1980-ല്‍ ജനസംഘത്തില്‍ നിന്ന് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരാന്‍ സോഷ്യലിസ്റ്റുകളുടെ ഒരു വിഭാഗം ജനതാ പാര്‍ട്ടി വിട്ടപ്പോള്‍ അന്ന് 19 വയസ്സ് മാത്രം പ്രായമുള്ള ജോര്‍ജ് കുര്യന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒരു വലതുപക്ഷ ഹിന്ദുത്വ ആശയം പേറുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ മധ്യകേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള ഒരു യുവാവ് ചേരുന്നത് അദ്ദേഹത്തിന്റെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് മാത്രമല്ല, വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. പക്ഷേ, വെല്ലുവിളികളെ അതിജീവിച്ച് കുര്യന്‍ പാര്‍ട്ടിക്കൊപ്പം അടിയുറച്ചുനിന്നു. നാല് പതിറ്റാണ്ടിലേറെയായി അടിയുറച്ച ബി.ജെ.പി പ്രവര്‍ത്തകനാണ് അദ്ദേഹം. എന്നും വിവാദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന നേതാവ്. സംസാരത്തില്‍ മിതത്വം പാലിക്കുകയും എന്നാല്‍ പറയേണ്ടത് കൃത്യമായി പറയുകയും ചെയ്തിരുന്ന രാഷ്ട്രീയക്കാരന്‍. പ്രത്യേകിച്ച് മണിപ്പൂര്‍ പോലുള്ള വിഷയങ്ങളില്‍ യുക്തിസഹമായ കാര്യങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നവരിലൊരാളായിരുന്നു അദ്ദേഹം. അദ്ദേഹമാണിപ്പോള്‍ മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിസഭയിലേക്ക് എത്തുന്നത്.
കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും വേരോട്ടമുള്ള കോട്ടയം ജില്ലയിലെ കാണക്കാരിയില്‍ ഒരു ക്രൈസ്തവ കുടുംബത്തിലാണ് ജോര്‍ജ് കുര്യന്‍ ജനിച്ചത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് ഉള്ളില്‍ തോന്നിയ കടുത്ത സ്വാതന്ത്ര്യദാഹമാണ് ജോര്‍ജ് കുര്യനെ രാഷ്ട്രീയത്തിലെത്തിച്ചത്. ഇന്ദിരയുടെ കടുത്ത വിമര്‍ശകനായിരുന്ന ജയപ്രകാശ് നാരായണനായിരുന്നു ആദ്യത്തെ ഹീറോ. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ എറണാകുളത്ത് ജയപ്രകാശ് നാരായണന്റെ പ്രസംഗം കേട്ടത് മുതല്‍ തുടങ്ങിയതായിരുന്നു ആ ആരാധന. അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നവര്‍ ഒന്നിച്ച് ജനതാപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ജോര്‍ജ് കുര്യന്‍ അതിനൊപ്പം ചേര്‍ന്നു. അവിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിലധികവും ആര്‍.എസ്.എസ്. പശ്ചാത്തലമുള്ളവരായിരുന്നു. പിന്നീട് ബി.ജെ.പി രൂപംകൊണ്ടപ്പോള്‍ ജോര്‍ജ് കുര്യന്‍ ബി.ജെ.പിയുടെ ഭാഗമായി.

വിദ്യാര്‍ഥി ജനതയിലൂടെ പൊതുപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ച ജോര്‍ജ് കുര്യന്‍ പിന്നീട് വിദ്യാര്‍ഥി മോര്‍ച്ചയുടെ യൂണിറ്റ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായി. യുവമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഉമാഭാരതി യുവമോര്‍ച്ചയുടെ ദേശീയ അധ്യക്ഷയായിരുന്ന കാലത്ത് അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട്. ദീര്‍ഘകാലം നെഹ്റു യുവകേന്ദ്രയുടെ ഉപാധ്യക്ഷനായിരുന്നു. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവര്‍ ബി.ജെ.പിയിലേക്ക് എത്തുകയോ പരോക്ഷമായിപ്പോലും പാര്‍ട്ടിയെ പിന്തുണയ്ക്കുകയോ ചെയ്യാതിരുന്ന കാലത്താണ് അദ്ദേഹം പാര്‍ട്ടിയില്‍ സജ്ജീവമായിരുന്നത്.
1991-ലും 1998-ലും കോട്ടയം ലോക്സഭാ മണ്ഡലത്തിലും 1996-ല്‍ മൂവാറ്റുപുഴ മണ്ഡലത്തിലും സ്ഥാനാര്‍ഥിയായിരുന്നു. ഒ. രാജഗോപാല്‍ കേന്ദ്ര മന്ത്രിയായിരുന്ന കാലത്ത് ഓഫീസര്‍ ഓണ്‍ സ്പെഷ്യന്‍ ഡ്യൂട്ടിയായി (ഒ.എസ്.ഡി) പ്രവര്‍ത്തിച്ചു. ഒ.രാജഗോപാല്‍ തന്നെ മുന്‍കൈയെടുത്താണ് അദ്ദേഹത്തെ നിയമിച്ചത്. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. എം.എ എല്‍എല്‍ബി ബിരുദദാരിയായ അദ്ദേഹം ഡല്‍ഹിയില്‍ അഭിഭാഷകനായും പ്രവര്‍ത്തിച്ചിരുന്നു. 2017-ല്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനായി. ആ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ മലയാളിയാണ് അദ്ദേഹം. ഇക്കാലത്ത് കേരളത്തിലെ പല ക്രൈസ്തവ സഭകളേയും ബി.ജെ.പിയിലേക്ക് അടുപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, ബി.ജെ.പി ദേശീയ നിര്‍വാഹ സമിതിയംഗം, സംസ്ഥാന വക്താവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നിലവില്‍ ബി.ജെ.പി. കോര്‍ കമ്മറ്റി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.
Content Highlights: George Kurian, Kerala's second minister in the new NDA government
Published: 09 Jun 2024, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented