തിരുവനന്തപുരം: ആറുമാസം പ്രായമുള്ള പുതിയൊരു ഭൈരവ ഇപ്പോള്‍ എന്നോടൊപ്പമുണ്ട്. ഞാനവനെ കാലങ്ങളോളം സ്‌നേഹിക്കും. സംരക്ഷിക്കും. എന്റെ ഭൈരവയ്ക്ക് നല്‍കാന്‍ പറ്റാതെ പോയ സ്‌നേഹത്തിന് പകരമാവില്ലെങ്കിലും ഇതൊരു പ്രായശ്ചിത്തമാണ്. തെന്നിന്ത്യന്‍ താരം സമുദ്രക്കനി തന്റെ പ്രിയപ്പെട്ട നായ ഭൈരവയെകുറിച്ച് പറഞ്ഞുകൊണ്ടാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയില്‍ സംസാരിച്ചു തുടങ്ങിയത്.

To advertise here,

ഭൈരവ തന്റെ കുട്ടിക്കാലത്തെ ചങ്ങാതിയായിരുന്നു. അഞ്ച് കിലോമീറ്റര്‍ സ്‌കൂളിലേക്ക് നടക്കുമ്പോള്‍ കൂടെ വരും. ഞാന്‍ ക്‌ളാസ്സിലെത്തിയാല്‍ തിരിച്ചുപോരും. സ്‌കൂള്‍ വിടുന്ന 4.30ന് അവിടെയെത്തും. സിനിമ കാണാന്‍ തീയേറ്ററില്‍ പോവുമ്പോ കൂടെയുണ്ടാവും. ടിക്കറ്റിന് കാശില്ലാതെ തീയേറ്ററിനടുത്തുള്ള പാറപ്പുറത്ത് ഷീറ്റും വിരിച്ച് സിനിമയുടെ ശബ്ദരേഖ കേള്‍ക്കും. മനസ്സില്‍ ദൃശ്യങ്ങള്‍ കാണും. അപ്പോഴും അവന്‍ കൂടെയുണ്ടാവും. ഒരിക്കല്‍ അച്ഛന്റെ പോക്കറ്റില്‍ നിന്ന് 130 രൂപയും മോഷ്ടിച്ച് ചെന്നൈയ്ക്ക് വണ്ടി കയറി. ആരും അറിഞ്ഞില്ല. പക്ഷെ ഭൈരവയ്ക്ക് മാത്രം മനസിലായി. ബസ്സ് കയറാന്‍ ചെന്നപ്പോ അവനും കൂടെ വന്നു. അവനും കൂടെ കയറി. ഞാന്‍ വീട്ടില്‍ പോ എന്നു പലതവണ പറഞ്ഞിട്ടും കേട്ടില്ല. ഒടുക്കം കണ്ടക്ടര്‍ വന്ന് അവനെ ഇറക്കിവിട്ടു. ബസ്സ് വിട്ടപ്പോ ഞാനിരിക്കുന്ന സീറ്റിലേക്ക് നോക്കി അവന്‍ കുരച്ചുകൊണ്ട് കൂടെ ഓടി. അവനെ പിന്നിലേയ്ക്ക് ബസ്സ് അകന്നകന്നു പോയി. 

പത്ത് ദിവസം ചെന്നൈയില്‍ ഹോട്ടല്‍ ജോലിയൊക്കെ ചെയ്ത് 35 രൂപയും സമ്പാദിച്ച് തിരിച്ച് നാട്ടില്‍ ചെല്ലുമ്പോള്‍ ഭൈരവ അവശനായിരുന്നു. ആ പത്തു ദിവസവും അവനൊന്നും കഴിച്ചിരുന്നില്ല. എന്നെ കണ്ടതും ഒന്നു ഞരങ്ങി. ഞാനൊന്നു തലോടി. അവന്‍ മരിക്കുകയും ചെയ്തു. വീട്ടുകാര്‍ പിന്നെ അതിന്റെ പേരിലും എന്നെ അടിച്ചു. എന്തായാലും ആറുമാസം മുമ്പ് ഞാനൊരു നായയെ വാങ്ങി. അവനും ഭൈരവ എന്നു പേരിട്ടിരിക്കുകയാണ്.

ജീവിതാനുഭവങ്ങളുടെ കഥ ഇങ്ങിനെ ഓരോന്നായി ചുരുളഴിഞ്ഞ സെഷന്‍ അനുഭവങ്ങളുടെ സമുദ്രത്തില്‍ നിന്നുയര്‍ന്നു വന്ന കനി പോലെ ശ്രോതാക്കള്‍ മനസിലേറ്റി. തന്റെ സിനിമാ ജീവിതത്തെ മൂന്നായി തിരിക്കാം. സുന്ദര്‍.കെ.വിജയ്‌ക്കൊപ്പം സീരിയല്‍ കാലം. അഭിനയിക്കാന്‍ ചെന്നതാണ്. നല്ല കയ്യക്ഷരം കണ്ട് അദ്ദേഹം സംവിധാന സഹായിക്കുകയായിരുന്നു. എല്ലാത്തിനും സ്പീഡായിരുന്നു അവിടെ. പിന്നെ കെ.ബാലചന്ദര്‍. കവിതയും ശാന്തതയും ആയിരുന്നു അത്. പിന്നെ അമീറിനൊപ്പം. വയലന്‍സ് ആയിരുന്നു അവിടെ. ഇതെല്ലാം ചേര്‍ന്നതാണ് എന്റെ സിനിമ.

നമ്മള്‍ ഒരു വിഷയം ആഗ്രഹിച്ചാല്‍, അതിനുവേണ്ടി പ്രയത്‌നിച്ചാല്‍ അത് നമ്മെ തേടിവരിക തന്നെ ചെയ്യും. തത്കാലം കിട്ടുന്ന അവസരം ഒഴിവാക്കാതെ സ്വപ്നവുമായി കൂടെ കുടിക്കൊള്ളുക. അങ്ങിനെ തിരക്ക് പിടിച്ച് മുപ്പത് സഹായികളെ വെച്ച് മൂന്ന് സീരിയലുകള്‍ ചെയ്യുന്ന കാലത്താണ് ശശികുമാര്‍ സുബ്രഹ്മണ്യപുരത്തിലേക്ക് അഭിനയിക്കാന്‍ വിളിക്കുന്നത്. ഇത് വിട്ട് എങ്ങിനെ പോവും എന്നാലോചിച്ചിരിക്കുമ്പോള്‍ നിര്‍മാതാവായ നടി ലക്ഷ്മിയമ്മ വിളിച്ച് പറഞ്ഞു. ഇതെല്ലാം വിട്ട് പോയ്‌ക്കോ. നീ അഭിനയിക്കാന്‍ ആഗ്രഹിച്ച് വന്നവനല്ലേ എന്ന്.

രണ്ടാം ദിവസം ഷൂട്ടിങ് തുടങ്ങി എന്റെ ഷോട്ട് എടുത്തുകഴിഞ്ഞപ്പോള്‍ മുണ്ടും മാടിക്കെട്ടി ഞാന്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇറങ്ങിയതു കണ്ട് ശശികുമാര്‍ വിളിച്ചു. അതിന് വേറെയാളുണ്ട്. ഞാന്‍ അഭിനയിക്കാന്‍ പോവുകയാണ്. നീ ഷൂട്ട് ചെയ്യ് എന്ന്. അങ്ങിനെ അതൊരു ആത്മബന്ധമായി. ജീവിതവും മാറി.

സിനിമയില്‍ ആഗ്രഹിച്ചപോലെ എത്തി. കാശും ആയതില്‍ പിന്നെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നലില്‍ നിന്നാണ് വലിയൊരു ഗവേഷണം നടത്തിയത്. ടീച്ചര്‍മാര്‍ എങ്ങിനെയായിരിക്കണം, മാതാപിതാക്കള്‍ എങ്ങിനെയായിരിക്കണം എന്നെല്ലാം ഒരുപാട് അനുഭവങ്ങള്‍ ശേഖരിച്ചാണ് അത്തരം സിനിമകള്‍ ഒരുക്കിയത്. അപ്പാ പോലുള്ള സിനിമകള്‍ അങ്ങിനെയുണ്ടായതാണ്. ഇനിയും അത്തരം സിനിമകള്‍ക്കായുള്ള കഥകള്‍ തയ്യാറാക്കിയിട്ടുണ്ട്.