തിരുവനന്തപുരം: യാദൃച്ഛികമായി നടനായ ആളാണ്‌ താനെന്ന് നടനും സംവിധായകനുമായ അമോൽ പലേഖർ. അഭിനയത്തിന്റെ ബാലപാഠങ്ങൾ ഇപ്പോഴും പിന്തുടരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'ചിത്ചോർ ആൻഡ് ബിയോണ്ട്' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

'എന്റെ ഇരുപതുകളിൽ ഞാൻ പഠിച്ച അഭിനയത്തിന്റെ ആദ്യ പാഠം ഇപ്പോഴും ഞാൻ പിന്തുടരാറുണ്ട്. തീയേറ്ററിലാണെങ്കിലും സിനിമകളിൽ ആണെങ്കിലും ഇത് ഇപ്പോഴും പിന്തുടരുന്നു. 

എന്റെ ആദ്യ ചിത്രങ്ങൾ വിജയമായിരുന്നു. പിന്നീട് ഞാനൊരു വില്ലൻ വേഷം ചെയ്തത് ഏവരെയും ഞെട്ടിച്ചു. ആരാധകർക്കു പോലും അത്ഭുതം ആയിരുന്നു. അയൽവീട്ടിലെ പയ്യൻ ഇമേജ് ഉള്ളൊരാൾ വില്ലത്തരമുള്ള കഥാപാത്രം എങ്ങനെ ചെയ്തുവെന്ന് ആരാധകർ ചോദിച്ചു. 

എന്റെ സിനിമ കാലം ഇന്നത്തെ അപേക്ഷിച്ച് ഒരുപാട് മാറിയിട്ടുണ്ട്. ഇന്ന് ചിത്രീകരണം കുറച്ച് കൂടി എളുപ്പമാണ്. ക്യാമറ മുതൽ എഡിറ്റിങ്ങിൽ ഈ മാറ്റം അറിയാനാകും. ചിത്രീകരണത്തിലുള്ള  പ്രയാസങ്ങൾ കുറഞ്ഞു. അന്ന് ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ പറഞ്ഞാൽ ചിലപ്പോൾ വിശ്വാസം വരണം എന്ന് പോലുമില്ല. 

മുൻപ് തീയേറ്റർ നാടകം സർക്കാർ ബഹിഷ്കരിച്ചപ്പോൾ ഞാൻ നിയമപരമായി അതിനെതിരെ പോരാടി. സത്യം പറഞ്ഞാൽ ഫിലിം മേക്കേഴ്സിനൊപ്പം, അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം നിൽക്കേണ്ടവരാണ്‌ സർക്കാരുകൾ.

ഇന്നത്തേക്കാലത്ത് വാണിജ്യപരമായ വിജയമാണ് ഏറ്റവും വലുതെന്ന് പലരും ചിന്തിക്കുന്നു. 200 കോടി, 300 കോടി കണക്കിലാണ് എല്ലാവരുടെയും ചിന്ത. അങ്ങനെ നോക്കിയാൽ പല മികച്ച ചിത്രങ്ങളും പരാജയമാന്നെന്ന് പറയേണ്ടി വരും. വാണിജ്യപരമായ വിജയം മാത്രമല്ല, അഭിനയ മികവും ക്രിയേറ്റിവിറ്റി ഒക്കെ നമ്മൾ കാണണം.  

ബാലു മഹേന്ദ്രയുടെ ആരാധകനാണ് ഞാൻ. അദ്ദേഹം കാണാൻ വന്നപ്പോൾ ഒന്നും പറയാതെ ഞാൻ 'ഓളങ്ങൾ' ചെയ്യാൻ സമ്മതിച്ചു. മികച്ച അനുഭവമാണ് സിനിമയിലൂടെ എനിക്ക് ലഭിച്ചത്. 

ഡയലോഗ് ഒക്കെ പഠിക്കാൻ ഒരുപാട് സമയം തന്നു. രാവിലെ 6.30 ന് ഷൂട്ട് തുടങ്ങും. മുക്കാൽ ഭാഗവും അവിടെയായിരുന്നു. 5 മണിക്ക് ഷൂട്ടിനായി നമ്മൾ എത്തണം. സൂര്യൻ ഉദിച്ച ഉടൻ അദ്ദേഹം ഷൂട്ടിംഗ് തുടങ്ങും. രണ്ടര മണിക്കൂർ ഒക്കെ ഷൂട്ട് കാണും. കൃത്രിമ വെളിച്ചം ഉപയോഗിക്കാതെ  അദ്ദേഹം എല്ലാം ചിത്രീകരിച്ചു', അമോൽ പലേഖർ പറഞ്ഞു.