
തിരുവനന്തപുരം: 1977-78 കാലത്താണ് ഭരണഘടനാ ആമുഖത്തില്‍ മതേതരത്വവും സോഷ്യലിസവും ചേര്‍ത്തതെങ്കിലും ആദ്യ ഭരണഘടന മുതല്‍ തന്നെ മതേതരത്വവും സോഷ്യലിസവുമായിരുന്നു അതിന്റെ ആത്മാവെന്നു സുഭാഷിണി അലി. റീ ഇമാജിന്‍ ഇന്ത്യ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയില്‍ ഭൂപരിഷ്‌കരണത്തിന്റെ ആവശ്യകതയെപറ്റിയും സ്ത്രീശാക്തീകരണത്തില്‍ കേന്ദ്ര സർക്കാരിന്റെ കാപട്യത്തെപ്പറ്റിയും അവര്‍ സംസാരിച്ചു.
വരണം ഇന്ത്യയാകെ ഭൂപരിഷ്‌കരണം
വിദേശത്തേക്ക് തൊഴില്‍ തേടിപ്പോവാനുള്ള സാഹചര്യം മലയാളികള്‍ക്കൊരുക്കുന്ന തരത്തില്‍ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്തെ ഭൂപരിഷ്‌കരണ നിയമമാണ് കേരളത്തെ മാറ്റിമറിക്കാന്‍ സഹായിച്ച ആദ്യകാല ചുവടുവെപ്പെന്നു സുഭാഷിണി അലി പറഞ്ഞു. ജമ്മു കശ്മീരില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണം മോശപ്പെട്ട ജീവിതസാഹചര്യത്തിലും അവരുടെ വിദ്യാഭ്യാസ നിലവാരത്തെ ഉയര്‍ത്തി. ദക്ഷിണ കൊറിയയില്‍ മുതലാളിത്തം പോലും വന്നത് ഭൂപരിഷ്‌കരണ നിയമം വന്നശേഷമാണ്. മുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ പോലും ഭൂപരിഷ്ണകരണം വലിയ പങ്കുവഹിച്ചെന്നും സുഭാഷിണി അലി പറഞ്ഞു.
"നെഹ്റു അടക്കം ഭൂപരിഷ്‌കരണത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവാനായിരുന്നെങ്കിലും ഭൂപ്രഭുക്കളുടെ താത്പര്യങ്ങളോട് വിട്ടുവീഴ്ച ചെയ്തതാണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യാമഹാരാജ്യത്ത് ഭൂപരിഷ്‌കരണം നടപ്പിലാകാതെ പോവാനുള്ള കാരണം. ദളിത് ആദിവാസി സമൂഹത്തോടുള്ള അക്രമങ്ങളില്‍ ഏറ്റവും കുറവ് എണ്ണം രേഖപ്പെടുത്തിയിരിക്കുന്ന ഇടമാണ് കേരളം. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ എണ്ണം വളരെ കൂടുതലാണ്. അവിടെ ഭൂപരിഷ്‌കരണം നടന്നില്ല എന്നത് തന്നെയാണ് ഒരു പ്രധാന കാര്യം".
പല വിഷങ്ങളിലും സര്‍ക്കാരിനെ നയിക്കുന്നത് ആര്‍.എസ്.എസ്സും അവരുടെ ജാതീയമായ ബ്രാഹ്മണ ബോധമാണെന്നും സുഭാഷിണി അലി കുറ്റപ്പെടുത്തി. ബ്രാഹ്മണനില്‍ നിന്ന് എല്ലാ മനുഷ്യരും അവരവരുടെ കടമകള്‍ പഠിക്കട്ടെ എന്നാണ് 2020-ല്‍ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ സമയത്ത് മോഹന്‍ഭാഗവത് മനുസ്മൃതിയിലെ ശ്ലോകം ഉദ്ധരിച്ചു പറഞ്ഞത്. നമ്മുടെ കടമകള്‍ ജനിച്ച ജാതിക്കനുസരിച്ചിരിക്കും എന്ന് തന്നെയാണ് അതിനര്‍ഥം. ഐഐടികളിലും ഐഐഎമ്മുകളിലും ഈ അടുത്ത കാലത്തുണ്ടായ ആത്മഹത്യകളെ മുന്‍നിര്‍തതി അവര്‍ സംസാരിച്ചു
സ്ത്രീശാക്തീകരണമെന്ന കാപട്യം
വനിതാസംവരണ ബില്ലിലൂടെ വലിയ തന്ത്രമാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവെച്ചതെന്നും സുഭാഷിണി അലി പറഞ്ഞു. "ഉത്തരേന്ത്യയില്‍ പല ബലാത്സംഗങ്ങളും നടന്നത് കക്കൂസുകളില്ലാതെ സ്ത്രീകള്‍ വെളിക്കിരിക്കാന്‍ പോയ സമയത്താണ്. എന്നാല്‍ കക്കൂസുകളുണ്ടാക്കിയെന്നാണ് അവരുടെ വീരവാദം. വെള്ളമോ പൈപ് ലൈനോ ഇല്ലാതെ കക്കൂസുണ്ടാക്കിയിട്ട് സ്ത്രീകള്‍ക്കെന്ത് കാര്യം. ഇതുപോലെ തന്നെയാണ് വനിതാ സംവരണ ബില്ലും. ബില്‍ പാസ്സാക്കി. എന്നാല്‍ നടപ്പിലാക്കണമെങ്കില്‍ സെന്‍സസ് റിപ്പോര്‍ട്ട് വരണമെന്നാണ് പറയുന്നത്. സെന്‍സസ് പുറത്ത് വന്നാല്‍ രാജ്യത്തെ പട്ടിണിയും തൊഴിലില്ലായ്മയും കൂടി പുറത്തുവരുമെന്നുള്ളതു കൊണ്ട് തന്നെ അത് അടുത്തൊന്നും പുറത്തുവരാന്‍ പോവുന്നില്ല.
ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്കു വേണ്ടി വാദിക്കാന്‍ ചെലവേറിയ വക്കീലന്‍മാരെയാണ് കൊണ്ടുവന്നത്. അറ്റോര്‍ണി ജനറലടക്കം പ്രതികളെ പുറത്ത് കൊണ്ടുവരാനായി പ്രയത്നിക്കുന്ന കാഴ്ചയും കണ്ടു. ഹത്രസ് കേസിലെ പെണ്‍കുട്ടിക്ക് അനുകൂലമല്ലാത്ത വിധിവന്ന ഘട്ടത്തില്‍ അപ്പീലിനു പോലും പോയില്ല സര്‍ക്കാര്‍. ഗുസ്തിതാരങ്ങളെ ദ്രോഹിച്ച് ബി.ജെ.പി. എംപിക്ക് ഒന്നും സംഭവിച്ചിട്ടില്ല. എത്രയോ കുട്ടികളെ ബലാത്സംഗം ചെയ്ത ഹരിയാനയിലെ ബാബ മാസാമാസമാണ് പരോളില്‍ ജയിലിനു പുറത്തിറങ്ങുന്നത്". ജാതിയാണ് ഇതില്‍ പല ക്രൂരതകളെയും നയിക്കുന്നതെന്നും സുഭാഷിണി അലി പറഞ്ഞു
കേരളത്തെ പുകഴ്ത്തി
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 74000 പൊതു വിദ്യാലയങ്ങളാണ് പൂട്ടുകയും ലയിപ്പിക്കുകയും ചെയ്തത്. എന്നാല്‍ കേരളം ആ സ്ഥാനത്ത് പൊതുവിദ്യാലയങ്ങളെ മികവുറ്റതാക്കുകയായിരുന്നു. ഏകാംഗ വിദ്യാലയങ്ങള്‍ തന്നെ അടയ്ക്കേണ്ടി വന്നത് കേന്ദ്രസര്‍ക്കാര്‍ സ്‌കീം നിര്‍ത്തിയതുകൊണ്ടാണ്. കേരളത്തിന്റെ കാര്യത്തില്‍ തനിക്കുള്ള അഭിപ്രായ വ്യത്യാസം ഇവിടെ ബുക്ക് ഷോപ്പുകളേക്കാള്‍ കൂടുതല്‍ ആഭരണശാലകളാണെന്നതാണെന്നും അത് നാണക്കേട് തോന്നേണ്ട കാര്യമാണെന്നും സുഭാഷിണി അലി കൂട്ടിച്ചേര്‍ത്തു.
Content Highlights: Subhashini Ali, MBIFL 2024
Published: 11 Feb 2024, 05:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented