വെള്ളൂർ(കോട്ടയം): മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ മുഖ്യപ്രതിഷ്ഠയായ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് വെള്ളൂർ വാമനസ്വാമി ക്ഷേത്രം. മഹാബലി ചക്രവർത്തി വാമനനെ കാൽകഴുകി സ്വീകരിച്ച സ്ഥലം എന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം.

To advertise here,

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ മുൻഭാഗം ചതുരാകൃതിയിലും പിൻഭാഗം വൃത്താകൃതിയിലുമാണ്. വട്ടശ്രീകോവിലും വലിയ നാലമ്പലവും ഉൾപ്പെടുന്ന ഗജപൃഷ്ഠാകൃതിയിലുള്ള മഹാക്ഷേത്രം രൂപകൽപ്പന ചെയ്തത് പെരുന്തച്ചനാണെന്നാണ് വിശ്വസിക്കുന്നത്‌. തിരുവോണംനാളിൽ നടക്കുന്ന ചടങ്ങുകൾക്കാണ് ക്ഷേത്രത്തിൽ പ്രാധാന്യം. ഭൂമി സംബന്ധമായ ദോഷങ്ങൾ തീർക്കാൻ അന്നു നടക്കുന്ന ഭൂമിപൂജയിൽ പങ്കെടുത്താൽമതിയെന്നാണ് വിശ്വാസം.

ഓണത്തോടനുബന്ധിച്ച് ഇവിടത്തെ കൂത്തമ്പലത്തിൽ കർക്കടക മാസത്തിലെ ഉത്രാടത്തിനു തുടങ്ങി ചിങ്ങമാസത്തിലെ ഉത്രാടംനാൾ വരെ 28-ദിവസമായിരുന്നു പഴയകാലത്ത് കൂത്ത് നടന്നിരുന്നത്. ഇപ്പോൾ മൂലം, പൂരാടം, ഉത്രാടം എന്നീ മൂന്ന് ദിവസം മാത്രമേ ഈ ചടങ്ങ് നടക്കുന്നുള്ളൂ. ഇത്തവണയും കൂത്ത് ആരംഭിച്ചിട്ടുണ്ട്. മാർഗി നാരായണചാക്യാരാണ് കൂത്ത് അവതരിപ്പിക്കുന്നത്. നാലിന് പൂക്കളമൊരുക്കും. അഞ്ചിന് തിരുവോണസദ്യ.

കൂത്തുമായി ബന്ധപ്പെട്ട് പുരാതനകാലം മുതലുള്ള മിഴാവ് ഇപ്പോഴും ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. മകരമാസത്തിലെ തിരുവോണം നാളിൽ ആറാട്ട് വരത്തക്കവിധത്തിലുള്ള എട്ടുദിവസത്തെ കൊടിയേറ്റ് ഉത്സവത്തിൽ ആനയും വെടിക്കെട്ടും പതിവില്ല. ഇവിടെ വാമനനൊപ്പം ശാസ്താവിനും കൊടിമരമുണ്ട്. രണ്ടിടത്തും ഒരുമിച്ചാണ് കൊടിയേറ്റം. രണ്ട് തിടപ്പള്ളികൾ ക്ഷേത്രത്തിലുണ്ട്. പ്രഭാതത്തിലെ നിവേദ്യം തെക്കേതിടപ്പള്ളിയിൽനിന്നും വൈകീട്ടത്തെ നിവേദ്യം വടക്കേ തിടപ്പള്ളിയിൽനിന്നുമാണ് സ്വീകരിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഈ മഹാക്ഷേത്രം പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നു ഒരു കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.