ഓണക്കാലം എന്നാല്‍ കച്ചവടം പൊടിപൊടിക്കുന്ന കാലമാണ്. അലങ്കാര വസ്തുക്കളുടേയും പരമ്പരാഗത വസ്ത്രങ്ങളുടേയും ശേഖരവുമായി ഓണ വിപണിയിലേക്ക് എത്തിയിരിക്കുകയാണ് ഡൗണ്‍സിന്‍ഡ്രോം ബാധിച്ച പെണ്‍കുട്ടികളുടെ സംരഭമായ സര്‍ഗശേഷി.  കോഴിക്കോട്ടെ സൈബര്‍പാര്‍ക്കിലാണ് ടീനാ മറിയം തോമസ്, കെ.സി അഞ്ജന, അഞ്ജലി സുരേന്ദ്രന്‍, അനുശ്രീ എന്നിവര്‍ ചേര്‍ന്ന് സര്‍ഗശേഷിയുടെ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. സാധനങ്ങള്‍ വില്‍ക്കുന്നതും സ്റ്റാള്‍ നടത്തുന്നതും എല്ലാം ഇവര്‍ തന്നെ.

To advertise here,

ഓണപ്പരിപാടികള്‍ക്ക് അണിഞ്ഞൊരുങ്ങാന്‍ ചകിരിയിലും ടെറാകോട്ടയിലും നിര്‍മിച്ച ആഭരണങ്ങള്‍, വീട് മോടിയാക്കാന്‍ ആറന്മുള കണ്ണാടി, ശില്‍പ്പങ്ങള്‍, മരത്തില്‍ നിര്‍മിച്ച ക്ലോക്കുകള്‍ തുടങ്ങിയവയെല്ലാം ഇവരുടെ സ്റ്റാളിലുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് ഓണസമ്മാനം നല്‍കാന്‍ കൈത്തറി വസ്ത്രങ്ങളുള്‍പ്പെട്ട ഗിഫ്റ്റ് ബോക്‌സും ഇവര്‍ വില്‍പ്പനയ്ക്കായി തയ്യാറാക്കിയിട്ടുണ്ട്. അതും പല വിലകളില്‍. കളര്‍സാരി, കസവ് സാരി, ഹാന്റ് ലൂം, ലിനന്‍ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുട്ടിയുടുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയെല്ലാം ഗിഫ്റ്റ് ബോക്‌സില്‍ ഉണ്ട്.

സാധനങ്ങള്‍ വിറ്റുകിട്ടുന്ന വരുമാനം ഡൗണ്‍സിന്‍ഡ്രോം ബാധിച്ചവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കാനാണ് ഉദ്ദേശിക്കുന്നത്. വില്‍പ്പനയ്‌ക്കെത്തിച്ച അലങ്കാര വസ്തുക്കളില്‍ പലതും ഇവര്‍ തന്നെ നിര്‍മിച്ചതാണ്. യുഎല്‍ കെയര്‍ നായനാര്‍ സദനത്തില്‍ നിന്നാണ് ഇവര്‍ക്ക് പരിശീലനം ലഭിച്ചത്. ഇരിങ്ങലിലെ സര്‍ഗാലയയില്‍ നിന്നുള്ള കരകൗശലവസ്തുക്കളും ഇവരുടെ സ്റ്റാളിലുണ്ട്. 

കോവളത്തെ കേരളാ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജാണ് കൂത്താംപ്പുള്ളി, ബാലരാമപുരം തുടങ്ങിയ ഹാന്‍ഡ്‌ലൂം സൊസൈറ്റികളില്‍ നിന്ന് ഇവരുടെ സ്റ്റാളുകളിലേക്ക് കൈത്തറി വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കിയത്. കോഴിക്കോട് നടക്കാവില്‍ സര്‍ഗശേഷി എന്ന പേരില്‍ ഒരു കടയും ഈ മിടുക്കികളുടേതായുണ്ട്.