
സൗഹൃദ ഓര്‍മ്മകള്‍ എപ്പോഴും മധുരമുള്ളതായിരിക്കണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലല്ലോ. അത്തരത്തിലൊരു ഓര്മ എന്റെ കുട്ടിക്കാലത്തുമുണ്ടായിട്ടുണ്ട്. കുരുത്തക്കേടുംകൊണ്ട് ജനിച്ചപോലെയാണ് എന്റെ എല്ലാ പ്രവൃത്തികളും. ഒന്നു നടന്നു തുടങ്ങിയപ്പോള്‍ തന്നെ കുരുത്തക്കേടിന്റെ കാഠിന്യം കൊണ്ട് അമ്മ കെട്ടിയിട്ടിട്ടുണ്ട്. അമ്മയുടെ ജോലികള്‍ നടക്കണമെങ്കില്‍ ഞാന്‍ സ്വൈര്യം കൊടുക്കണമല്ലോ. അമ്മയെയും കുറ്റം പറയാന്‍ പറ്റില്ല. വയ്യാതെ കിടക്കുന്ന അച്ഛമ്മയെ പരിപാലിക്കലും ചേച്ചിയെ സ്കൂളിലയക്കലും വീട്ടിലെ ജോലികളുമെല്ലാമുണ്ട്. അതിന് പുറമെയാണ് എന്റെ കുരുത്തംകെട്ട സ്വഭാവം. ശരിക്കും വശംകെട്ടുകാണും പാവം. അച്ഛന് ജോലിയാവശ്യത്തിനായി തിരുവനന്തപുരത്തുണ്ടായിരുന്നപ്പോഴാണ് അമ്മ ജീവിതത്തില്‍ ഇത്രമാത്രം ബുദ്ധിമുട്ടനുഭവിച്ചുകാണുക. അങ്ങിനെയിരിക്കെ അച്ഛന് ലീവിന് വന്നപ്പോള്‍ രണ്ടുപേരും കൂടി ഈ കുരിപ്പിനെ ഒന്നാം ക്ലാസില്‍ ചേര്‍ത്തു. അന്നൊക്കെ ക്ലാസിലെ മുതിര്‍ന്നതെന്നു തോന്നിപ്പിക്കുന്ന, അത്യാവശ്യം കുട്ടികളെ അടക്കിയൊതുക്കി നിര്‍ത്താന്‍ ശേഷിയുള്ള കുട്ടികളെയാണ് ലീഡറായി തിരഞ്ഞെടുക്കുക. ടീച്ചര്‍ ക്ലാസിലില്ലാത്ത സമയം ലീഡര്‍ പിന്നെ ടീച്ചറാകും. വലിയ പേരുദോഷം കേള്‍പ്പിക്കാതെ ആദ്യകുറച്ചു ആഴ്ചകള്‍ നീങ്ങിപ്പോയി.
ഞങ്ങളുടെ ലീഡര്ക്കൊരു പ്രത്യേകതയുണ്ട്. ടീച്ചര്‍ ക്ലാസിലില്ലാത്തപ്പോള് ടീച്ചറുടെ വടിയെടുത്ത്, സംസാരിക്കുന്നവരെയും കുരുത്തക്കേട് കാണിക്കുന്നവരെയും നല്ലപോലെ അടിക്കും. ഒരു ദിവസം ടീച്ചര്‍ ക്ലാസിലില്ലാത്ത ദിവസം സംസാരിച്ചതിന് എനിക്കും കിട്ടി ഒരടി. പൊതുവെ നല്ല സ്വഭാവമായതുകൊണ്ട് ഞാനുണ്ടോ മിണ്ടാതിരിക്കുന്നു. ദേഷ്യം വന്ന ഞാന്‍ തിരിച്ചടിക്കാനുള്ള വടി പരതുന്നതിനിടെ ചട്ടയുള്ള സ്ലേറ്റ് കണ്ടു. സ്ലേറ്റ് ഡെസ്കിന്റെ കാലിനടിയില്‍ വെച്ച് പൊട്ടിച്ച് ആ ചട്ടകൊണ്ട് അറഞ്ചം പുറഞ്ചം തിരിച്ചടിച്ചു. വെളുത്ത് തുടുത്ത് ഒരു ചബ്ബിക്കുട്ടിയായിരുന്ന അവളുടെ ദേഹമാകെ അടികൊണ്ട് നീലിച്ചുവന്നു. അപ്പോഴേക്കും ടീച്ചേഴ്സ് വന്ന് എന്നെ പിടിച്ചുമാറ്റി.
വൈകീട്ട് സ്കൂളില്‍ എന്നെ വിളിക്കാന്‍ വന്ന അമ്മ ഗേറ്റിനടുത്തുനിന്നുതന്നെ ഈ കഥയറിഞ്ഞു. എന്റെ സ്വഭാവം നന്നെ അറിയാവുന്നതുകൊണ്ട് എന്റെ ക്ലാസ് വരെ പരിഭ്രാന്തിയോടെ ഓടിയെത്തുകയായിരുന്നു. അവളെ കണ്ടയുടനെ അമ്മ രൂക്ഷഭാവത്തിലൊന്നെയൊന്ന് നോക്കുകയും അവളെ സ്നേഹത്തോടെ തലോടുകയും അവളുടെ അച്ഛനോട് ക്ഷമയാചിക്കുകയും ചെയ്തു. അന്നവളുടെ അച്ഛനായിരുന്നു അവളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നത്. എന്റെ രക്ഷിതാവിനെകണ്ട് നല്ലപോലെ ശാസിക്കണമെന്നോമറ്റോ കരുതിയ അവളുടെ അച്ചന് എന്റെ അമ്മയുടെ പരവേശവും വെപ്രാളവും കണ്ട് കുട്ടികളല്ലെ എന്ന് പറഞ്ഞ് അമ്മയെ സമാധാനിപ്പിക്കുകയാണുണ്ടായത്. അമ്മയുടെ ആ നോട്ടം കണ്ട് പേടിച്ചിട്ടോ അവളുടെ നീലിച്ച കുഞ്ഞു കൈകള്‍ കണ്ടതുകൊണ്ടോ എന്തോ എനിക്കാ സംഭവം മനസില്‍ ഒരു മായാത്ത നോവായി അവശേഷിച്ചു.
ഈ സൗഹൃദ ദിനത്തില്‍ ഈ കഥപറയാനെനിക്കൊരു കാരണമുണ്ട്. നീണ്ട ഇടവേളകള്‍ക്കുശേഷം ഞാന്‍ അവളെകണ്ടുമുട്ടിയപ്പോഴും ആ പഴയ കഥ തുറന്നു പറയാനുള്ള ധൈര്യമെനിക്കുണ്ടായിരുന്നില്ല. അതിനുള്ള ഒരവസരത്തിനായി ഞാന്‍ കാത്തിരുന്നു. അങ്ങിനെയിരിക്കെയാണ് കഴിഞ്ഞ മാസം വിദേശത്തുനിന്നുള്ള ഞങ്ങളുടെ സുഹൃത്ത് വന്നതും ആ പഴയ കുട്ടുകാരികളുടെ സംഗമം സംഘടിപ്പിച്ചതും. അന്ന് പഴയകാല ഓര്‍മകള്‍ അയവിറക്കുന്നതിനിടെ ഈ കഥയെക്കുറിച്ചോര്മയുണ്ടോയെന്നു ഞാനവളോട് ചോദിച്ചു. 'ആ എനിക്ക് നല്ല ഓര്‍മയുണ്ട് നീ എന്നെ അടിച്ചതൊക്കെ' എന്ന് പറഞ്ഞുകൊണ്ട് അവള് കുടുകുടാ ചിരിച്ചു. ആ ചിരിയില്‍ നീണ്ടവര്‍ഷത്തെ എന്റെ മനസിന്റെ വിങ്ങല്‍ അലിഞ്ഞില്ലാതായി. ഈ വര്‍ഷം മുതല്‍ ഇനിയങ്ങോട്ടുള്ള എല്ലാദിനവും ഞങ്ങള്‍ കളങ്കമില്ലാതെ സ്നേഹിച്ചുകൊണ്ടെയിരിക്കട്ടെ.
Content Highlights: national friendship day 2022
Published: 06 Aug 2022, 05:02 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented