
ആര്‍ത്തലച്ചുവരുന്ന തിരമാലകള്‍ ഒരുനിമിഷം ഒന്ന് വഴിമാറിത്തന്നാലോ, കാലില്‍ കടല്‍ വെള്ളം വന്ന് കൊലുസിട്ടാലോ, കടലിലൂടെ നടന്ന് കാഴ്ചകളുടെ മാന്ത്രിക ദ്വീപിലേക്ക് പോയാലോ, കേള്‍ക്കുമ്പോള്‍ ഒരുഫാന്റസി കഥ പോലെ തോന്നുമെങ്കിലും കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം തുരുത്തിലെത്തിയവരെല്ലാം ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കടലിന്റെ ഹൃദയത്തിലെ മരതക ദ്വീപാണ് ധര്‍മ്മടം തുരുത്ത്. അറബിക്കടലിന്റെ വിരിമാറില്‍ കരയില്‍ നിന്ന് വിളിപ്പാടകലെ കടലിന്റെ നെഞ്ചില്‍ മയങ്ങുന്ന പ്രകൃതിയുടെ മായാജാലവിരുത്. കണ്ണൂര്‍ തലശ്ശേരിക്കടുത്ത ധര്‍മ്മടത്ത് നാലു ഭാഗവും അറബിക്കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ആറ് ഏക്കര്‍ വരുന്ന കൊച്ചു ദീപാണ് ധര്‍മ്മടം തുരുത്ത്. തെങ്ങുകളും ഇടതിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് അപൂര്‍വ്വ ഇനം സസ്യങ്ങളുടെ കലവറ കൂടിയാണ്. കടലിലൂടെ നടന്ന് തുരുത്തിലേക്ക് പോകാം എന്നതാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സ്വകാര്യ ദ്വീപായിരുന്നു ഇവിടം 1998 ലാണ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും ടൂറിസം പദ്ധതിയുടെ ഭാഗമാക്കുന്നതും. അതോടെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി.
പുഴ കടന്ന് കടല്‍, കടല്‍ കടന്ന് ദ്വീപിലേക്ക്...
കേക്കിന്റെ ക്രിക്കറ്റിന്റെയും സര്‍ക്കസിന്റെ നഗരം, രുചിപ്പെരുമയുടെയും ചരിത്രപ്പെരുമയുടെയും ഈറ്റില്ലമായ തലശ്ശേരിയില്‍ നിന്ന് വിളിപ്പാടകലെയാണ് ധര്‍മ്മടം തുരുത്ത് സ്ഥിതിചെയ്യുന്നത്. തലശ്ശേരിയില്‍ ഇറങ്ങിയില്‍ ദേശീയപാത 66 വഴി കണ്ണൂരിലേക്ക് ഏത് ബസ് കയറിയാലും ധര്‍മ്മടത്ത് ഇറങ്ങാം. അവിടെ നിന്ന് ധര്‍മ്മടം ബീച്ച് റോഡിലേക്ക് തിരിഞ്ഞ് അല്‍പം സഞ്ചാരിച്ചാല്‍ പഞ്ചാരമണല്‍ കഥ പറയുന്ന അറബിക്കടലിന്റെ തീരം മാടിവിളിച്ച് തുടങ്ങി. സഞ്ചാരികളെ ആകര്‍ഷിക്കാനായി ബീച്ചിന്റെ പ്രവേശന ഭാഗത്ത് ബീച്ച് പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാനും സഞ്ചാരികള്‍ക്ക് വിശ്രമിച്ച് കടല്‍ കാഴ്ചകള്‍ നുകരാനുമൊക്കെയുള്ള സൗകര്യം ഇവിടെയുണ്ട്. പാര്‍ക്ക് കടന്നാല്‍ നേരെ ധര്‍മടം ബീച്ചിലേക്ക് പ്രവേശിക്കാം. ബീച്ചില്‍ നിന്ന് കടലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ ഒറ്റയാന്‍ തുരുത്തിനെ കാണാം.
സമയം മുഖ്യ ബിഗിലേ....
കടലിലൂടെ ഏത് സമയത്തും നടന്ന് ധര്‍മടം തുരുത്ത് കണ്ട് വരാം എന്നാരും തെറ്റിദ്ധരിക്കരുത്. അങ്ങനെ വിചാരിച്ച് കടലിലിറങ്ങിയാല്‍ കാരാക്കാണക്കടല്‍ നമ്മുടെ ജീവനും കൊണ്ട് അങ്ങ് പോകും. ഓരോ ദിവസത്തെയും വേലിയിറക്ക സമയത്താണ് കടലിലൂടെ നടന്നാല്‍ ധര്‍മ്മടം തുരുത്തിലേക്ക് പോകാനാകുക. ഈ സമയത്ത് തിരമാലകളുടെ ശക്തികുറയുകയും കടല്‍വെള്ളം ഉള്‍വലിയുകയും ചെയ്യും. ഓരോ ദിവസത്തെയും വേലിയേറ്റ-വേലിയിറക്ക സമയങ്ങള്‍ കൃത്യമായി അന്വേഷിച്ച് വേണം തുരുത്തിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്യാന്‍ എന്ന് സാരം. തുരുത്തിലേക്ക് കൂടെ വരാനും അവിടത്തെ കാര്യങ്ങള്‍ വിശദീകരിക്കാനും പ്രദേശവാസികള്‍ തന്നെ സഹായത്തിനായി എത്തും. ഇവരെ ആശ്രയിക്കുന്നത് സുരക്ഷിതമായി തുരുത്ത് സന്ദര്‍ശിച്ച് തിരിച്ചെത്താന്‍ ഏറെ ഉപകാരപ്പെടും. വേലിയിറക്ക സമയമെല്ലങ്കില്‍ തുരുത്തിലേക്ക് പോകാന്‍ വള്ളങ്ങളെയും ബോട്ടുകളെയും ആശ്രയിക്കുന്നതാണ് സുരക്ഷിതം.
നടന്ന് കടല്‍ കടക്കാം..
കടല്‍ വഴിമാറി തരുന്ന വേലിയിറക്ക സമയം അതിലൂടെ തുരുത്തിലേക്ക് നടക്കുന്നത് എന്നത് ഏറെ രസകരമായ അനുഭവമാണ് സമ്മാനിക്കുക. തിരമാലമകള്‍ക്ക് ശക്തികുറയുകയും വെള്ളം ഉള്‍വലിയുകയും ചെയ്യും, ഇതോടെ കാല്‍പാദത്തിന് അല്‍പം മുകളില്‍ മാത്രമേ കടല്‍ വെള്ളുണ്ടാകുകയുള്ളു. ചെറിയ ശക്തിയില്‍ കടല്‍ കാലില്‍ കൊരുക്കുമ്പോള്‍ ആ യാത്ര ഹൃദയത്തില്‍ എന്നും സൂക്ഷിക്കാവുന്ന ഒന്നായി മാറും. ഒരുകീലോമീറ്ററോളം ദൂരം കടലിലൂടെ നടന്നാല്‍ തുരുത്തിലേക്ക് എത്താം. തുരുത്തിന് ചുറ്റുമായി നിറച്ച് പാറക്കൂട്ടങ്ങള്‍ നമ്മെ അവിടേക്ക് സ്വാഗതം ചെയ്യും. മറ്റ് തീരങ്ങളില്‍ കാണാത്ത തരത്തിലുള്ള ഈ പാറകള്‍ പ്രത്യേകതരം സൗന്ദര്യമുള്ളവയാണ്. കടല്‍ കടന്ന് തുരുത്തിലേക്ക് എത്തിയാല്‍ പ്രധാന ആകര്‍ഷണം അവിടെ നിറയുന്ന പച്ചപ്പ് തന്നെയാണ്. നീലക്കൊടുവേലി, നഞ്ച്, ചേറ്,താന്നി, ആമകഴുത്ത്, പുല്ലാനി ഉള്‍പ്പെടെ അപൂര്‍വ്വങ്ങളായ സസ്യങ്ങളുടെ വലിയ കലവറയാണ് ധര്‍മടം തുരുത്ത്. അപൂര്‍വ്വ ഇനങ്ങളില്‍പ്പെട്ട പക്ഷികളും ഇവിടെയുണ്ട്. ആറ് ഏക്കര്‍ വരുന്ന തുരുത്തില്‍ ശുദ്ധജല സാന്നിധ്യമുള്ള ഒരു കിണറുണ്ട്. ചുറ്റും കടലാണെങ്കിലും തുരുത്തിനുള്ളിലെ കിണറിനുള്ളില്‍ ശുദ്ധജലം തന്നെ ലഭിക്കുന്നുവെന്നത് ഒരുപൂര്‍വതയായി ഇന്നും സഞ്ചാരികള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു. തുരുത്തിലൂടെയുള്ള യാത്ര ഓരോ സഞ്ചാരിക്കും ഒരപൂര്‍വ അനുഭവം തന്നെയാണ് സമ്മാനിക്കുക. തുരുത്തിലെ കാഴ്ചകളില്‍ മതിമറന്നിരിക്കാതെ വേലിയേറ്റത്തിന് മുമ്പ് തിരിച്ച് കരയിലേക്ക് എത്താന്‍ പ്രത്യേക ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ തുരുത്തില്‍ തന്നെ ഒരുരാത്രി കഴിയേണ്ടി വരും. ഏത് സമയത്ത് വന്നാലും സ്വകാര്യ വ്യക്തികളുടെ തോണി ബുക്ക് ചെയ്ത് തുരുത്ത് സന്ദര്‍ശിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. തലശേരിയില്‍ നിന്നും മൂന്നര കിലോമീറ്റര്‍ ദൂരത്തിലും കണ്ണൂരില്‍ നിന്നും പത്തു കിലോമീറ്റര്‍ ദൂരത്തിലുമാണു തുരുത്ത് സ്ഥിതി ചെയ്യുന്നത്.
കാഴ്ചകളുടെ പറുദീസ
ധര്‍മ്മടം തുരുത്തില്‍ നിന്ന് വിളിപ്പാടകലെയാണ് മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച്. കേരളത്തിലെ തന്നെ ഏറ്റവും വലുതും മികവേറിയതുമായ ഡ്രൈവിങ് ബീച്ചെന്ന ഖ്യാതിയുള്ള മുഴപ്പിലങ്ങാട് കൂടി നിങ്ങളുടെ ധര്‍മ്മടം തുരുത്തിലേക്കുള്ള ട്രാവല്‍ പ്ലാനില്‍ ഉള്‍പ്പെടുത്താവുന്നതാണ്. തലശേരി കോട്ട, കടല്‍പ്പാലം, ഓവര്‍ബറീസ് ഫോളി, സീ വ്യൂ പാര്‍ക്കും എന്നിവയെല്ലാം ഈ വഴി മധ്യേയാണ്.
Content Highlights: dharmadam island kannur travel national tourism day
Published: 25 Jan 2024, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented