തിരുവനന്തപുരം: ജനാധിപത്യത്തിനു വേണ്ടിയുള്ള ജനാധിപത്യപരമായ ഒരു 'പോരാട്ട 'ത്തിനാണ് 'ക' ഫെസ്റ്റിവെലിന്റെ അവസാന ദിവസം ഫെസ്റ്റിവെല്‍ ഹാള്‍ സാക്ഷ്യം വഹിച്ചത്. നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് ജോണ്‍ ബ്രിട്ടാസ് എം.പി.യും ബി.ജെ.പിയുടെ ഭാഗമായ പ്രഭാഷകയും സിവില്‍ എന്‍ജിനിയറുമായ വിനീത ഹരിഹരനും മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സബ ന​ഖ്​വിയും. എഴുത്തുകാരനായ എന്‍.പി. ഉല്ലേഖ് മോഡറേറ്ററായി.

To advertise here,

ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അപൂര്‍വം സംസ്ഥാനങ്ങളിലേ ഇന്ന് സാധ്യമാവൂ എന്നും അതിലൊന്നാണ് കേരളമെന്നും പറഞ്ഞാണ് ബ്രിട്ടാസ് ചര്‍ച്ച തുടങ്ങിവെച്ചത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഉദ്യോഗസ്ഥ വിഭാഗം പാര്‍ലമെന്റിന് വിധേയരാണ്. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. ഒരു ചര്‍ച്ചയും നടക്കുന്നില്ല. 146 എം.പിമാരെയാണ് ചോദ്യം ചോദിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്. ജനാധിപത്യത്തിന്റെ അടിത്തറയായ സ്വതന്ത്രമാധ്യമങ്ങള്‍ കേരളത്തിലല്ലാതെ വേറെയെവിടെയുമില്ല. മീഡിയ അവിടെയൊക്കെ 'മോഡിയ' ആയിക്കഴിഞ്ഞു, ബ്രിട്ടാസ് പറഞ്ഞു.

എന്നാല്‍ തുടര്‍ന്ന് സംസാരിച്ച വിനീതാ ഹരിഹരന്‍ അതിനെ ഖണ്ഡിച്ചു. 'ക' പോലുള്ള ഫെസ്റ്റ് വെല്ലുകള്‍ ആവശ്യമാണ്. ജയ്പൂരിലൊക്കെ അത് നടക്കുന്നുണ്ട്. അവിടെയും ജനാധിപത്യമടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ ജനാധിപത്യത്തിന് നിലവില്‍ ഒരു ഭീഷണിയുമില്ല. ഇന്ത്യയുടെ ആത്മാവില്‍ നിന്ന് ജനാധിപത്യമെന്ന ആശയം എടുത്തു കളയാനുമാവില്ലെന്ന് അവര്‍ പറഞ്ഞു. 

പാര്‍ലമെന്റ്റ് ജനാധിപത്യത്തിന്റെ വിശുദ്ധ കേന്ദ്രമാണ്. അവിടെ പ്രതിഷേധിക്കുമ്പോള്‍ എം.പി.മാര്‍ അല്‍പം കൂടി മര്യാദ കാണിക്കണമെന്നും വിനീത അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാരിന്റെ കുറേ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് ജനാധിപത്യം എന്നാല്‍ ജനങ്ങളെ ശാക്തീകരിക്കുന്നതു കൂടിയാണ് എന്ന് വിനീത പറഞ്ഞപ്പോള്‍ ബ്രിട്ടാസ് ഇടപെട്ടു; ' വിനീത പറയുന്നതു കേട്ടാല്‍ ഇന്ത്യ ജനിച്ചത് 2014-ല്‍ ആണെന്ന് തോന്നും ' എന്നായിരുന്നു ബ്രിട്ടാസിന്റെ കമന്റ്.

പാര്‍ലമെന്റിന്റെ സ്തംഭനത്തെക്കുറിച്ചു തന്നെയാണ് സബ നഖ്‌വിയും പറഞ്ഞു തുടങ്ങിയത്. ലോകത്തെല്ലായിടത്തും ജനാധിപത്യം ഭീഷണി നേരിടുന്നുണ്ട്. ഇന്ത്യയില്‍ ഇപ്പോഴും ഒരു ജനാധിപത്യപരമായ തിരഞ്ഞെടുപ്പുണ്ട് എന്നത് ആശ്വാസകരമാണ്. എന്നാല്‍ അത് ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ചെലവഴിച്ചത് അത്രയും വലിയ തുകയാണ്. പാര്‍ലമെന്ററിലെ സസ്‌പെന്‍ഷന്‍ വിഷയത്തെ പരാമര്‍ശിച്ചു പാര്‍ലമെന്റംഗങ്ങള്‍ കുറച്ചു കൂടി മാന്യമായി പെരുമാറണമെന്നും പാര്‍ലമെന്റ് ഒരു സ്‌കൂളല്ല എന്ന് ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു.

വീണ്ടും ഇടപെട്ടുകൊണ്ട് ബ്രിട്ടാസ് പാര്‍ലമെന്റ്റില്‍ നടക്കുന്നതെന്താണെന്ന് വിശദീകരിച്ചു. 10 ശതമാനം ബില്ലുകള്‍ പോലും അവിടെ വരുന്നില്ല. അടുത്തിടെ ഐ.പി.സിയടക്കമുള്ള മൂന്ന് നിയമങ്ങള്‍ കൊണ്ടുവന്നു. ആര്‍ക്കും ഒന്നും മനസ്സിലായില്ല. എല്ലാം സംസ്‌കൃതത്തിലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യ ഇന്ന് പുനര്‍ജനിച്ച ഇന്ത്യയാണെന്നും  ശുചിത്വം ,ഗ്രാമീണ വികസനം തുടങ്ങിയ മേഖലയിലെ നേട്ടം വിദേശ ഏജന്‍സികള്‍ പോലും സമ്മതിച്ചതാണെന്നും പറഞ്ഞ വിനീതയെ സബ തിരുത്തി, രാജ്യത്തിന്റെ അതിര്‍ത്തി ഒന്നു കടന്നാല്‍ പോലും ഇക്കാര്യങ്ങളില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥ കാണാം എന്ന് അവര്‍ പറഞ്ഞു. എന്തുണ്ടായാലും ജനങ്ങള്‍ നിരാശരായാല്‍ ഫലമില്ലെന്നും സബ അഭിപ്രായപ്പെട്ടു.

കേന്ദ്രം പണം തരുന്നില്ലെന്ന് പറയുന്ന കേരളം സ്വന്തമായി വരുമാനമുണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് വിനീത ആരോപിച്ചു. കേന്ദ്ര പദ്ധതികള്‍ സ്വന്തം പേരിലാക്കുന്നു. എന്നിട്ട് എല്ലാറ്റിനും പണം ഞങ്ങള്‍ കൊടുക്കണം എന്നു പറഞ്ഞതോടെ ബ്രിട്ടാസ് വീണ്ടും തിരുത്തി; നിങ്ങളുടെ പണമല്ല ,അത് നമ്മുടെ പണമാണ്. കേരളത്തിന് അവകാശപ്പെട്ടതാണ് ചോദിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.