
നാലാംഓണം പുലരുംമുമ്പേ തൃശ്ശൂരിലെ പുലിമടകളിൽ ആവേശം ഉയരുന്നു...പകലുകളോളം നീണ്ടുനിൽക്കുന്ന പുലിയൊരുക്കത്തിന് ശേഷം താളമേള അകമ്പടിയോടെ പുലിക്കൂട്ടവും വേട്ടക്കാരനും നഗരത്തിലേക്കിറങ്ങുന്നതോടെ ജനങ്ങൾ ആവേശക്കൊടുമുടിയിലാവും...
ആനയ്ക്കും പൂരത്തിനൊപ്പം തൃശ്ശൂരുകാർക്ക് മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അത് പുലിക്കളിയാണ്. ഓണാഘോഷങ്ങളിൽ തനത് കലാരൂപമായി തിരുവാതിര ഏറെ പ്രചാരമുള്ളതാണ്. ഇരുസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന വടംവലിക്കുമുണ്ട് ഒട്ടേറെ ആരാധകർ. എന്നാൽ, തെറ്റാത്ത ചുവടുകളുമായി പുലിത്താളത്തിനൊത്ത് മുന്നോട്ട് നീങ്ങുന്ന പുലിക്കൂട്ടത്തിന്റെ ചന്തവും ചരിത്രവും വേറിട്ടുനിൽക്കുന്നതാണ്.
ശരീരമാകെ പുള്ളിത്തൊട്ട് കുടവയറുംകുലുക്കി വരുന്ന പുലികൾക്ക് 200 വർഷത്തോളം ചരിത്രമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. കൊച്ചി മഹാരാജ രാമവർമ്മ ഈ കലാരൂപത്തെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നാണ് പറയുന്നത്. തൃശ്ശൂരിലെ പഠാണി മുസ്ലിങ്ങളുടെ പഞ്ചയെടുക്കൽ ചടങ്ങുമായി ബന്ധപ്പെട്ടുള്ള ഘോഷയാത്രയിലാണ് പുലികൾ ആദ്യമായി അവതരിക്കപ്പെട്ടതെന്നൊരു ഐതിഹ്യമുണ്ട്. അസുരരാജാവായ മഹാബലിയെയാണ് പുലികൾ സൂചകമാക്കുന്നതെന്നും വിശ്വസിക്കുന്നവരുണ്ട്. അങ്ങിനെ, കഥകൾ പലതാണെങ്കിലും പുലിക്കളില്ലാതെയൊരു ഓണാഘോഷം തൃശ്ശൂരുകാർക്കില്ല. വൈകീട്ടോടെ നഗരവീഥികൾ കീഴടക്കിയെത്തുന്ന പുലികൾ രാത്രി തിരിച്ചുകയറുന്നതോടെയാണ് ഓണാഘാഷത്തിന് സമാപനമാകുന്നത്.
ചമയങ്ങളുടെ പുലിമട
മിന്നിത്തിളങ്ങുന്ന ചായങ്ങൾ പൂശി കൂർത്തപല്ലുകളും നീണ്ട നാക്കുമുള്ള പുലികൾ വലിയ ടാബ്ലോയുടെ പശ്ചാത്തലത്തോടെയുള്ള പ്രൗഢഗംഭീരമായ ആ വരവ് ഒന്നു കാണേണ്ടത് തന്നെയാണ്. ഉപയോഗിക്കുന്ന ചായം മുതൽ കാലിൽ ധരിക്കുന്ന പാദരക്ഷകളിൽ വരെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വെറുതെ വന്ന് താളത്തിനൊത്ത് ചുവടുവെച്ചുപോകുന്നവരല്ല തൃശ്ശൂരിലെ പുലികൾ. ലക്ഷക്കണക്കിന് രൂപ പൊടിപൊടിച്ച് വീഥികളിലേക്കിറങ്ങുന്നത് പുരസ്കാരങ്ങൾകൂടെ മനസ്സിൽക്കണ്ടാണ്. മികച്ച പൂലിനൃത്തം, ടാബ്ലോ, അച്ചടക്കം എന്നിങ്ങനെ നിരവധി മേഖലകളിൽ ഒന്നും, രണ്ടും, മൂന്നും പുരസ്കാരങ്ങളുണ്ട്. കൂടാതെ, നഗരസഭ നൽകുന്ന വിഷയത്തെക്കുറിച്ചുള്ള അവതരണത്തിനും പുരസ്കാരമുണ്ട്. ട്രോഫിയും 60,000 രൂപയുമായിരുന്നു കഴിഞ്ഞ തവണ ഒന്നാംസമ്മാനക്കാർക്ക് നൽകിയത്. ലളിതകലാ അക്കാദമിയിലെ കലാകാരന്മാരാണ് ടീമുകളുടെ മൂല്യം നിർണയിക്കുന്നത്.
വിചിത്രമാണെന്ന് തോന്നുന്ന കലാരൂപം തന്നെയാണ് പുലിക്കളി. പുലികളുടെ വൻ സംഘവും അതിനൊപ്പമിറങ്ങുന്ന വാദ്യമേളക്കാരും കുറഞ്ഞത് രണ്ടോ മൂന്നോ ടാബ്ലോയും അടക്കമുള്ള ദേശക്കാരുടെ വരവിന് പിന്നിൽ നിരവധി പേരുടെ കഠിനാധ്വാനമുണ്ട്. രംഗത്തിറങ്ങുന്നവരാദ്യം ദേഹത്തെ രോമങ്ങളെല്ലാം വടിച്ച് വൃത്തിയാക്കണം. വിയർക്കുന്ന ശരീരത്തിന് പറ്റിയ ചായം പൂശണം. മാസങ്ങളോളം ഇവർ അതിനായി മാറ്റിവയ്ക്കുന്നു. ഗോറില്ല പൗഡറാണ് നിറങ്ങൾക്കായി ഉപയോഗിക്കുന്നത്. നിറങ്ങളെല്ലാം വാർണിഷും ഇനാമലും ചേർത്ത് അരച്ചെടുക്കുന്നതാണ് കളറൊരുക്കം. ടാബ്ലോയ്ക്കായുള്ള ജോലികൾ മാസങ്ങൾക്ക് മുമ്പേ ആരംഭിക്കുന്നു. മുൻനിരയിലുള്ളവരെ മാത്രമാണ് നാം കാണുന്നതെങ്കിൽ അണിയറയിലും അത്രതന്നെ പേരുണ്ട്. മനുഷ്യശരീരത്തെ ഒരു പേപ്പറായി കണ്ട് വർണങ്ങൾ അതിമനോഹരമായി ചാലിക്കുന്ന ചിത്രകാരന്മാർ. ഇങ്ങനെ നൂറോളം കലാകാരന്മാരടങ്ങുന്ന വിവിധ സംഘങ്ങളാണ് തൃശ്ശൂരിലെ ഓണത്തെ കളറാക്കുന്നത്.
എൽ.ഇ.ഡി. പുലി മുതൽ പെൺപുലികൾ വരെ
ആൺപുലികൾ വാണിരുന്ന ശക്തന്റെ വീഥികളിൽ ഇപ്പോൾ പെൺപുലികളുമുണ്ട്. പെൺപുലികൾക്ക് പുറമെ കുഞ്ഞുപുലികളും രംഗത്തെത്തിയതോടെ ആഘോഷം ജോറായി. പുലികളിലെ വൈവിധ്യമാണ് മറ്റൊരു ആകർഷണം. വിവിധ നിറങ്ങളിലും മുഖങ്ങളിലും ഭാവങ്ങളിലുമെത്തുന്ന പുലികൾ കാട്ടിലുള്ളതിനേക്കാൾ വ്യത്യസ്തരാണ്. കരിമ്പുലിയും, കടുവയും, വരയൻപുലിയും എന്തിന് നീല നിറത്തിലുള്ള പുലികൾവരെ കാഴ്ചക്കാർക്ക് മുന്നിലേക്ക് ഇറങ്ങുന്നു. കാലവും സാങ്കേതികവിദ്യയും മാറുന്നതിന് അനുസരിച്ച് പുലികളും മാറണമല്ലോ. ഇതോടെ, എൽ.സി.ഡി. പുലികളും ഫ്‌ളൂറസെന്റ് പുലികളും വരെ വീഥിയിലേക്കെത്തി.
ലക്ഷണമൊത്ത കുടവയറുള്ള പുലികൾക്കാണ് തൃശ്ശൂരിൽ ഡിമാൻഡ്. ലക്ഷങ്ങൾ പെട്ടിയിൽ വീഴുന്ന ആഘോഷതിമിർപ്പിൽ കളിക്കാനറിയുന്ന നല്ല കുടവയറുള്ളവർക്ക് നറുക്കുവീഴും. സംഗതി കുടവയറാണ് മെയിൻ എങ്കിലും ഭക്ഷണത്തിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്താറില്ലെന്നാണ് 13 വർഷമായി വേഷം കെട്ടുന്ന സുഷിൽ മണലാറുകാവ് പറയുന്നത്. 'ആഹാരത്തില് അങ്ങനെ പ്രത്യേകിച്ച് മാറ്റങ്ങളൊന്നൂല്ല്യ. നമ്മള് ഇതിനോട് താത്പര്യം ഉള്ളതുകൊണ്ട് അങ്ങ് ചെയ്യുന്നതാണ്. നമ്മ്ടെ നാട്ട്ലെ ഒരു സംവിധാനമല്ലേ', സുഷിൽ പറഞ്ഞു.
കാക്കണം തനത് കലാരൂപങ്ങളെ
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ നഗരസഭയുടെ നേതൃത്വത്തിൽ നടത്താനിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും ഒഴിവാക്കിയതോടെ വയറ്റടിയേറ്റിരിക്കുന്നത് സാധാരണക്കാരായ കലാകാരന്മാർക്കാണ്. സംസ്ഥാനം ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കുന്നത് ഇവർക്ക് മനസ്സിലാകും. എന്നാൽ, ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ പുലിക്കളി ഉണ്ടാകില്ലെന്ന് വിചാരിക്കുന്ന സാഹചര്യത്തിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതിന് ശേഷമെടുത്ത ഏകപക്ഷീയ തീരുമാനത്തിനോടാണ് ഇവർക്ക് അതൃപ്തി.
നഗരസഭയുടെ തീരുമാനം വരുന്ന ദിവസം രാവിലെക്കൂടി 30,000 രൂപ ചെലവഴിച്ച് സാധനങ്ങൾ വാങ്ങിയെന്ന് സുഷിൽ മണലാറുകാവ് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. ഇത്തവണ കളി നടന്നിട്ടില്ലെങ്കിൽ ഭീമമായ നഷ്ടമുണ്ടാകും. 2.75 ലക്ഷം രൂപ ഇതിനോടകം അഡ്വാൻസ് നൽകിക്കഴിഞ്ഞു. 13 ലക്ഷത്തിലധികമാണ് മുഴുവൻ ചെലവ്. ടാബ്ലോ, മേളം, ലൈറ്റ്സ്, ആർടിസ്റ്റ് എന്നിങ്ങനെ വിവിധ ആവശ്യക്കാർക്കുള്ള പണം അഡ്വാൻസായി നൽകിക്കഴിഞ്ഞു.
മൊത്തം തുകയിൽ, 2.5 ലക്ഷം രൂപ തൃശ്ശൂർ നഗരസഭ നൽകും. ഇത്തവണ ഈ തുക 3.25 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ കേന്ദ്രടൂറിസം വകുപ്പും ഒരു ലക്ഷം രൂപ നൽകുന്നുണ്ട്. ബാക്കി തുക സ്പോൺസർഷിപ്പും പിരിവും വഴിയാണ് കണ്ടെത്തുന്നത്. ഇത്തവണ പതിനൊന്ന് ദേശമുണ്ടാകുമെന്ന് പറഞ്ഞിരുന്നങ്കിലും ഒമ്പത് ദേശക്കാരാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് അഞ്ചായി ചുരുങ്ങിയിരിക്കുന്നു. സ്പോൺസർഷിപ്പ് കണ്ടെത്തുന്നതിലുള്ള പ്രശ്നമാണ് ദേശക്കാരെ പിന്നോട്ട് വലിക്കുന്നതെന്നാണ് സുഷീലിന്റെ അഭിപ്രായം.
വിഷയത്തിൽ, സർക്കാർ തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് തൃശ്ശൂരിലെ ഒരുകൂട്ടം കലാകാരന്മാർ. എതിർപ്പുകൾ ഉയർന്നതോടെ തദ്ദേശവകുപ്പ് മന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് മേയർ. അടുത്തദിവസങ്ങളിൽ വിഷയത്തിൽ അന്തിമതീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഓരോ വർഷത്തെ പുലിക്കളി കഴിയുമ്പോൾ ആരംഭിക്കുന്നതാണ് അടുത്തതിനായുള്ള തയ്യാറെടുപ്പ്. അവസാനമാസങ്ങളിലെത്തുന്നതോടെ ഇത് പ്രവർത്തനങ്ങൾ ഊർജ്വസ്വലമാകുന്നു. സർക്കാർ ഇടപെട്ട് തന്നെ കാക്കേണ്ടതുണ്ട് നമ്മുടെ തനത് കലാരൂപങ്ങളെ. നമ്മുടെ ചരിത്രത്തെ. കാത്തിരിക്കാം ചുവടുവെച്ച് രാജവീഥിയിലിറങ്ങുന്ന പുലികളേയും..താളംപിടിച്ച് ഒപ്പംകൂടുന്ന തൃശ്ശൂരുകാരേയും.
മനുഷ്യനെ പുലിയാക്കുന്ന കരവിരുത്
നാവ് പുറത്തേക്കിട്ട് വയറുംകുലുക്കി ആടി വരുന്ന പുലികളുടെ ചന്തത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് ഒരു ചിത്രകാരന്റെ ജാലവിദ്യയാണ്. പുരുഷന്മാരുടെ നെഞ്ചിന്റെ ഭാഗത്ത് പുലിക്കണ്ണും താഴേയ്ക്ക് നാവും പല്ലുമെല്ലാം വരുന്നു. അത്ര എളുപ്പമല്ല ഈ ജോലി. മനുഷ്യരുടെ ശരീരഘടനയുടെ തികഞ്ഞ വേഷങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് പുലികളെ അണിയിച്ചൊരുക്കുന്ന യുവജനസംഘം വിയ്യൂർ ദേശത്തിന്റെ ചിത്രകാരൻ സനിൽ പെരിങ്ങാവ്. മഞ്ഞ, വെള്ള, കറുപ്പ് നിറങ്ങളാണ് സാധാരണ നാടൻ പുലികൾക്കായി ഉപയോഗിക്കുന്ന നിറം. കൂടാതെ, പല കാലങ്ങളായി വ്യത്യസ്തതകളും പരീക്ഷിച്ചിട്ടുണ്ട്. ഫ്ലൂറസന്റ് നിറങ്ങൾ ഉപയോഗിച്ചുള്ള ഫാൻസി പുലികളേയും എൽ.ഇ.ഡി. ഉപയോഗിച്ചുള്ള പ്രത്യക പുലികളും പലപ്പോഴായി നിരത്തിലിരങ്ങിയിട്ടുണ്ട്. ഓരോ ദേശത്തിന്റെ സീക്രട്ടാണ് പുലികളിൽ ഉപയോഗിക്കുന്ന നിറവും അതിൽ കൊണ്ടുവരുന്ന വ്യത്യസ്തതയുമെന്നാണ് സനിൽ പറയുന്നത്.
