തൃശ്ശൂർ: പ്രകടനപത്രികയിൽ ഏറ്റവും വലിയ സ്വപ്നമായി സുരേഷ്‌ഗോപി മുന്നോട്ടുവെച്ചിരിക്കുന്നത് കൊച്ചി മെട്രോയുടെ വികസനമാണ്. പടിപടിയായി കൊച്ചി മെട്രോ കോയമ്പത്തൂരിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കുന്ന ഈ ബദൽ പൂർണമാക്കുന്നതിന് ഏറെ കടമ്പയുണ്ടെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുമുണ്ട്. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ നടന്ന വികസന സെമിനാറിനുശേഷമാണ് പദ്ധതികൾ അദ്ദേഹം മുന്നോട്ടുവെച്ചത്.

To advertise here,

ആദ്യഘട്ടമായി കൊച്ചിയിൽനിന്ന് നെടുമ്പാശ്ശേരി വഴി തൃശ്ശൂരിലേക്ക്‌ മെട്രോ എത്തിക്കണമെന്നും അതുവഴി കൊച്ചിയുടെ ഇരട്ടസിറ്റിയായി തൃശ്ശൂർ മാറുമെന്നുമാണ് പ്രകടനപത്രികയിൽ അവകാശപ്പെടുന്നത്. സംസ്ഥാന സർക്കാർകൂടി സഹകരിച്ചാൽ സ്വപ്‌നം യാഥാർഥ്യമാകുമെന്ന് സുരേഷ്ഗോപി പ്രചാരണവേളയിൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

തൃശ്ശൂർ-ഗുരുവായൂർ പാത ഇരട്ടിപ്പിക്കുകയും ഗുരുവായൂരിൽനിന്നും തിരൂരിലേക്ക്‌ റെയിൽപ്പാത നീട്ടുകയും ചെയ്യുകയെന്നതാണ് മറ്റൊരു പദ്ധതി. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ഇത് നടപ്പാക്കുമെന്നും പ്രകടനപത്രികയിൽ അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.

ഷൊർണൂരിൽനിന്ന് നഞ്ചങ്കോട്ടയിലേക്കുള്ള റെയിൽപ്പാതയാണ് മറ്റൊരു വാഗ്ദാനം. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ പദ്ധതി.

ട്രോൾ അമ്പുകളിൽ കുരുങ്ങാതെ...

തൃശ്ശൂർ: തിരഞ്ഞെടുപ്പുകാലത്ത് വ്യക്തിപരമായ ട്രോളുകൾ ഏറ്റവും കൂടുതൽ നേരിട്ടയാൾ സുരേഷ്ഗോപിയാണ്. സുരേഷ്ഗോപി തൃശ്ശൂരിൽ സജീവമായപ്പോൾത്തന്നെ ട്രോളുകളുടെ രൂപത്തിൽ സാമൂഹികമാധ്യമങ്ങളിൽ അധിക്ഷേപങ്ങളോളം നീളുന്ന പരിഹാസങ്ങൾ നിറഞ്ഞിരുന്നു. ഇതിലേറെയും ഇടതു-വലതു മുന്നണികളുടെ വകയായിരുന്നു.

എന്നാൽ, ഇതിൽ മിക്കതും സുരേഷ്‌ഗോപിക്ക് അനുകൂലമായിത്തീർന്നു. ലൂർദ്മാതാവിന് കിരീടം സമർപ്പിച്ചതുമായി ബന്ധപ്പെട്ട ട്രോളുകളുണ്ടായത് സുരേഷ് ഗോപി ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കുമോയെന്ന ഭയത്തിൽനിന്നായിരുന്നു.

