തിരുവനന്തപുരം: ഇന്ത്യ ഒരു ഏകശിലാരൂപത്തിലുള്ള രാഷ്ട്രമല്ല. പ്രാചീനതയ്‌ക്കൊപ്പം അത് നിരന്തരം നവീകരിക്കപ്പെടുന്നു, പുനര്‍ഭാവനംചെയ്യപ്പെടുന്നു. ഇന്ത്യയെ പുനര്‍ഭാവനംചെയ്യാന്‍ ഇത്തവണ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ എത്തുന്ന പ്രമുഖരിലൊരാളായി രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ വസുന്ധരരാജെ സിന്ധ്യയും. എല്ലാ വര്‍ഷത്തെയുംപോലെയല്ല, ആന്ദ്രേ കുര്‍ക്കോവ് എന്ന യുക്രൈനിയന്‍ എഴുത്തുകാരന്‍ ഇത്തവണ അക്ഷരോത്സവത്തിനെത്തുന്നത് യുദ്ധമുഖത്തുനിന്നാണ്. 'ഫ്രം ദ വാര്‍ ഫ്രണ്ട്' എന്ന വിഷയത്തിലുള്ള കുര്‍ക്കോവിന്റെ ഭാഷണം സ്വാനുഭവത്തിന്റെ ചൂടുള്ളതായിരിക്കും.

To advertise here,

ജാക് സിം ജുക്വാ എന്നാണ് ജാക് സിമ്മിന്റെ മുഴുവന്‍ പേര്. മിസ്റ്റര്‍ ടോയ്ലറ്റ് എന്നറിയപ്പെടുന്ന ജാക് ലോക ടോയ്ലറ്റ് ഓര്‍ഗനൈസേഷന്റെയും ലോക ടോയ്ലറ്റ് ദിന സംരംഭത്തിന്റെയും സ്ഥാപകനാണ്. വ്യത്യസ്തമായ ഈ വിഷയം അവതരിപ്പിക്കാന്‍ ജാക് സിം അക്ഷരോത്സവത്തിലെത്തും.

പുതിയ ഉള്‍ക്കാഴ്ചകള്‍ വിതറിവിതറിപ്പോകുന്ന വാക്കുകളാണ് സുനില്‍ പി. ഇളയിടത്തിന്റേത്. അംബേദ്കറും മൈത്രി എന്ന രാഷ്ട്രീയഭാവനയും എന്ന വിഷയത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. യുവരാഷ്ട്രീയത്തിന്റെ പ്രതീക്ഷകളെക്കുറിച്ച് കോണ്‍ഗ്രസിന്റെ രാഹുല്‍ മാങ്കൂട്ടത്തിലും സി.പി.എമ്മിന്റെ വി.കെ. സനോജും മുസ്ലിം ലീഗിന്റെ പി.കെ. ഫിറോസും ചര്‍ച്ചചെയ്യും.

ശരത് എന്ന സംഗീതസംവിധായകന്‍ എക്കാലത്തും വേറിട്ടുനിന്ന പ്രതിഭയാണ്. കാലത്തിന്റെ ഒഴുക്കിനനുസരിച്ച് സംഗീതത്തിന്റെ അടിസ്ഥാന വിശുദ്ധഭാവങ്ങളെ അദ്ദേഹം ബലികഴിച്ചിട്ടില്ല. തന്റെ സംഗീതചിന്തകളെക്കുറിച്ച് സംസാരിക്കാന്‍ ശരത് അക്ഷരോത്സവവേദിയിലെത്തും.

പണ്ട് കൊച്ചിയില്‍നിന്ന് ഒരു ആനക്കുട്ടി പോര്‍ച്ചുഗലിലേക്ക് പോയി. അവിടെനിന്ന് പോയി അത് റോമില്‍ മാര്‍പാപ്പയുടെ അടുത്തെത്തി. ആ ആനയുടെ വഴിയേ പോയ കഥപറയാന്‍ എത്തുന്നത് എഴുത്തുകാരായ ജി.ആര്‍. ഇന്ദുഗോപനും ബെന്യാമിനുമാണ്. കഥ മാറുന്ന തിരക്കഥയെക്കുറിച്ച് അക്ഷരോത്സവത്തില്‍ സംസാരിക്കുന്നത് മധുപാലും സന്തോഷ് ഏച്ചിക്കാനവും അര്‍ച്ചന വാസുദേവുമാണ്.

മലയാളസിനിമയില്‍ കാലത്തിന്റെ മാറ്റങ്ങളെ മറികടന്ന് ഏകാകിയായി നില്‍ക്കുന്ന നടനാണ് വിജയരാഘവന്‍. തന്റെ സിനിമാലോകത്തെക്കുറിച്ച് സംസാരിക്കാന്‍ വിജയരാഘവന്‍ എത്തുന്നു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, കാതല്‍ എന്നീ സിനിമകള്‍കൊണ്ട് മലയാളസിനിമയില്‍ സ്വന്തം സ്ഥാനമുറപ്പിച്ച ജിയോ ബേബി തന്റെ സിനിമാസ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ എത്തും.

ലോകസഞ്ചാരിയായ സന്തോഷ് ജോര്‍ജ് കുളങ്ങര 'മലയാളിക്ക് ഉപദേശം ആവശ്യമുണ്ടോ?' എന്ന വിഷയത്തെക്കുറിച്ചാണ് സംസാരിക്കുക. 'സിവില്‍ സര്‍വീസിന് നിലതെറ്റുകയാണോ' എന്ന വിഷയത്തില്‍ എ. ഹേമചന്ദ്രന്‍, ബി. അശോക്, എം.ജി. രാധാകൃഷ്ണന്‍ എന്നിവര്‍ സംവദിക്കും.

കുടുംബം എന്ന സ്ഥാപനത്തിന്റെ അടിക്കല്ലിലും കാലം ആഞ്ഞടിച്ചുതുടങ്ങിയിരിക്കുന്നു. പിരിച്ചുവിടപ്പെട്ട കുടുംബം എന്ന വിഷയത്തില്‍ മൈത്രേയനും ഡോ. എ.കെ. ജയശ്രീയും സംസാരിക്കും. 

ബെസ്റ്റ് സെല്ലര്‍ വസന്തത്തെക്കുറിച്ച് സംസാരിക്കാന്‍ എത്തുന്നത് പുതിയ എഴുത്തുകാരായ അഖില്‍ പി. ധര്‍മജന്‍, നിമ്ന വിജയ്, ജിസ്മ ഫൈസ് എന്നിവരാണ്.