന്നാണ് പൊതുവെ പറയാറ്. എപ്പോഴും ജനങ്ങള്‍ക്കിടയിലാണെങ്കിലും രഹസ്യമായി ഒരാള്‍ പറഞ്ഞ കാര്യമാണെങ്കില്‍ അത് മറ്റൊരാളും ഉമ്മന്‍ ചാണ്ടിയില്‍നിന്ന് അറിയില്ല. സോളാര്‍ വിവാദം കത്തുമ്പോള്‍ എറണാകുളത്ത് ഒരുഹോട്ടലില്‍വച്ച് ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ കണ്ടതാണ് പ്രധാന കണ്ണിയായി വിമര്‍ശിച്ചവര്‍ ഉന്നയിച്ചത്. അന്ന് ആ കൂടിക്കാഴ്ചയില്‍ മറ്റൊരാളും പങ്കാളിയായിരുന്നു. അന്ന് ബിജു രാധാകൃഷ്ണന്‍ എത്തിയത് മറ്റൊരു പേരിലായിരുന്നു. പറഞ്ഞത് ഒരു വിഐപിയെക്കുറിച്ചുള്ള പരാതിയും. അതിന് സാക്ഷിയായ ആള്‍ പറഞ്ഞിട്ടും ഉമ്മന്‍ ചാണ്ടി തന്നോട് മാത്രം പറഞ്ഞ ആ കാര്യം വെളിപ്പെടുത്താന്‍ ഒരിക്കലും തയ്യാറായില്ല. എന്താണ് പറഞ്ഞതെന്ന് പറഞ്ഞാല്‍ ഈ പുകമറ മാറില്ലേ എന്ന് പലരും ചോദിച്ചു. ഉമ്മന്‍ ചാണ്ടി വഴങ്ങിയില്ല. ഓരോ ഫയലിലും ജീവിതം തിരിച്ചറിഞ്ഞ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി കസേരയില്‍നിന്ന് ഇറങ്ങുമ്പോള്‍ ഒരു ഫയലും തീര്‍പ്പ് കല്‍പിക്കാന്‍ ബാക്കിയില്ലായിരുന്നു. അതായിരുന്നു അതിവേഗം ബഹുദൂരം സഞ്ചരിച്ച ജനസമ്പര്‍ക്ക യാത്ര. ആ യാത്ര പൂര്‍ത്തിയായി, ഇനി തനിച്ച് മടക്കം.
Content Highlights: Oommen Chandy, Congress, Kerala Politics
Published: 19 Jul 2023, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented