തിരുവനന്തപുരം: പങ്കെടുത്ത ആളുകളുടെ ബാഹുല്യം കൊണ്ടും ചര്‍ച്ച ചെയ്ത വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി മാറിയ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് സമാപനം. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മാതൃഭൂമി ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി ദേവിക രെഗെയ്ക്ക് സമ്മാനിച്ചു. ദേവികയുടെ ക്വാര്‍ട്ടര്‍ ലൈഫ് എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.

To advertise here,

കേരളമെന്ന സംസ്ഥാനം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പോയിട്ടുണ്ടെങ്കിലും കേരളത്തിലേക്ക് ഞാന്‍ ആദ്യമായി വരുന്നത് എന്റെ നാൽപതാമത്തെ വയസിലാണ്. പശ്ചിമഘട്ടത്തിന്റെ പഠനവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗിലുമൊത്താണ് ഞാന്‍ വന്നത്. 

വന്ന സമയത്ത് ഞങ്ങളെ സ്വീകരിക്കാന്‍ അന്നത്തെ കുസാറ്റ് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറാണ് വന്നത്. സാധാരണക്കാരനായ ഒരാളെപ്പോലെ വസ്ത്രം ധരിച്ച ഒരു വൈസ് ചാന്‍സലറെ ഞാന്‍ ആദ്യമായാണ് കണ്ടത്. രാജ്യത്ത് മറ്റിടങ്ങളില്‍ കോട്ടും അംഗരക്ഷകരുമൊക്കെയായാണ് വൈസ് ചാന്‍സലര്‍മാരെ കാണാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

മറ്റൊരു കാര്യം കേരളത്തിലെ മത-സാമുദായിക സംഘടനകളൊക്കെ രാജ്യത്തെ മറ്റ് ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ സൗഹാര്‍ദത്തിലാണ് കഴിയുന്നത്. കഴിഞ്ഞ നവംബറിലാണ് കേരളത്തില്‍ അവസാനം വന്നത്. വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥികാഘാതത്തെ പറ്റിയുള്ള റിപ്പോര്‍ട്ട് അവതരണവുമായി ബന്ധപ്പെട്ടായിരുന്നു അത്. പരിസ്ഥിതിയും ജൈവവൈവിധ്യത്തെപറ്റിയുമുള്ള ജനങ്ങളുടെ അവബോധം കേരളത്തില്‍ കൂടുതലാണ്. 

കേരളത്തില്‍ നടക്കുന്ന മാതൃഭൂമിയുടേതുള്‍പ്പെടെയുള്ള സാഹിത്യോത്സവങ്ങള്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. ഇവിടെ തികച്ചും ജനാധിപത്യപരമായാണ് കാര്യങ്ങള്‍. ആളുകളുടെ സംവാദങ്ങളും പരിപാടികളുമെല്ലാം. 

സാഹിത്യകാരന്മാരും കലാകാരന്മാര്‍ക്കും രാഷ്ട്രീയമുണ്ടാകാം. ഇടതോ വലതോ ഹിന്ദുത്വവാദിയോ ആകാം. അതൊന്നും തെറ്റല്ല. പക്ഷേ, സ്വതന്ത്രമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന എഴുത്തുകാരനല്ലെങ്കില്‍ കലാകാരന്‍ ഒരിക്കലും രാഷ്ട്രീയക്കാരുമായി ചേരാതിരിക്കുകയാണ് വേണ്ടത്. ഒരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഒക്കെ നിങ്ങളുടെ സൗഹൃദത്തില്‍ ഉണ്ടാകാം. നിങ്ങള്‍ കരുതും അവരില്‍ മാറ്റങ്ങളുണ്ടാക്കാന്‍ നിങ്ങള്‍ക്ക് സ്വാധീനമുണ്ടെന്ന്. പക്ഷെ സംഭവിക്കുന്നത് നേരെ തിരിച്ചാണ്. നിങ്ങളുമായുള്ള സൗഹൃദം അവര്‍ ഉപയോഗിക്കുകയാണ് ചെയ്യുകയെന്നും ഗുഹ ചൂണ്ടിക്കാട്ടി. 

നന്ദലാല്‍ എന്ന പ്രശസ്ത കലാകാരനെപ്പറ്റി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സമയത്ത് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞ ഒന്നുണ്ട്. ഒരുപക്ഷേ, നന്ദലാല്‍ വഞ്ചിക്കപ്പെട്ടിരിക്കാം. പക്ഷെ അദ്ദേഹം ഒരിക്കലും സ്വയം വഞ്ചിക്കില്ല. അതുതന്നെയാണ് എനിക്ക് സാഹിത്യകാരന്മാരോടും പറയാനുള്ളത്. ഒരിക്കലും സ്വയം വഞ്ചിക്കരുത്. സ്വതന്ത്രമായി നില്‍ക്കുക-രാമചന്ദ്രഗുഹ പറഞ്ഞു.

ഏറെ ആഹ്ളാദത്തോടെയും അഭിമാനത്തോടെയുമാണ് സമാപനവേദിയില്‍ നില്‍ക്കുന്നതെന്ന് അധ്യക്ഷ പ്രഭാഷണം നടത്തിയ മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ പറഞ്ഞു. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ലോകസാഹിത്യത്തിലെ വിവിധ ഭാഷകളിലുള്ള എഴുത്തുകാരെ ഇവിടെ എത്തിക്കാന്‍ ഞങ്ങള്‍ അക്ഷീണം പ്രയത്‌നിച്ചു. അക്ഷരോത്സവം വെറും ബുദ്ധിജീവി സമ്മേളനമായി ഒതുങ്ങിപ്പോയില്ല. പങ്കെടുത്ത ആളുകളുടെ എണ്ണം കൊണ്ടും ഇത്തവണത്തെ  അക്ഷരോത്സവം ശ്രദ്ധേയമായെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തവണ അക്ഷരോത്സവത്തില്‍ പങ്കെടുത്തവരെ പറ്റി വിദേശത്തുനിന്ന് വന്ന സ്പീക്കര്‍മാര്‍ പോലും മികച്ച അഭിപ്രായമായിരുന്നു ഉണ്ടായതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. നിലവാരമുള്ള ബുദ്ധിപൂര്‍വമായ ചോദ്യങ്ങളാണ് വന്നതെന്ന് അവരെല്ലാം അഭിപ്രായപ്പെട്ടു. വിവിധ വിഷയങ്ങള്‍ തിരിച്ച് നടത്തിയ സംവാദങ്ങളില്‍ ആരും വന്നുപോവുകയല്ല, മറിച്ച് സജീവമായി പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും കൂടുതല്‍ വൈവിധ്യമായ വിഷയങ്ങളും അതിഥികളെയും അടുത്ത അക്ഷരോത്സവത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ചടങ്ങിന്റെ തുടക്കത്തില്‍ അക്ഷരോത്സവ വേദിയില്‍ വെച്ച് തത്സമയം രചിച്ച് ഈണമിട്ട പാട്ട് പാടി സംഗീത സംവിധായകനും പാട്ടുകാരനുമായ എം.ജയചന്ദ്രനും ഗാനരചയിതാവ് ബി.കെ ഹരിനാരായണനും സദസ്സിനെ അമ്പരിപ്പിച്ചു. മാതൃഭൂമി അക്ഷരോത്സവത്തെ പറ്റിയാണ് പാട്ടെഴുതിയത്. സമാപന ചടങ്ങില്‍ മാതൃഭൂമി ഡിജിറ്റല്‍ ഡയറക്ടര്‍ എം.എസ് മയൂര ആശംസ അര്‍പ്പിക്കുകയും മാതൃഭൂമി പബ്ലിക് റിലേഷന്‍സ്  വൈസ്പ്രസിഡന്റ് പി.വി മിനി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.