
തിരുവനന്തപുരം: നിറയ്ക്കേണ്ടത് പോക്കറ്റല്ല, ആത്മാവാണെന്ന തിരിച്ചറിവുമായി ജോലി രാജിവെച്ച്, ഒരു ബാക്ക്പാക്കും തൂക്കി ലോകത്തിന്റെ നെടുകെയും കുറുകെയും സഞ്ചരിക്കാനിറങ്ങിയ ഫ്രാന്‍സെസ്ക് മിറായെസ്. സമീപകാലത്ത് ലോകത്ത് ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകമായ 'ഇക്കിഗായ്: ദി ജാപ്പനീസ് സ്ക്രട്ട് ടു എ ലോങ് ആന്‍ഡ് ഹാപ്പി ലൈഫി'ന്റെ സഹരചയിതാവ്. ഫെബ്രുവരി എട്ടുമുതല്‍ 11 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയിലെ പ്രധാന സാന്നിധ്യമാവും ഫ്രാന്‍സെസ്ക് മിറായെസ്.
ജപ്പാനിലെ ഒക്കിനാവ എന്ന ഉള്‍നാടന്‍ പ്രദേശത്തെ മനുഷ്യരുടെ ദീര്‍ഘായുസ്സിനെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തിയ രഹസ്യങ്ങള്നിറഞ്ഞതാണ് മിറായെസും ഹെക്ടര്‍ ഗാര്‍സിയയും ചേര്‍ന്നെഴുതിയ ഈ പുസ്തകം. ലോകത്ത് നൂറ് വയസ്സ് കഴിഞ്ഞവര്‍ ഏറ്റവും കൂടുതലുള്ള ഒക്കിനാവ എന്ന ജാപ്പനീസ് കടലോര ഗ്രാമത്തെ അടുത്തറിഞ്ഞാണ് സ്പാനിഷുകാരായ ഹെക്ടറും മിറായെസും ജാപ്പനീസ് മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യത്തിന്റെ രഹസ്യം പുറത്തുകൊണ്ടുവന്നത്. 2016-ല്‍ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ പുസ്തകം ഇപ്പോള്‍ അറുപതിലേറെ ഭാഷകളിലായി മൂന്ന് മില്യണിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്.
ഇന്ത്യക്കാള്‍ ആഴത്തില്‍ ഇന്ത്യക്കാരെ അടുത്തറിഞ്ഞ എഴുത്തുകാരനായ ഫ്രാന്‍സെസ്ക് മിറായെസ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുമ്പോള്‍ തിരക്കിട്ട ജീവിതത്തിനിടയിലും ശാന്തിയുടെ വഴികള്‍ തെളിയും. ഉയര്‍ന്ന ശമ്പളമുള്ള ജോലി രാജിവെച്ച് യൂറോപ്പില്‍ നിന്ന് ഒരു ബൊഹീമിയനായി ജീവിതചോദന തിരഞ്ഞ് ഇന്ത്യയിലേക്ക് പുറപ്പെട്ടതാണ് ഇദ്ദേഹം. പിന്നീട് ജപ്പാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലൊക്കെ ആത്മാവുതേടിയലഞ്ഞു.
സുഹൃത്തിന്റെ ഭാര്യാപിതാവ് പറഞ്ഞാണ് ഒക്കിനാവയിലെ മനുഷ്യരുടെ അത്ഭുതകരമായ ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് അറിയുന്നത്. വൈകാതെ അവിടെച്ചെന്ന് ആ മനുഷ്യരുടെ ജീവിതം അടുത്തുനിന്ന് പഠിച്ചു, നിരീക്ഷിച്ചു. അവിടത്തെ പ്രായമായവര്‍ മുറിക്കുള്ളിലോ ആശുപത്രികളിലോ അല്ല. അവര്‍ കൃഷി ചെയ്യുന്നു, ഡ്രൈവ് ചെയ്യുന്നു, ചുറുചുറുക്കോടെ ആഘോഷങ്ങളില്‍ പങ്കുചേരുന്നു. ആ അതിശയങ്ങളും ജീവിതരഹസ്യങ്ങളും ഇക്കിഗായ് വിവരിക്കുന്നുണ്ട്. യാത്രകളിലൂടെ ഊര്‍ജം കണ്ടെത്തുന്ന ഫ്രാന്‍സെസ്ക് മിറായെസ്, കേരളത്തെക്കുറിച്ചും അറിവുകള്‍ നേടിയിട്ടുണ്ട്. മാതൃഭൂമി അക്ഷരോത്സവവേദി ഈ അസാമാന്യ പ്രതിഭയുടെ വാക്കുകള്‍ നേരിട്ടുകേള്ക്കാനും സംവദിക്കാനുമാണ് അവസരമൊരുക്കുന്നത്.
Content Highlights: mbifl2024, Francesc Miralles, Ikigai, Mathrubhumi international festival of letters
Published: 02 Feb 2024, 09:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented