തിരുവനന്തപുരം: ഏകാധിപതികളായ ഭരണാധികാരികളുടെ കൈകളിലേക്ക് നിര്‍മിതി ബുദ്ധി പോലുള്ള പുതിയ സാങ്കേതികവിദ്യകളെത്തിയാല്‍ അവരതിനെ എങ്ങനെയാകും ഉപയോഗപ്പെടുത്തുക എന്നതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ പേടി തോന്നുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'വായന മറ്റൊരു രാഷ്ട്രീയമാണ്' എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി, ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ എല്ലായിടത്തും ഏകാധിപതികളായ ഭരണാധികാരികള്‍ അധികാരത്തില്‍ വരുന്നു. എല്ലാ വിവരശൃംഖലയും അവരുടെ കൈകളിലാണ്. ആധുനികസാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ പഴയവരേക്കാള്‍ ശക്തരാണ് പുതിയ കാലത്തെ ഏകാധിപതികള്‍. ഹിറ്റ്‌ലര്‍ക്ക് ഗീബല്‍സായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഏകാധിപതികള്‍ക്കുള്ളത് പി.ആര്‍.ഏജന്‍സികളാണ്. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കിക്കൊണ്ട് അവര്‍ ഔദ്യോഗിക ശബ്ദങ്ങള്‍ മാത്രം പുറത്തുകേള്‍പ്പിക്കുന്നു.-സതീശന്‍ പറഞ്ഞു.

വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതിനുള്ള സംഘടിതവും ആസൂത്രിതവുമായ വലിയശ്രമം ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നായിരുന്നു മുന്‍ എം.എല്‍.എ സുരേഷ് കുറുപ്പിന്റെ അഭിപ്രായം. ഈ നീക്കം തെറ്റാണെന്നും എന്തുവിലകൊടുത്തും എതിര്‍ത്ത് തോല്പിക്കേണ്ടതാണെന്നുമുള്ള രാഷ്ട്രീയബോധം അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ഉള്ളിലുളവാക്കിയത് വായനയാണ്. വായന രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അത് രാഷ്ട്രീയവീക്ഷണത്തെ ബഹുസ്വരമാക്കുന്നു.  

ഇന്ത്യ എങ്ങനെയായിരിക്കണം എന്ന ബോധമാണ് പുസ്തകങ്ങള്‍ ഉണ്ടാക്കിത്തന്നത്. ഏറ്റവും പ്രതിലോമകരമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളും സിനിമകളും എല്ലാക്കാലത്തുമുണ്ട്. പക്ഷേ അതിനെ വേര്‍തിരിച്ചു കാണുകയും മനസ്സിലാക്കുകയും ചെയ്യുകയാണ് നല്ലവായനക്കാരും സിനിമാ ആസ്വാദകരുമെന്ന നിലയില്‍ നമ്മുടെ കടമ. ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടിയാകരുത് വായന.-സുരേഷ് കുറുപ്പ് പറഞ്ഞു. ഒ.കെ.ജോണിയായിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍.