തിരുവനന്തപുരം: സ്ത്രീയായതിനാലാണ് തനിക്ക് എഴുത്തില്‍ നിന്ന് ഇടവേളയെടുക്കേണ്ടിവന്നതെന്ന് എഴുത്തുകാരി ചന്ദ്രമതി. കനകക്കുന്നിലെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന 'മാറുന്ന കഥ, മാറാത്ത കഥ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

To advertise here,

'എനിക്ക് എഴുത്തുനിര്‍ത്തേണ്ടി വന്നത് സ്ത്രീയായതിനാലാണ്. അത് ഇവിടെയിരിക്കുന്ന പെണ്ണുങ്ങള്‍ക്ക് മനസിലാകും. എഴുതാതിരുന്ന ആ കാലം ഒരുതരം ഊര്‍ജ്ജസംഭരണമായിരുന്നുവെന്ന് എനിക്ക് പിന്നീടാണ് മനസിലായത്.' -ചന്ദ്രമതി പറഞ്ഞു.

'മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച എന്‍.എസ്. മാധവന്റെ 'ശിശു' എന്ന കഥ വായിച്ചപ്പോള്‍ എനിക്ക് ഒന്നും മനസിലായില്ല. ഈ കഥയ്ക്കല്ല, എന്റെ കഥയ്ക്കല്ലേ അവാര്‍ഡ് കിട്ടേണ്ടിയിരുന്നത് എന്ന് അന്നത്തെ 'കുമാരി ചന്ദ്രിക'യ്ക്ക് തോന്നിയിരുന്നു. പിന്നീട് 'ചന്ദ്രമതി'യായപ്പോഴാണ് ആ കഥ എനിക്ക് മനസിലായത്.'

'സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ വാശി കൂടുതല്‍. അതുകൊണ്ടാണ് ഞാന്‍ 18 വര്‍ഷം മിണ്ടാതിരുന്നത്. വലിയൊരു മുറിവേറ്റതാണ് ഞാന്‍ എഴുത്തുനിര്‍ത്താന്‍ കാരണം. എഴുത്തിലേക്ക് തിരിച്ചുവരാന്‍ കാരണവും അതുപോലൊരു മുറിവാണ്. നൂറുവര്‍ഷത്തെ കഥകള്‍ തിരഞ്ഞെടുത്തപ്പോള്‍ മലയാളത്തിലെ പ്രമുഖരായ പ്രസാധകര്‍ എന്റെ കഥകള്‍ കണ്ടില്ല. അവരെ കൊണ്ട് എന്നെ അംഗീകരിപ്പിക്കണം എന്ന വാശിയിലാണ് വീണ്ടും എഴുതിത്തുടങ്ങിയത്. ഇന്ന്, എന്റെ മിക്ക കഥാപുസ്തകങ്ങളും പ്രസിദ്ധീകരിച്ചത് അതേ പ്രസാധകരാണ്. എന്റെ ജീവിതത്തില്‍ ഇതുപോലുള്ള ധാരാളം മധുരപ്രതികാരങ്ങളുണ്ടായിട്ടുണ്ട്.' -ചന്ദ്രമതി പറഞ്ഞു.

'എഴുത്തില്‍ ഉത്തരാധുനികത വന്നപ്പോള്‍ എന്നെ അതിശയിപ്പിച്ച എഴുത്തുകാരനാണ് എം. മുകുന്ദന്‍. അദ്ദേഹം ആധുനികതയുടെ വലിയ വക്താവായിരുന്നു. പക്ഷേ ഉത്തരാധുനികതയുടെ കാലമായപ്പോള്‍ അദ്ദേഹം അതിന്റേയും വക്താവായി മാറി. മാറ്റം വളര്‍ച്ചയുടെ ലക്ഷണമാണ് എന്ന പാഠമാണ് മുകുന്ദനില്‍ നിന്ന് ഞാന്‍ ഉള്‍ക്കൊണ്ടത്. അദ്ദേഹം 'ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ' എന്ന കഥ എഴുതിയപ്പോള്‍ അതില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. എന്നാല്‍ മുകുന്ദന്റെ ആദ്യകാല കഥകള്‍ നോക്കിയാല്‍ അവയില്‍ സ്ത്രീകള്‍ വെറും ഭോഗവസ്തുവാണ്. അതിനപ്പുറം പുരുഷന്‍ അവളെ കണ്ടിട്ടില്ല. പക്ഷേ ഇവിടെ സ്ത്രീ വളര്‍ന്ന് പുരുഷനെ അവന്റെ ഭാഗധേയം നിശ്ചയിക്കാന്‍ വഴികാണിച്ചുകൊടുക്കുന്നിടത്തോളം പ്രാപ്തയാക്കുന്നു. ആ ഒരു മാറ്റമാണ് ഞാന്‍ എന്നിലും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്.' -ചന്ദ്രമതി പറഞ്ഞു. 

ഇംഗ്ലീഷ് സാഹിത്യത്തിന് ന്യൂയോര്‍ക്കര്‍ മാസിക എങ്ങനെയാണോ അതുപോലെയാണ് മലയാളത്തിന് മാതൃഭൂമിയെന്ന് എന്‍.എസ്. മാധവന്‍ പറഞ്ഞു. താന്‍ എഴുതിത്തുടങ്ങിയ കാലത്ത് എല്ലാവരുടേയും ആഗ്രഹമായിരുന്നു മാതൃഭൂമിയില്‍ കഥ പ്രസിദ്ധീകരിക്കുക എന്നത്. കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന സാഹത്യസൃഷ്ടികളാണ് ചെറുകഥകളെന്നും അദ്ദേഹം പറഞ്ഞു. 

'ഞാന്‍ ജോലി ചെയ്ത സ്ഥലത്ത് ഫോണോ പത്രമോ ടെലിവിഷനോ ഒന്നും ഉണ്ടായിരുന്നില്ല. ഇന്റര്‍നെറ്റ് എന്ന ചിന്ത പോലും അക്കാലത്ത് ഇല്ലായിരുന്നു. അതിനാല്‍ ഭാഷയുമായി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞില്ല. ഇതാണ് എനിക്ക് പത്ത് വര്‍ഷത്തോളം മലയാള ഭാഷ കൈമോശം വരാന്‍ കാരണമായത്. കൂടാതെ എനിക്ക് ഹിന്ദിയില്‍ കൂടി ചിന്തിക്കേണ്ടതായി വന്നു. ഒരേ വാക്കുകള്‍ക്ക് രണ്ട് ഭാഷയിലും വ്യത്യസ്ത അര്‍ത്ഥമാണ്. ഉദാഹരണത്തിന് ഉപന്യാസമെന്നാല്‍ മലയാളത്തില്‍ Essay ആണ്. എന്നാല്‍ ഹിന്ദിയില്‍ അത് നോവല്‍ ആണ്. ഇത് എന്നില്‍ ഭാഷാപരമായ ഭ്രമം സൃഷ്ടിച്ചു.' -എന്‍.എസ്. മാധവന്‍ പറഞ്ഞു. 

ആധുനിക കാലത്തെ എഴുത്തുകാര്‍ ഭാഷയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും അത് കഥയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നുവെന്ന് കഥാകൃത്ത് അയ്മനം ജോണ്‍ പറഞ്ഞു. സ്വന്തമായി ഭാഷ സൃഷ്ടിച്ചുകൊണ്ടാണ് വി.കെ.എന്‍. ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ കടന്നുവന്നത്. ഭാഷയില്‍ അട്ടിമറി നടത്തിക്കൊണ്ടുമാത്രമേ രചനകളില്‍ മൗലികത സൃഷ്ടിക്കാന്‍ കഴിയൂ. തനിക്ക് ഇത് മനസിലായത് ഖസാക്കിന്റെ ഇതിഹാസം വായിച്ചപ്പോഴാണെന്നും അയ്മനം ജോണ്‍ പറഞ്ഞു. 

'ഓരോ കഥയും വ്യത്യസ്തമായ ഭൂപ്രദേശങ്ങളില്‍ നടക്കുന്ന ഓരോ യുദ്ധങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു കഥ എഴുതിയെന്നു കരുതി അടുത്തത് എളുപ്പമാകില്ല. 100 കഥകള്‍ എഴുതിയാലും 101-ാമത്തെ കഥ എഴുത്തുകാരന് വെല്ലുവിളിയാണ്.'  -ജോണ്‍ പറഞ്ഞു.