കിരീടം ചെന്പാണെന്നുവരെ പ്രചാരണമുണ്ടായി. എന്നാൽ, പറഞ്ഞ തൂക്കം സ്വർണം അതിലുണ്ടെന്നുമാത്രം പറഞ്ഞ് അദ്ദേഹം സംയമനം പാലിച്ചു. കിരീടസമർപ്പണം തന്റെ വ്യക്തിപരമായ വിശ്വാസമാണെന്നും പറഞ്ഞു. പള്ളി അധികൃതരും ഇതൊടൊപ്പം നിന്നതോടെ ആ ട്രോൾ മുനയൊടിഞ്ഞു.

സമർപ്പണസമയത്ത് കിരീടം വീണതും ട്രോൾ വീഡിയോകളായി. മാതാവിന്റെ അനിഷ്ടമാണ് ഇതിൽ പ്രതിഫലിക്കുന്നതെന്ന രീതിയിൽ കടുത്ത ഇടതുസഹയാത്രികർ വരെ ട്രോളി.

‘ചെമ്പ് ഗോപി’ എന്ന പ്രയോഗവും ഉണ്ടായി. എന്നാൽ, അതെല്ലാം കൂടുതൽ പിന്തുണ ലഭിക്കുന്നതാക്കാൻ സുരേഷ് ഗോപിക്കായി. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപിയുടെ നേതൃത്വത്തിൽ നടത്തിയ പദയാത്രയാണ് മറ്റൊരു ട്രോൾസാധ്യത തുറന്നത്. തൃശ്ശൂരിലേക്കു നടന്ന പദയാത്രയുടെ അവസാനഘട്ടത്തിൽ ക്ഷീണിതനായ സുരേഷ്‌ഗോപി വാഹനത്തിൽ പിടിച്ച് അടിവെച്ചുനടക്കുന്ന വീഡിയോ ആണ് ട്രോളാക്കിയത്.

‘തൃശ്ശൂർ ഞാനങ്ങ് എടുക്കുവാ’ എന്ന പ്രസ്താവനയെച്ചൊല്ലി മുമ്പുണ്ടായ ട്രോളുമായി ഇതിനെ ബന്ധപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ ആയാൽ എങ്ങനെ തൃശ്ശൂർ എടുക്കും എന്നായിരുന്നു ട്രോളർമാരുടെ ചോദ്യം.

വടക്കുന്നാഥക്ഷേത്രത്തിൽ തൊഴുതു പുറത്തിറങ്ങിയശേഷം കസവുമുണ്ടും തോളിലിട്ട് മറ്റൊരു പരിപാടിയിൽ പങ്കെടുത്ത ഫോട്ടോവെച്ച് സവർണ, മാടമ്പി, ഫ്യൂഡൽ രീതിയെന്നാണ് ട്രോളർമാർ ആരോപിച്ചത്. ഇതെല്ലാം നിഷ്‌പ്രഭമാക്കുന്ന വിജയവുമായാണ് സുരേഷ്ഗോപി കേന്ദ്രമന്ത്രിസഭയിലെത്തുന്നത്.

സുരേഷ്ഗോപി ‘ഗോവിന്ദ’ത്തിന്റെ ആഹ്ലാദം

തൃപ്രയാർ: നാട്ടിക എ.കെ.ജി. കോളനിയിലെ പുതിയ വീടിനു മുന്നിൽനിന്ന് സുരേഷ്ഗോപിയെക്കുറിച്ച് പറയുമ്പോൾ തെക്കേവീട്ടിൽ കണ്ണന്റെ ഭാര്യ സ്മിതയുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു. ഗോവിന്ദമെന്ന് പേരിട്ട ഈ വീട് സുരേഷ്ഗോപിയുടെ നന്മയാണ്. രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും സിറ്റൗട്ടുമൊക്കെയുള്ള വീട്ടിൽ കഴിയുമ്പോൾ ചോർച്ച തടയാൻ ടാർപായ വിരിച്ച പഴയ വീടിന്റെ ഓർമയാണ് സ്മിതയ്ക്ക്.

ബാങ്കിലെ വായ്പ അടച്ചുതീർക്കാമെന്നോ പുതിയ വീട് വയ്ക്കാമെന്നോ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് സ്മിത പറഞ്ഞു. വീടിന്റെ പൂമുഖത്ത് സുരേഷ് ഗോപിയുടെ ചിത്രങ്ങളുണ്ട്. ഹാളിൽ സുരേഷ്ഗോപി സമ്മാനമായി നൽകിയ ശ്രീകൃഷ്ണരൂപവും.

സ്മിത-കണ്ണൻ ദമ്പതിമാരുടെ മൂത്തമകൻ നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. സ്കൂളിലെ അധ്യാപികയുടെ വീട്ടിൽ സ്മിതയുടെ അയൽവാസി ജോലിചെയ്യുന്നുണ്ട്. തന്റെ അവസ്ഥ അവരോട് സ്മിത പറഞ്ഞിരുന്നു. അവരാണ് അധ്യാപികയോട് പറഞ്ഞത്. അധ്യാപിക സ്‌കൂളിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷിനോട് ഇക്കാര്യം പങ്കുവെച്ചു.

ശലഭ നേരിട്ടെത്തി കാര്യങ്ങൾ മനസ്സിലാക്കി. സഹപാഠിയുടെ വീട് ജപ്തിയിലാണെന്ന് എൻ.എസ്.എസ്. വൊളന്റിയർമാരെ ശലഭ ധരിപ്പിച്ചു. എൻ.എസ്.എസ്. യൂണിറ്റ് വിവിധ ചലഞ്ചുകളിലൂടെ പണം സമാഹരിച്ച് വീടിന്റെ ആധാരം വീണ്ടെടുത്തു.

എങ്ങനെയെങ്കിലും പണം സമാഹരിച്ച് കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിർമിക്കണമെന്ന് എൻ.എസ്.എസ്. യൂണിറ്റ് തീരുമാനിച്ചിരുന്നു. ആധാരം കൈമാറാനെത്തിയത് സുരേഷ്ഗോപിയാണ്. കുടുംബത്തിന്റെ നിസ്സഹായാവസ്ഥയും വീടിന്റെ മോശം അവസ്ഥയും അറിഞ്ഞ സുരേഷ്ഗോപി വേദിയിൽ വെച്ചുതന്നെ വീട് പണിയാൻ നാലുലക്ഷം രൂപ അനുവദിച്ചു. സ്വകാര്യവ്യക്തികളുടെ കൂടി സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ വീടിന്റെ ഗൃഹപ്രവേശത്തിനും സുരേഷ്ഗോപി എത്തിയിരുന്നു.

സുരേഷ്ഗോപിയുടെ നന്മയെ എത്ര വാഴ്‌ത്തിയാലും അധികമാകില്ലെന്ന് സ്മിത പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ പലതവണ സുരേഷ്ഗോപിയെ കണ്ടു. അപ്പോഴൊക്കെ ചേർത്തുനിർത്തി. തന്നെപ്പോലെ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേർക്ക് താങ്ങാകാൻ സുരേഷ്ഗോപിക്ക് കഴിയട്ടേയെന്നാണ് പ്രാർഥനയെന്നും സ്മിത പറഞ്ഞു. സ്മിതയുടെ ഭർത്താവ് പങ്കാളിത്തത്തോടെ ഇരുചക്ര വർക്ക്‌ഷോപ്പ് നടത്തുകയാണ്.

തങ്കയുടെ പ്രാർഥനയിൽ...

കരുവന്നൂർ: ‘‘സന്തോഷമുണ്ട്, ഇരട്ടി സന്തോഷം’’-സുരേഷ്ഗോപി എം.പി. ആയതിനു പിന്നാലെ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണെന്ന് അറിഞ്ഞപ്പോൾ കരുവന്നൂർ തേലപ്പിള്ളി കോളങ്ങാട്ടുപറമ്പിൽ തങ്ക (74) പറഞ്ഞു. കരുവന്നൂർ ബാങ്കിൽനിന്ന്‌ പണം ലഭിക്കാത്തതിനാൽ വിദഗ്‌ധചികിത്സ കിട്ടാതെ മരിച്ച ശശിയുടെ അമ്മ തങ്ക കൈകൂപ്പിയാണ് ആഹ്ളാദം പങ്കുവെച്ചത്.

‘‘വളരെ നല്ല മനുഷ്യനാണ്, എല്ലാവരെയും സഹായിക്കാനുള്ള മനസ്സുണ്ട്. താനെന്നും പ്രാർഥിക്കാറുണ്ട്’’-ഉമ്മറത്ത് ചുമരിൽ ദൈവങ്ങളുടെ ചിത്രങ്ങളോടൊപ്പം വെച്ചിരിക്കുന്ന സുരേഷ്ഗോപിയുടെ ചിത്രം കാണിച്ച് തങ്ക കൂട്ടിച്ചേർത്തു. ശശിയുടെ ചികിത്സയുടെ സമയത്ത് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം കിട്ടിയിരുന്നില്ല. അത് ഡിവിഷൻ കൗൺസിലറോട് പറഞ്ഞിരുന്നു. പിന്നീട് ചാനലുകളിൽ വന്നതിനുശേഷമാണ് സുരേഷ്ഗോപി ഇവിടെ വന്നതെന്ന് തങ്കയോടൊപ്പം താമസിക്കുന്ന ശശിയുടെ സഹോദരി മിനി പറഞ്ഞു.

ചികിത്സയ്ക്ക് പണം കിട്ടാത്തതിനാൽ പലരിൽനിന്നായി വാങ്ങിയ മൂന്നുലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. അത് വീട്ടിത്തരാമെന്ന് അദ്ദേഹം പറഞ്ഞു. ആ വാക്ക് പാലിച്ചു. കാറളത്ത് നടന്ന കോഫി വിത്ത് എസ്.ജി. പരിപാടിയിൽവെച്ച് കടം തന്നവർക്ക് അതിന്റെ ചെക്കുകൾ സുരേഷ്ഗോപി നൽകി.

15 വർഷമായി തങ്ക ചികിത്സയിലാണ്. രക്തം കട്ടപിടിക്കാതിരിക്കാൻ ആയിരത്തിലേറെ രൂപയുടെ മരുന്ന് ഓരോ മാസവും വേണം. ജീവിതകാലം മുഴുവൻ ഈ മരുന്ന് കഴിക്കണം. സുരേഷ്ഗോപി അതറിഞ്ഞപ്പോൾ മരുന്നിനുള്ള പണവും തരാൻ തയ്യാറായി. മൂന്നുമാസം കൂടുമ്പോൾ ബി.ജെ.പി. മണ്ഡലം ഭാരവാഹികൾ വഴിയാണ് മരുന്നിനുള്ള പണം എത്തിച്ചുനൽകിയിരുന്നത്. രണ്ടുതവണ അങ്ങനെ പണം തന്നു. പിന്നീട് മകന് ജോലി കിട്ടിയപ്പോൾ ആ പണം ചികിത്സയ്ക്ക് പണം കിട്ടാതെ ബുദ്ധിമുട്ടുന്ന മറ്റാർക്കെങ്കിലും നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയായിരുന്നെന്നും മിനി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പുസമയത്ത് രണ്ടുതവണ സുരേഷ്ഗോപിയെ കണ്ടു. തേലപ്പിള്ളിയിൽവെച്ചും പി.ടി.ആർ. മഹല്ലിൽവെച്ചും. തേലപ്പിള്ളിയിൽ വിളക്ക് കത്തിക്കാൻ വേണ്ടിയാണ് കൊണ്ടുപോയതെന്ന് തങ്ക പറഞ്ഞു. തന്നെ പൊന്നാടയണിയിച്ച് ആദരിച്ചതായും തങ്ക ഓർത്തു. ബാങ്കിലെ പണം ഇപ്പോഴും കിട്ടിയിട്ടില്ല. പലതവണ അപേക്ഷ നൽകിയിരുന്നു. സ്ഥിരനിക്ഷേപമായതിനാലാണ് തരാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നത്.

കഴിഞ്ഞ മാസം ശശിയുടെ പേരിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപയും തങ്കയുടെ പേരിലുണ്ടായിരുന്ന ഒരുലക്ഷത്തോളം രൂപയും പിൻവലിച്ച് പാസ്ബുക്കിൽ വരവുവെച്ചിട്ടുണ്ട്. എന്നാൽ, പിൻവലിക്കാൻ അനുവദിച്ചിട്ടില്ല. കുറച്ച് കടംകൂടിയുണ്ടെന്ന നിലയിൽ കഴിഞ്ഞ മാസം അപേക്ഷ നൽകിയിട്ടുണ്ട്. ഇതുവരെയും കിട്ടിയിട്ടില്ലെന്നും തങ്ക കൂട്ടിച്ചേർത്തു.

പ്രസാദയിൽ കണ്ണുംനട്ട്‌ ക്ഷേത്രങ്ങൾ...

തൃശ്ശൂർ: സുരേഷ്ഗോപി കേന്ദ്രമന്ത്രിസഭയിൽ അംഗമാകുന്നതോടെ പ്രസാദ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതീക്ഷകളും ഉയരങ്ങളിലാണ്. വടക്കുന്നാഥക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പ്രതീക്ഷകളുണ്ട്.

ആകെ 150 കോടിയുടെ വികസനപദ്ധതികളാണ് പ്രതീക്ഷിക്കുന്നത്. ആരാധനാലയം എന്നതിലുപരിയായി പുരാവസ്തുമൂല്യം കൂടിയുള്ള നിർമിതികളാണിവ. പദ്ധതിരേഖ സമർപ്പിച്ചിട്ട് ഒരുവർഷമായെങ്കിലും ഇതുവരെ അനുകൂലനീക്കമൊന്നും ഉണ്ടായിരുന്നില്ല. സുരേഷ്‌ഗോപി മന്ത്രിയാകുന്നതോടെ ഇതിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷ.

വടക്കുന്നാഥക്ഷേത്രം

ചോർന്നൊലിക്കുന്ന കൂത്തമ്പലം, ഇടിഞ്ഞുവീഴാറായ കിഴക്കേഗോപുരം -വടക്കുന്നാഥക്ഷേത്രത്തിന് എണ്ണിപ്പറയാൻ പരാധീനതകൾ ഏറെയുണ്ട്. ഇതിനൊരു ഉത്തരമാണ് പ്രസാദ പദ്ധതിയിൽ കണ്ടിരുന്നത്. 50 കോടിയുടെ പദ്ധതിയാണ് ഇതിനായി കേന്ദ്രസർക്കാരിലേക്ക് സമർപ്പിച്ചിരുന്നത്. എന്നാൽ, ഇതു നടക്കാത്തതിനെത്തുടർന്ന് മറ്റു വഴികൾ തേടിത്തുടങ്ങുകയും ചെയ്തിരുന്നു. സുരേഷ്‌ഗോപി മന്ത്രിയായതോടെ കാടുമൂടിയ ഈ പ്രതീക്ഷകളിലേക്കാണ് വീണ്ടും വെളിച്ചം കടക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേഗോപുരത്തിന്റെ മേൽക്കൂര ചെരിഞ്ഞ നിലയിലാണ്. മരത്തിലെ കൊത്തുപണികളിൽ നല്ലൊരു ഭാഗം ചിതൽ തിന്നു നശിപ്പിച്ചു. ഏഴുവർഷമായി ഇരുമ്പിന്റെ കാലുകളാണ് ഗോപുരത്തെ താങ്ങിനിർത്തുന്നത്. അറ്റകുറ്റപ്പണി വൈകിയാൽ ഗോപുരം വീണുപോകുമെന്ന ഭയം അധികൃതർക്കുണ്ട്. അഞ്ഞൂറുവർഷത്തോളം പഴക്കമാണ് കിഴക്കേഗോപുരത്തിനുള്ളത്.

