ആദ്യ നോവൽ കൊണ്ടു തന്നെ ചരിത്രം രചിച്ചയാളാണ് മേരി ചേംബര്ലെയ്ന്. പത്തൊൻപത് രാജ്യങ്ങളാണ് അത് ഏറ്റുവാങ്ങിയത്. ചരിത്രം തന്നെയാണ് അവരുടെ എഴുതിന്റെ വഴി. സ്ത്രീകളുടെ സഹനജീവിതങ്ങളും കരീബിയൻ സംസ്കൃതിയുമെല്ലാമാണ് ആ എഴുത്തിന്റെ ഇലഞ്ഞരമ്പുകൾ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ തന്റെ എഴുത്തിന്റെ ചരിത്രവഴിയെക്കുറിച്ച് മനസ് തുറക്കുകയാണവർ.
ലോകചരിത്രത്തില്‍ 'ഓറല്‍ ഹിസ്റ്ററി' എന്ന വിഭാഗം പരിചയപ്പെടുത്തിയത് മേരി ചേംബര്ലെയ്ന് ആണ്. ഗ്രാമീണരായ സ്ത്രീകളുടെ ചരിത്രം രേഖപ്പെടുത്തേണ്ടതുണ്ട് എന്ന ചിന്തയില്‍ നിന്നും ഉയര്‍ന്നുവന്ന വലിയൊരു സംഭാവന തന്നെയാണ് ഓറല്‍ ഹിസ്റ്ററി. എന്തായിരുന്നു ഇതിനുപിന്നിലെ ചോദന?
ചരിത്രം അന്നേവരെ അടയാളപ്പെടുത്തിയതെല്ലാം വീരപുരുഷഗാഥകളായിരുന്നു. വലിയ വലിയ രാജാക്കന്മാരുടെയും നേതാക്കന്മാരുടെയും കവികളുടെയും പോരാളികളുടെയും ചരിത്രം നമ്മുടെ മുമ്പില്‍ രേഖപ്പെട്ടുകിടപ്പുണ്ട്. അതിലൊന്നും എനിക്കൊരു പുതുമയും തോന്നിയില്ല. അതതുകാലങ്ങളില്‍ സമൂഹം ആവശ്യപ്പെടുന്നതാണ് അവയെല്ലാം. ഇംഗ്ലണ്ടിലെ ഉള്‍ഗ്രാമങ്ങളിലേക്ക് കടന്നുചെന്ന് അവിടത്തെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കുടുംബജീവിതവും സാമൂഹികജീവിതവും അവര്‍ വാമൊഴിയായി കൈമാറി വരുന്ന ജീവിതരീതികളും രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
എനിക്കുമുമ്പില്‍ മുന്മാതൃകകള് ഒന്നുംതന്നെയില്ലായിരുന്നു. അവരുടെ ജീവിതം എഴുതിവെക്കാന്‍ ഒരു ചരിത്രവും സാഹിത്യവും മുന്കയ്യെടുത്തിട്ടില്ലാത്തതിനാല് ഓറല്‍ ഹിസ്റ്ററിയുടെ ഓരോ ചുവടുവെപ്പും എനിക്ക് പുതുമയുള്ളതായിരുന്നു. ഗ്രാമങ്ങളിലെ സ്ത്രീകളുടെ ജീവിതവും ഭക്ഷണവും കുടുംബം പുലര്‍ത്താനുള്ള പ്രയത്നങ്ങളും ഞാന്‍ നേരിട്ടുകണ്ടു. അവരുടെ വീടുകളിലേക്ക് കടന്നുചെല്ലുമ്പോള്‍ എന്തു കഴിക്കാന്‍ തരുമെന്നോര്‍ത്ത് വെപ്രാളപ്പെട്ട് അപ്പോള്‍ കണ്ണിലുടക്കിയ പദാര്‍ഥങ്ങള്‍ കൊണ്ട് എനിക്ക് വിഭവങ്ങളുണ്ടാക്കിത്തന്നു.
ഇത്രയും കാലം നിങ്ങളെന്തൊക്കെയായിരുന്നു ചെയ്തുകൊണ്ടിരുന്നത് എന്നന്വേഷിച്ചുകൊണ്ട് ആ സ്ത്രീകള്‍ക്കിടയിലേക്ക് മറ്റൊരു സ്ത്രീ വന്നത് അവര്‍ക്ക് അത്ഭുതമായിരുന്നു. നിങ്ങളുടെ ജീവിതത്തെക്കുറിച്ചു പറയൂ എന്നായിരുന്നു ഞാന്‍ അവരോട് ആവശ്യപ്പെട്ടത്. നിങ്ങളുടെ അമ്മ എവിടെയാണ് ജനിച്ചത്, മുത്തശ്ശിയെക്കുറിച്ച് പറയൂ എന്നൊക്കെ ഞാന്‍ നിരന്തരം അവരോട് ആവശ്യപ്പെട്ടു. തലമുറകളായി പറഞ്ഞുകേട്ട അറിവുകള്‍ അവരെന്നോട് പങ്കുവെച്ചു. അവരുടെ കുലത്തെക്കുറിച്ചും ജാതിയെക്കുറിച്ചും അയല്‍ക്കാരെക്കുറിച്ചും ചോദിച്ചറിഞ്ഞു. അതത് കുടുംബങ്ങള്‍ പ്രത്യേകമായി ഉണ്ടാക്കുന്ന വിഭവങ്ങള്‍ കൂടി എന്റെ വിഷയമായി. ഗ്രാമങ്ങളിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ ചരിത്രം എനിക്കുമുമ്പില്‍ അവര്‍ നിരത്തി. അതുതന്നെയായിരുന്നു എന്റെ ലക്ഷ്യവും.
ഗ്രാമങ്ങളിലെ സ്ത്രീകളുടെ വിഭവങ്ങളും, മരുന്നുപ്രയോഗങ്ങളും, ശീലങ്ങളുമെല്ലാം ഞാന്‍ ഓരോരുത്തരെയായി നേരിട്ട് അഭിമുഖം ചെയ്ത് റെക്കോഡുചെയ്തുവെച്ചു. ചരിത്രാധ്യാപികയായ എനിക്ക് ആ മേഖലയില്‍ ഓറല്‍ ഹിസ്റ്ററി എന്നൊരു പുതിയ വിഭാഗത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് അങ്ങനെയാണ്. ഓറല്‍ ഹിസ്റ്ററിയിലൂടെ ഗ്രാമീണസ്ത്രീകളുടെ ചരിത്രം രേഖപ്പെടുത്താന്‍ കഴിഞ്ഞത് എന്റെ അക്കാദമിക് കരിയറിലെ വലിയൊരു നേട്ടമായി ഞാന്‍ കരുതുന്നു.
താങ്കളുടെ ''എക്സൈല്‍ ആന്‍ഡ് റിട്ടേണ്‍' എന്ന പുസ്തകം വിശദമാക്കുന്നത് കരീബിയന്‍ ജനതയുടെ കുടിയേറ്റ ചരിത്രത്തെക്കുറിച്ചാണല്ലോ. കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് കുടിയേറ്റത്തിന്റെ കാലത്തെക്കൂടിയാണ്. ഇവിടത്തെ യുവത പുതിയ ജീവിതസാധ്യതകള്‍ തേടി നാടുകടക്കുകയാണ്.
നിങ്ങള്‍ എന്തിനാണ് തിരിച്ചുവരവ് പ്രതീക്ഷിക്കുന്നത്? ഒരു നാട്ടില്‍പോയി ജോലിയെടുത്ത് കുറേ പണമുണ്ടാക്കി തിരികെ നാട്ടിലെത്തി ജീവിതം തുടരുക എന്നത് പൂര്‍ണമായും പ്രായോഗികമല്ല. പക്ഷേ അവരുടെ സ്വത്വം എക്കാലവും സ്വന്തം ദേശീയതയില്‍ അധിഷ്ഠിതമായിരിക്കും. ഏറെക്കാലം ഞാന്‍ താമസിച്ചത് കരീബിയയിലായിരുന്നു. അവിടെ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തു. നിരന്തരം ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുക എന്നത് എന്റെ ശീലമാണ്. കരീബിയന്‍ ജനതയെക്കുറിച്ച് വിശദമായി പഠിക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്.
നിത്യദാരിദ്ര്യവും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് തങ്ങളുടെ നാട്ടില്‍ ഇനി സാധ്യതയില്ല എന്നു മനസ്സിലാക്കിയാണ് കരീബിയന്‍ ജനത നാടുകടക്കാന്‍ തുടങ്ങുന്നത്. വളരെ ദുര്‍ഘടം പിടിച്ച വഴികളാണ് അവര്‍ പലായനത്തിനായി തിരഞ്ഞെടുക്കുന്നത്. പനാമ വഴി ക്യൂബയില്‍ കടന്ന് അവിടുന്ന് അമേരിക്കയെ ലക്ഷ്യമാക്കി നീങ്ങുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ ജീവിതം കരുപ്പിടിപ്പിച്ച് മൂന്നു തലമുറകള്‍ കഴിഞ്ഞിട്ടും അവര്‍ മുറുകെപ്പിടിക്കുന്നത് തങ്ങളുടെ കരീബിയന്‍ ആണെന്നാണ്. അത് അവരുടെ ദേശീയ വികാരമാണ്. തിരികെ തങ്ങളുടെ നാട്ടിലേക്ക് പോകാന്‍ സാഹചര്യം അനുകൂലമായിരിക്കില്ലെങ്കിലും അവര്‍ തങ്ങളുടെ കരീബിയന്‍ സ്വത്വത്തെയാണ് അഭിമാനത്തോടെ ഉയര്‍ത്തിക്കാണിക്കുന്നത്.
പലായനം എക്കാലവും എല്ലായിടത്തും നടക്കുന്ന ഒന്നാണ്. ഒരു നാട്ടില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമല്ല. തൊഴിലില്ലായ്മ എല്ലായിടത്തും ഏറിയും കുറഞ്ഞുമുണ്ട്. തിരികെ വരണമെന്ന നിയമം ആരാണുണ്ടാക്കിയിരിക്കുന്നത്? ആരാണ് അനുസരിക്കുന്നത്? ഇത്രയും കാലത്തെ പലായന നിരീക്ഷണങ്ങളില്‍ നിന്നും പറയട്ടെ, തിരികെ വരിക എന്നത് ബുദ്ധിമുട്ടാണ്.
സ്ത്രീകളുടെ ചരിത്രമാണ് താങ്കള്‍ എപ്പോഴും പ്രധാനമായി കണ്ടിരിക്കുന്നത്.
തീര്‍ച്ചയായും. ഒരു രാഷ്ട്രത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഉന്നതിയ്ക്കായി ഒരു സ്ത്രീ വഹിക്കുന്ന പങ്ക് ചെറുതല്ല. രാഷ്ട്രനിര്‍മിതിയില്‍ നമ്മള് കാണുന്നതെല്ലാം വീരപുരുഷന്മാരുടെ ചരിത്രമാണ്. സത്രീകളെ രേഖപ്പെടുത്താതെ പോകുന്നത് കാലത്തോടെ തന്നെ നമ്മള് ചെയ്യുന്ന അനീതിയാണ്. ഓരോ രാഷ്ട്രത്തിന്റെയും സ്വാതന്ത്ര്യസമരചരിത്രത്തോടൊപ്പം തന്നെ വളരേണ്ടതായിരുന്നു അവിടത്തെ ഫെമിനിസ്റ്റ് പ്രസ്ഥാനവും. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.
ദേശീയപ്രസ്ഥാനചരിത്രം മുഴുവന്‍ പറയുന്നതും മാസ്കുലിന്‍ കേന്ദ്രീകൃത കഥകളാണ്. രാഷ്ട്രീയ നേതാക്കളും ട്രേഡ് യൂണിയന് നേതാക്കളും എല്ലാം പുരുഷന്മാരാണ്. കാരണം കുടുംബം എന്ന വലിയൊരു പ്രസ്ഥാനത്തില്‍ മുഴുവന്‍ സമയവും ജോലിയെടുത്തുകൊണ്ടേയിരിക്കുക എന്നതായിരുന്നു സ്ത്രീകളുടെ ചുമതല. വീടിന്റെ ഭാരം സ്ത്രീകള്‍ ചുമന്നിരുന്നില്ലെങ്കില് മഹാരഥന്മാരായ പല ലോകനേതാക്കളും ഉണ്ടാകുമായിരുന്നില്ല. കുട്ടികള്‍ എന്ന വലിയ ഉത്തരവാദിത്തം മുഴുവനായും ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ സ്ത്രീകളായിരുന്നു. ആരും ഇതുവരെ കേള്‍ക്കാതിരുന്ന അവരുടെ ചരിത്രം എനിക്ക് മുഖ്യവിഷയം തന്നെയായിരുന്നു.
ചരിത്രാന്വേഷണത്തില്‍ നിന്നും നോവലിലേക്കുള്ള ചുവടുമാറ്റം
യൂണിവേഴ്സിറ്റി പ്രൊഫസര്ഷിപ്പില്നിന്നും വിരമിക്കുന്നതുവരെ എന്റെ സംഭാവനകള്‍ മുഴുവന്‍ ഞാന്‍ നല്‍കിയത് അക്കാദമിക സമൂഹത്തിനാണ്. ഇനിയെനിക്കൊരു നോവല്‍ എഴുതണം എന്ന ആഗ്രഹം സഫലീകരിക്കുന്നത് റിട്ടയര്‍മെന്റിനുശേഷമാണ്. ക്രിയേറ്റീവ് റൈറ്റിങ്ങില്‍ എം.എ എടുത്തിരുന്നു. ഇനിയുമൊരു ഗവേഷണം എന്ന പ്രലോഭനത്തില്‍ പെടാതെ ഞാന്‍ നോവല്‍ എഴുതി പൂര്‍ത്തിയാക്കി. The Dressmaker of Dachau ( ദ ഡ്രസ്മേക്കര് ഓഫ് ഡക്കൗ) എന്ന നോവലുമായി എനിക്ക് ആത്മബന്ധമുണ്ട്.
രണ്ടാം ലോകമഹായുദ്ധവും ജര്‍മന്‍ അധിനിവേശവും ഹിറ്റ്ലര്‍- ജൂത സംഘര്‍ഷവുമെല്ലാം മുഖ്യപ്രമേയമായി. പ്രഥമനോവലിന് നല്ല സ്വീകാര്യത ലഭിച്ചപ്പോള്‍ ഞാന്‍ സാഹിത്യത്തെ ഗൗരവമായിത്തന്നെ സമീപിക്കാന്‍ തുടങ്ങി. നിരവധി ഗവേഷണപ്രബന്ധങ്ങള്‍ മാത്രമല്ല കുറച്ചു നോവലുകളും എന്റെ അക്കൗണ്ടില്‍ വന്നതില്‍ സംതൃപ്തിയുണ്ട്. ;ചരിത്രവും സാഹിത്യവും ഞാന്‍ ഏറെ ആസ്വദിക്കുന്നു. യാഥാര്‍ഥ്യത്തെ പുറത്തുകൊണ്ടുവരിക എന്നത് വളരെ ദുര്‍ഘടം പിടിച്ച പണിയാണ്. ഭാവന എളുപ്പം വഴങ്ങുന്ന ഒന്നാണ്. ഗവേഷണം എന്ന പൊതുഘടകം രണ്ടിലുമുണ്ട്.
Content Highlights: interview with Mary Chamberlain
Published: 10 Feb 2024, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented