ലോക്​സഭാ തിരഞ്ഞെുടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ സുരേഷ് ​ഗോപിയെ ജയിപ്പിച്ചത് മത്സ്യത്തൊഴിലാളികളാണെന്നും ഈ യഥാർഥ്യം കമ്മ്യൂണിസ്റ്റുകാർ മനസ്സിലാക്കണമെന്നും എഴുത്തുകാരൻ ബി.രാജീവൻ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ കമ്മ്യൂണിസത്തിൻ്റെ മിച്ചവും മൂല്യവും എന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി,സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും പങ്കെടുത്തു. മാധ്യമപ്രവർത്തകൻ എം.ജി.രാധാകൃഷ്ണനായിരുന്നു മോഡറേറ്റർ.

To advertise here,

മാനവരാശിയുടെ ഭാവി കമ്മ്യൂണിസത്തിൻ്റെ മൂല്യം ജനങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രമേ സംരക്ഷിക്കപ്പെടൂ. കമ്മ്യൂണിസത്തിന് പാർലമെന്ററിൽ പിന്നോട്ടടിയുണ്ടായി എന്നത് വാസ്തവമാണ്. എന്നാൽ പാർലമെന്റിൽ ദുർബലമാണെന്ന് പറയുമ്പോഴും ഇന്ത്യയിലെ ജനകീയ പ്ര​ക്ഷോഭങ്ങൾ നയിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. തൊഴിലാളി പ്രശ്നങ്ങൾ, കർഷക സമരങ്ങൾ അങ്ങനെ ജനകീയ പോരാട്ടങ്ങളിൽ പിന്തുണ നൽകുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. മാത്രമല്ല, ഇന്ത്യയ്ക്കകത്തും പുറത്തും പാർട്ടി ​ദുർബലമായി എന്ന് പറഞ്ഞ അതേസമയം തന്നെയാണ് കേരളത്തിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. ശ്രീലങ്കയിൽ ഭരണം പിടിക്കുന്നത്. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി മാറി വീണ്ടും അധികാരത്തിൽ വന്നത് കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി തന്നെ- എം.എ.ബേബി പറഞ്ഞു. 

കമ്മ്യൂണിസം അജയ്യമാണെന്ന് പഠനകാലത്ത് പറഞ്ഞുനടന്നിരുന്നു. അന്നത് പ്രായത്തിന്റെ ചിന്തയാണെന്ന് കരുതി. എന്നാൽ കാലം കടന്നുപോയപ്പോൾ കമ്മ്യൂണിസം അജയ്യം തന്നെയാണെന്ന് വ്യക്തമാകുകയാണുണ്ടായത്. പരാജയങ്ങളും തിരിച്ചടിയും ക്ഷയിക്കലും എല്ലാമുള്ളപ്പോഴും പറയുന്നു, കമ്മ്യൂണിസം മൂല്യവത്താണ്. വീഴ്ചകളേയും കുറവുകളേയും അം​ഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകണം. കമ്മ്യൂണിസം സർ​ഗാത്മകമായ വികസനത്തിന് പാത്രമാകണം. പുതിയ ലോകം,പുതിയ ഇന്ത്യ,പുതിയ കേരളം ഇവ മുന്നോട്ട് വെക്കുന്ന ചോദ്യങ്ങൾ ഉൾകൊള്ളണം. ശാസ്ത്രീയമായും ക്രിയാത്മകമായും മാർക്സിസം വളരണം. അതിന് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. ലോകത്തിന്റെയും മനുഷ്യരുടേയും പ്രകൃതിയുടേയും പ്രശ്നങ്ങൾക്ക് പ്രതിവിധി മാർക്സിസമാണ്- ബിനോയ് വിശ്വം വ്യക്തമാക്കി.

അടിമത്തം നിലനിൽക്കുന്നിടത്തോളം കമ്മ്യൂണിസവും നിലനിൽക്കും. അവസാനത്തെ അടിമയ്ക്കും സ്വാതന്ത്ര്യം ലഭിക്കുന്നത് വരെയും കമ്മ്യൂണിസം നിലനിൽക്കുമെന്നതാണ് വാസ്തവം. ലോകം പോസ്റ്റ് നിയോലിബറലിസത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ട്രംപിന്റെ പരിഭ്രാന്തിയുമതാണ്. പുതിയ രാഷ്ട്രീയാന്തരീക്ഷം ലോകത്ത് വരുന്നു. ആർഎസ്എസ് ഇന്ത്യയുടെ ഭരണത്തെ നിയന്ത്രിക്കുന്ന ശക്തിയായി. ഫാസിസം ജനങ്ങളെ പിടികൂടുന്നു. ഇന്ത്യയുടെ അടിത്തട്ടിലേക്ക് ഫാസിസം ഇറങ്ങി. ​ഗുജറാത്ത് കലാപത്തിൽ മുസ്ലീങ്ങളെ കൊല്ലാൻ ആദിവാസികളുടെ കൈയിലാണ് തോക്ക് വെച്ച് കൊടുത്തത്. തൃശ്ശൂരിൽ സുരേഷ് ​ഗോപിയെ ജയിപ്പിച്ചത് മത്സ്യത്തൊഴിലാളികളാണ്. ഈ യഥാർഥ്യം കമ്മ്യൂണിസ്റ്റുകാർ മനസ്സിലാക്കണം- ബി.രാജീവൻ പറഞ്ഞു.