അഞ്ചുവർഷത്തിലേറെയായി കൂത്തമ്പലവും ചോർച്ചയിലാണ്. മേൽക്കൂരയിൽ മേഞ്ഞ ചെമ്പോലകൾക്കിടയിലൂടെ വെള്ളം ഇറങ്ങുന്നതാണ് പ്രശ്നം. വാസ്തുവിദ്യയുടെയും കലാവിരുതിന്റെയും ലോകമാണ് വടക്കുന്നാഥക്ഷേത്രത്തിലെ കൂത്തമ്പലം. പ്രസാദയിലൂടെ വടക്കുന്നാഥനിൽ സമഗ്രമായ പദ്ധതിയാണ് വിഭാവന ചെയ്യുന്നത്.

കൂടൽമാണിക്യം ക്ഷേത്രം

കൂടൽമാണിക്യം ക്ഷേത്രത്തിനും പുതിയ വികസനപ്രതീക്ഷകൾ നൽകുന്നതായിരുന്നു പ്രസാദ പദ്ധതി. ക്ഷേത്രം കിഴക്കേനടപ്പുര, പടിഞ്ഞാറേ നടപ്പുര, തെക്കേ ഊട്ടുപുര, പടിഞ്ഞാറേ ഊട്ടുപുര, കൊട്ടിലാക്കൽ ബംഗ്ലാവ് അടക്കമുള്ള എട്ടുകെട്ട്, ബംഗ്ലാവിന് സമീപമുള്ള കുളം എന്നിവയുടെ പുനരുദ്ധാരണമാണ് ലക്ഷ്യംവെച്ചിരുന്നത്. 50 കോടിയുടെ പദ്ധതിയാണ് ഇതിനായി സമർപ്പിച്ചിരിക്കുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയുടെയും കിഴക്കേ നടപ്പുരയുടെയും മേൽക്കൂരകൾ ജീർണാവസ്ഥയിലാണ്. പടിഞ്ഞാറേ നടപ്പുരയുടെ ബലക്ഷയം സംഭവിച്ച തൂണുകൾ ബലപ്പെടുത്തുകയും വേണം. ക്ഷേത്രത്തിലെ പടിഞ്ഞാറേ ഊട്ടുപുരയുടെയും തെക്കേ ഊട്ടുപുരയുടെയും കേടായ ഉത്തരവും കഴുക്കോലും പട്ടികകളും മാറ്റി പുതിയവ സ്ഥാപിക്കാനും കാലഘട്ടത്തിനനുസരിച്ച് അവയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാനും പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടൽമാണിക്യം ദേവസ്വം ഓഫീസ് പ്രവർത്തിച്ചിരുന്ന കുട്ടംകുളത്തിന് സമീപമുള്ള കൈമളിന്റെ ബംഗ്ലാവ് ഇപ്പോൾ ദേവസ്വം ആർക്കൈവ്സ് ആയിട്ടാണ് പ്രവർത്തിക്കുന്നത്. ഇതിനോട് ചേർന്നുള്ള എട്ടുകെട്ടിലാണ് സ്ട്രോങ് റൂം അടക്കമുള്ളത്. എട്ടുകെട്ടിന്റെ മേൽക്കൂര പൂർണമായും മാറ്റേണ്ട അവസ്ഥയിലാണ്. ബംഗ്ലാവിന് സമീപം ഇപ്പോൾ ഉപയോഗശൂന്യമായ നിലയിൽ കിടക്കുന്ന വലിയ കുളവും പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നുണ്ട്.

തൃപ്രയാർ ക്ഷേത്രം

തൃപ്രയാർ ക്ഷേത്രവും പുതുക്കലുകളും പുതിയ നിർമിതികളും കാത്തിരിക്കുന്നുണ്ട്. ക്ഷേത്രത്തിലെ ചുവർചിത്രങ്ങൾ സംരക്ഷിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണുള്ളത്. 50 കോടി രൂപയുടെ പദ്ധതിയാണ് പ്രസാദയിൽ സമർപ്പിച്ചിരിക്കുന്നത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയ ക്ഷേത്രംകൂടിയാണ് തൃപ്രയാർ. വീണ്ടും മോദി അധികാരത്തിലെത്തുകയും തൃശ്ശൂരിൽനിന്നുതന്നെ കേന്ദ്രമന്ത്രി ഉണ്ടാകുകയും ചെയ്യുമ്പോൾ പ്രസാദ പദ്ധതി വേഗത്തിലാകുമെന്ന പ്രതീക്ഷ അധികൃതർക്കുണ്ട്.

പ്രസിദ്ധമായ ക്ഷേത്രമാണെങ്കിലും തൃപ്രയാറിൽ താമസസൗകര്യമില്ലെന്നതാണ് വലിയ പ്രശ്‌നമായി ക്ഷേത്രം അധികൃതർക്ക് അനുഭവപ്പെടുന്നത്. ഇതിനു പ്രതിവിധിയായുള്ള നിരവധി പദ്ധതികൾ അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ സ്റ്റോക്ക് പുര പറമ്പിൽ ആളുകൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ആവശ്യം ക്ഷേത്രം അധികൃതർ മുന്നോട്ടുവെച്ചിരുന്നു. മൂന്ന് ഏക്കർ സ്ഥലമാണ് ഇതുള്ളത്. ക്ഷേത്രം സത്രമായ രാമാലയത്തിന്റെ പുനരുദ്ധാരണവും പദ്ധതിയിലുണ്ട്. രാമായണമാസാചരണത്തിനും ഏകാദശിക്കുമെല്ലാം ഒരുക്കുന്ന താത്കാലിക സംവിധാനങ്ങൾ സ്ഥിരമാക്കാനും ആലോചനയുണ്ട്.

അവിണിശ്ശേരിയെ ദത്തെടുത്ത സുരേഷ്ഗോപി

ചേർപ്പ്: സുരേഷ്ഗോപി രാജ്യസഭ എം.പി. ആയിരിക്കെ സൻസദ് ആദർശ് ഗ്രാം യോജന പ്രകാരം ദത്തെടുത്ത പഞ്ചായത്താണ് അവിണിശ്ശേരി. ഒരുകോടിയിൽപ്പരം രൂപയുടെ വികസനപ്രവർത്തനങ്ങൾ സുരേഷ്ഗോപി അവിണിശ്ശേരിയിൽ നടത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രൻ പറഞ്ഞു. 25 ലക്ഷം രൂപ ചെലവഴിച്ച് പ്രധാന ജങ്ഷനുകളിൽ മീഡിയം മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.

തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി അനുവദിച്ച 12.50 ലക്ഷം രൂപ ഉപയോഗിച്ച് 14 വാർഡുകളിലേക്കും വൈദ്യുതി ലൈൻ ദീർഘിപ്പിച്ചു. സ്മൃതികേരം പദ്ധതിയിലൂടെ രണ്ടായിരത്തിലധികം തെങ്ങിൻതൈകൾ വിതരണം ചെയ്തു.

ഇരുനൂറോളം തെങ്ങിൻതൈകൾ പാലിശ്ശേരി സമാജംപടവിൽ കനാൽ ബണ്ടിനോട് ചേർന്ന് നട്ടു. 21 ലക്ഷം രൂപ ചെലവ് ചെയ്ത് കാനകൾ നിർമിച്ചു. 10 ലക്ഷം രൂപ ചെലവിൽ റോഡുകൾ നിർമിച്ചു. 27 ലക്ഷം രൂപ ചെലവഴിച്ച് അങ്കണവാടിയും പകൽവീടും നിർമിച്ചു.