പാതിമയക്കത്തിൽ  കാതിലൊഴുകിയെത്തിയ പാട്ടിൽ നേർത്ത നൊമ്പരമുണ്ടായിരുന്നു; നിഗൂഢമായ ഒരു ആത്മനൊമ്പരം.

To advertise here,

"പ്രണയസന്ധ്യയൊരു വെണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ 
പുലര്‍നിലാവിന്റെ യമുനയില്‍ ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം കടൽ വരയ്ക്കുന്നുവോ.... " 

 

"ഒരേ കടൽ" എന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് പുത്തഞ്ചേരിയും ഔസേപ്പച്ചനും ചേർന്നൊരുക്കിയ പാട്ടിന്റെ വരികൾക്കൊപ്പം  മറക്കാനാവാത്ത ഒരു മുഖം കൂടി മനസ്സിൽ തെളിയുന്നു; ബോംബെ ജയശ്രീയുടെ പ്രസാദാത്മക മുഖം.  കനകക്കുന്നിലെ മാതൃഭൂമി അക്ഷരോത്സവ വേദിയിലെ "ഇൻ കോൺവെർസേഷൻ" സെഷനിൽ ഒരു മണിക്കൂർ ഒപ്പമിരുന്ന  ശേഷം വിടവാങ്ങുകയാണ് അവർ. "സംഗീതത്തെ കുറിച്ച് സംസാരിക്കാൻ ഈ ഒരു മണിക്കൂർ പോരാ, അല്ലേ?" -- ജയശ്രീ ചോദിക്കുന്നു. "ഇനിയുമുണ്ട് എത്രയോ ഓർമ്മകൾ. അടുത്ത തവണയാകട്ടെ രവിജീ. നമുക്കിരിക്കാം..."

കൃത്യം ഒരു വർഷം മുൻപായിരുന്നു  മറക്കാനാവാത്ത ആ കൂടിക്കാഴ്ച. കനകക്കുന്നിൽ മറ്റൊരു അക്ഷരോത്സവം അരങ്ങേറുമ്പോൾ കച്ചേരിവേദികളിൽ ജയശ്രീയില്ല. സംഗീതലോകത്തിന്റെ തിരക്കിലും ബഹളത്തിലും നിന്നേറെ അകലെ  സ്വന്തം വീടിന്റെ ഏകാന്തതയിൽ വിശ്രമത്തിലാണ് ജയശ്രീ. മൗനം ഭഞ്ജിച്ച് സംഗീതലോകത്ത് ജയശ്രീ വീണ്ടും സക്രിയമാകുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നവരിൽ അവരുടെ മകനും സഹോദരനുമുണ്ട്; ലോകമെങ്ങുമുള്ള  ലക്ഷക്കണക്കിന് ആരാധകരും. 

കഴിഞ്ഞ വർഷത്തെ  "ക" ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനച്ചടങ്ങിന് തൊട്ടു  പിന്നാലെ അതേ വേദിയിൽ വെച്ചായിരുന്നു  ജയശ്രീയുമായുള്ള സംഗീത സമാഗമം.  "വസീഗരാ" എന്ന പാട്ടുപാടി  നിറഞ്ഞ സദസ്സിനെ കയ്യിലെടുത്ത  ശേഷം  മറക്കാനാവാത്ത ഒരു കാലത്തിലേക്ക് മനസ്സുകൊണ്ട് തിരികെ നടന്നു അവർ. സംഗീതസാന്ദ്രമായ ഒരു സ്മൃതിയാത്ര. ഹൃദയസ്പർശിയായ ആ അനുഭവങ്ങൾ കേട്ട് വീർപ്പടക്കിയിരുന്നു സദസ്സ്. ഇടക്ക് അവർ മൂളിയ പാട്ടുകൾക്കൊപ്പം ആവേശത്തോടെ താളം പിടിച്ചു. ഓർമ്മകളുടെ മനോഹരമായ ഒരു സിംഫണി. 

ആ "സിംഫണി"യിൽ അധികം വൈകാതെ  അപശ്രുതിയുടെ നിഴൽ കലരുമെന്ന് ആരോർത്തു? അടുത്ത മാസത്തെ യൂറോപ്യൻ പര്യടനത്തിനിടെയാണ് സംഗീത പ്രേമികളെ മുഴുവൻ ഞെട്ടിച്ച ആ വാർത്ത വന്നത്. ഇംഗ്ലണ്ടിലെ ലിവർപൂളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറെടുക്കവേ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു ജയശ്രീ. മെഡിക്കൽ സയൻസിൽ  "അന്യൂറിസം" എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥ.  ലണ്ടനിലെ  വിദഗ്‌ദ ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലും  അനിവാര്യമായ ഒരു കീഹോൾ ശസ്ത്രക്രിയയും  കൂടുതൽ അപകടങ്ങൾ ഒഴിവാക്കിയെങ്കിലും പഴയപോലെ സംഗീതലോകത്ത് വ്യാപരിക്കാൻ കഴിയുന്ന അവസ്ഥയിലല്ല  ജയശ്രീ എന്ന് കുടുംബവൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

ആലാപനത്തിൽ നിന്ന് അകന്നു നിൽക്കുമ്പോഴും ഒരു സ്വപ്നസാക്ഷാത്ക്കാരത്തിന്റെ നിറവിലാണ് ജയശ്രീ. മകൻ അമൃതിനെ അറിയപ്പെടുന്ന സംഗീത സംവിധായകനായി കാണുക എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ മോഹങ്ങളിലൊന്ന്. ആ മോഹ സാഫല്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടി പിന്നിട്ടിരിക്കുന്നു അമൃത് രാംനാഥ്‌. വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന "വർഷങ്ങൾക്ക് ശേഷം" എന്ന പടത്തിന് പാട്ടൊരുക്കുന്നത് 25 കാരൻ അമൃതാണ്.  അമൃതിന്റെ അരങ്ങേറ്റത്തെ കുറിച്ച് വിനീത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഹൃദയസ്പർശിയായിരുന്നു:

"കഴിഞ്ഞ കുറച്ചു മാസങ്ങളായി അമൃത് കടന്നുപോയ കഷ്‌ടപ്പാടുകൾ ഞാൻ കണ്ടിരുന്നു. നമ്മുടെയെല്ലാം പ്രിയപ്പെട്ട ജയശ്രീ മാം ഗുരുതരാവസ്ഥയിൽ  ആശുപത്രിയിൽ കിടക്കുമ്പോൾ  അവരെ പരിചരിക്കുന്നതിനിടയിൽ ആശുപത്രിമുറിയിൽ വെച്ചാണ് അമൃത് മൂന്ന് പാട്ടുകൾക്ക് ഈണമൊരുക്കിയത്. ആശുപത്രി മുറിയിൽ മിനി സ്റ്റുഡിയോ സജ്ജീകരിച്ച് മനസ്സിൽ വരുന്ന ഈണങ്ങൾ അമ്മയ്ക്ക് പാടിക്കൊടുക്കും. എന്നിട്ട് എനിക്ക് അയച്ചുതരും. അമൃത് അയച്ചു തന്ന രണ്ടാമത്തെ ഈണത്തിനനുസരിച്ച് ജയശ്രീ മാം വരികൾ എഴുതിയാൽ നന്നാകുമെന്ന ഒരാഗ്രഹം അമൃതിനോട് ഫോണിൽ പറഞ്ഞു. അതനുസരിച്ചു ഞങ്ങൾ ചർച്ച ചെയ്യുകയും പാട്ടിന്റെ ആദ്യവാക്ക് എന്തായിരിക്കണമെന്ന ധാരണയിലെത്തുകയും ചെയ്തു, തൊട്ടടുത്ത ദിവസം പാട്ടിന്റെ ആദ്യ നാലുവരി അമൃത് ഫോണിൽ അയച്ചുതന്നു. അതുകണ്ട് രോമാഞ്ചം വന്നു. ബോംബെ ജയശ്രീ എന്ന ഇതിഹാസത്തിന്റെ ഒരു നേർക്കാഴ്ചയാണ് എനിക്ക് ലഭിച്ചത്...." അമൃതിന്റെ ഗാനങ്ങൾ മലയാളികൾ ഏറ്റെടുക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു വിനീത്. 

മൂന്ന് പതിറ്റാണ്ടിനിപ്പുറവും മനസ്സിലുണ്ട് ബോംബെ ജയശ്രീയുമായുള്ള ആദ്യ സമാഗമം. കോഴിക്കോട്ടെ സംഗീതലോകത്തെ പ്രമുഖ സംഘാടകനായ ഡോ.രാമനാഥനാണ് ജയശ്രീയുടെ പേര് ആദ്യം ശ്രദ്ധയിൽ പെടുത്തിയത്‍. "ഇത്തവണ ത്യാഗരാജോത്സവത്തിന് ഒരു പുതിയ പാട്ടുകാരി പാടാൻ വരുന്നുണ്ട്.''- ഡോക്ടർ പറഞ്ഞു. "കച്ചേരിവേദിയിലെ യുവവാഗ്‌ദാനമാണ്. അസാധ്യമായി പാടും. നിങ്ങൾ അവരെ കുറിച്ച് എഴുതണം. ''  
 ചാലപ്പുറത്തെ ജയ ഹോട്ടലിലാണ് അന്ന് ജയശ്രീ താമസം. അമ്മ സീതാലക്ഷ്മിയുമുണ്ട് ഒപ്പം. രാമനാഥൻ ഡോക്ടർ നേരത്തെ വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട് അധികം പരിചയപ്പെടുത്തേണ്ടി വന്നില്ല. പക്ഷേ ഒരു പ്രശ്നം. തളിയിലേക്ക് പോകാനൊരുങ്ങുകയാണ് അമ്മയും മകളും. "അമ്മക്ക് ഇമോഷണൽ അറ്റാച്ച്മെന്റ് ഉള്ള സ്ഥലമാണ് തളി. അമ്മ വളർന്നത് അവിടെയാണ്. ഇപ്പോൾ അവിടെ പരിചയക്കാർ ആരെങ്കിലും ഉണ്ടോ എന്നറിയില്ല. എങ്കിലും അതിലേ വെറുതെ ഒന്ന് നടന്നുവരണമെന്ന് അമ്മയ്ക്ക് മോഹം. നമുക്ക് വൈകുന്നേരം കാണാം, സംസാരിക്കാം.'' അമ്മയും മകളും യാത്ര പറഞ്ഞു ഓട്ടോറിക്ഷ കയറിപ്പോകുന്നത് തെല്ലൊരു നിരാശയോടെ നോക്കിനിൽക്കേണ്ടി വന്നു അന്ന്. നല്ലൊരു ഇന്റർവ്യൂവിനുള്ള അവസരമാണല്ലോ കൈവിട്ടു പോയത്.

പല കാരണങ്ങളാലും വൈകുന്നേരത്തെ കൂടിക്കാഴ്ച നടന്നില്ല. പിന്നീടുള്ള ഞങ്ങളുടെ "സമാഗമ"ങ്ങൾ ഫോണിലൂടെയായിരുന്നു. മദൻ മോഹനും എസ് ഡി ബർമ്മനും ഹേമന്ത് കുമാറും മുതൽ ഔസേപ്പച്ചനും ഹാരിസ് ജയരാജൂം വരെ വിരുന്നുവന്ന സംഭാഷണങ്ങൾ. നൈനാ ബർസെയും യെ നയൻ ഡരേ ഡരേയും ന തും ഹമേ ജാനോയും മുതൽ വസീഗരാ വരെ നിറഞ്ഞൊഴുകിയ നിമിഷങ്ങൾ.മുപ്പത് വർഷങ്ങൾക്കിപ്പുറം മാതൃഭൂമി അക്ഷരോത്സവ വേദിയിൽ ജയശ്രീയ്ക്ക് ഒപ്പമിരിക്കേ ഓർമ്മയിൽ വന്നു നിറഞ്ഞത് ആ പഴയ തിളക്കമാണ്. കണ്ണുകളിൽ മാത്രമല്ല, സംസാരത്തിൽ, ചിരിയിൽ, വ്യക്തിത്വത്തിൽ എല്ലാമുണ്ടായിരുന്നു   അതേ തിളക്കം; കാലത്തിന് പോറൽ പോലുമേൽപ്പിക്കാനാകാതെ.

തിളക്കമാർന്ന ആ കണ്ണുകളോടെ, നിറഞ്ഞ പുഞ്ചിരിയോടെ  വേദിയിൽ  തിരിച്ചെത്തുമോ ബോംബെ ജയശ്രീ ? പ്രാർത്ഥനകളോടെ കാത്തിരിക്കുന്നു സംഗീതലോകം.