"തടിച്ച ശരീരപ്രകൃതമുള്ളവർക്ക് വലിയ മാർക്കറ്റാണ് പുലിവേഷം കെട്ടാൻ. എന്ത് വിലകൊടുത്തും ഇവരെ സ്ഥലത്തെത്തിക്കാനുള്ള ശ്രമം ദേശങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകും. കൂടുതലും തൃശ്ശൂർ ഭാഗത്ത് നിന്നുള്ളവരാണെങ്കിലും വലിയ തുകയ്ക്ക് മറ്റ് ജില്ലകളിൽ നിന്നെത്തി വേഷംകെട്ടി ചുവടുവെയ്ക്കുന്നവരുമുണ്ട്. ഒരു ദിവസം 10,000 വരെ വാങ്ങി വീഥിയിലേക്കിറങ്ങിയ താരപ്പുലികളുമുണ്ട്. ഓരോരുത്തർക്കും അവരുരടേതായ രീതിയിലാണ് ചായം വരയ്ക്കുക. സ്ത്രീകൾ പുലിവേഷം കെട്ടുമ്പോൾ ബനിയൻ ധരിച്ചതിന് ശേഷമാണ് വരയ്ക്കുക. മുഖത്ത് മാസ്ക്, കൈയ്യിലും കാലിലും സാധാരണ ഉപയോഗിക്കുന്ന പെയിന്റ് എന്നാണ് രീതി. ഇനി കുഞ്ഞുപുലികളിലാണെങ്കിലോ, അവർക്ക് വേഗം പെയിന്റ് പോകാൻ സാധിക്കുന്ന രീതിയിൽ ചെയ്യുന്നതാണ് പതിവ്.
പുലികൾക്കായുള്ള മുഖമൊരുക്കുന്നതും മാസങ്ങളോളം നീണ്ട ജോലിയാണ്. പണ്ടുകാലത്ത് മുഖത്തും ചായം തേയ്ക്കുന്നതായിരുന്നു പതിവ്. പിന്നെ പ്ലാസ്റ്റിക് മുഖങ്ങളിറങ്ങി. ഇപ്പോൾ ഉപയോഗിക്കുന്നത് ഫൈബർ മോൾഡ് ചെയ്തിട്ടുള്ള മുഖങ്ങളാണ്. ഇത്തരത്തിലുള്ള ഒരു മുഖത്തിന് മാത്രം 1200 രൂപയോളം വരും. പുലികൾക്കായുള്ള മുഖങ്ങൾ കലാകാരന്മാർ നേരത്തെ പണിതീർത്ത് വെയ്ക്കും".
നേരത്തെ വീടിന്റെ അടുത്തൊക്കെ ടീമുകളുണ്ടായിരുന്നുവെന്നാണ് സനിൽ പറയുന്നത്. "അവിടെ നിന്നാണ് കല പഠിച്ചത്. പന്ത്രണ്ട് കൊല്ലമായി ഇത് ചെയ്യുന്നു. ഇപ്പോൾ സാമ്പത്തിക പ്രശ്നമായതോടെ ടീമുകളെല്ലാം ഇല്ലാതായി. ഇതിനോടൊരു താത്പര്യമുണ്ട്. ചെറുപ്പം മുതൽ വരയ്ക്കുകയും ചെയ്യും. വയനാട് ദുരന്തമുണ്ടായതോടെ, തൃശ്ശൂരിലെ മാത്രമല്ല മറ്റ് സ്ഥലങ്ങളിൽ നിന്നും വിളിച്ചവരും ആഘോഷപരിപാടികൾ ഒഴിവാക്കുയതോടെ സാമ്പത്തികമായി ഞെരുങ്ങിയ അവസ്ഥയിലാണ്", സനിൽ പറഞ്ഞു.
Content Highlights: pulikkali onam celebration thrissur 2024
Published: 17 Aug 2024, 04:37 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented