
മെയ്യഴകന്‍, 96 എന്നീ ചിത്രങ്ങള്‍ ഹൃദയം കൊണ്ട് സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ക്ക് നന്ദിപറഞ്ഞ് സംവിധായകന്‍ പ്രേംകുമാര്‍. മലയാളം സിനിമ ചെയ്യാനുള്ള ആഗ്രഹവും സംവിധായകന്‍ പ്രകടമാക്കി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'ദി മാന്‍ ഓഫ് നൊസ്റ്റാള്‍ജിയ' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 96ന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
'എന്റെ ചിത്രങ്ങള്‍ മനസ്സ് കൊണ്ട് സ്വീകരിച്ചവരാണ് മലയാളികള്‍. മലയാളത്തില്‍ സിനിമ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ഉറപ്പായും ചെയ്യും. എന്റെ ജീവിതത്തിലെ ചില ഭാഗങ്ങള്‍ 96-ല്‍ കാണാം. എനിക്ക് റിലേറ്റ് ചെയ്യാനാന്‍ സാധിക്കുന്ന കഥാപാത്രം ആണ് മെയ്യഴകന്‍. എന്റെ ജീവിതത്തില്‍ ഞാന്‍ വഴിയില്‍ കണ്ടുമുട്ടിയ കഥാപാത്രങ്ങളാണ് എന്റെ സിനിമയില്‍ ഉള്ളത്. ചിലര്‍ പറയുന്ന വാചകങ്ങള്‍ പോലും നമ്മുടെ കാഴ്ചപ്പാട് തന്നെ മാറ്റിയേക്കാം.
ചെറിയ പ്രായത്തില്‍, ചുരുങ്ങിയ സമയത്തില്‍ ഏല്‍ക്കുന്ന ആഘാതം നമ്മളെ പലരീതിയില്‍ വേട്ടയാടും. അത്തരം വേട്ടയാടല്‍ അനുഭവിച്ച കഥാപാത്രങ്ങളാണ് അരുള്‍മൊഴിയും റാമും. അരവിന്ദ് സ്വാമി അരുള്‍മൊഴി എന്ന കഥാപാത്രം ചെയ്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഈ സിനിമ തന്നെ ഞാന്‍ ഉപേക്ഷിക്കുമായിരുന്നു.
മെയ്യഴകന്റെ കഥ പറയുന്ന സമയത്ത് കാര്‍ത്തി നല്ല തിരക്കിലായിരുന്നു. പൊന്നിയിന്‍ സെല്‍വനൊക്കെ ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നു. കാര്‍ത്തിയോട് ഈ കഥ പറയാന്‍ എനിക്ക് ചെറിയ ഭയമൊക്കെ ഉണ്ടായിരുന്നു. സംഭാഷങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ആണ് മെയ്യഴകന്‍ എന്ന് ഞാന്‍ കാര്‍ത്തിയോട് പറഞ്ഞു. തിരക്കഥ വായിച്ച് നോക്കാന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് ഈ സിനിമ ചെയ്യണം എന്ന് മാത്രമാണ് കഥ വായിച്ചിട്ട് കാര്‍ത്തി പറഞ്ഞത്.
മെയ്യഴകനിലെ ഗാനം കമല്‍ സാറിനെ കൊണ്ട് പാടിച്ചതിന് കാരണമുണ്ട്. യാരോ ഇവന്‍ യാരോ എന്ന ഗാനം പ്രേക്ഷകരെ വേട്ടയാടണം എന്നുണ്ടായിരുന്നു. ആ ഗാനത്തിന് ഒരു ക്രെഡിബിലിറ്റി വേണമായിരുന്നു. അതുകൊണ്ടാണ് കമല്‍ സാറിനെ കൊണ്ട് ആ ഗാനം പാടിച്ചത്.
ഭൂതകാലത്തെ ഓര്‍മകളില്‍ ജീവിക്കാന്‍ ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. ഭൂതകാലത്തെ ഓര്‍മകള്‍ നാം മറക്കരുത്. ആ വേദന മാത്രം മറന്നാല്‍ മതി. ഒറ്റയ്ക്ക് ഇരിക്കുന്നതും ഞാന്‍ ഏറെ ആസ്വദിക്കാറുണ്ട്. ഈ ലോകം വളരെ മനോഹരമാണ്. ഒരുപാട് പോസിറ്റീവിറ്റി നമുക്ക് ചുറ്റുമുണ്ട്. നമ്മള്‍ അത് കാണണം. അത് പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഫിലിം മേക്കേഴ്‌സിന്റെ ചുമതല.
ഏത് സിനിമ എടുത്താലും അതിന് അതിന്റേതായ ഒരു അവസാനം ഉണ്ടാകും. പക്ഷേ, ആ കഥ അവിടെ അവസാനിക്കുന്നില്ല. വികാരങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയാണ്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗം ചെയ്യാന്‍ എനിക്കിഷ്ടമാണ്. 96 രണ്ടാം ഭാഗം വൈകാതെ സംഭവിക്കും'-പ്രേംകുമാര്‍ പറഞ്ഞു. ആർ.എൽ. ഹരിലാലായിരുന്നു മോഡറേറ്റർ.
Content Highlights: Director Prem Kumar announces a sequel to 96 and expresses his desire to make a Malayalam film
Published: 08 Feb 2025, 07:24 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented