പിലാത്തറ: മൂന്നുപതിറ്റാണ്ട് മാതൃഭൂമിയുടെ വളർച്ചയ്ക്കും പ്രചാരത്തിനും രാപകലില്ലാതെ ഓടിനടന്ന വ്യക്തിയായിരുന്നു മാതൃഭൂമി കണ്ണൂർ മാനേജർ പിലാത്തറയിലെ വി.കെ.പവിത്രൻ. 1959 മുതൽ 1990 വരെ മാതൃഭൂമിയുടെ ഭാഗമായി മംഗളൂരു വരെയുള്ള ഏജൻറുമാരെ കണ്ടും പത്രപ്രചാരണത്തിന് പ്രോത്സാഹിപ്പിച്ചും കർമനിരതനായി.

To advertise here,

ഓഫീസ് ജോലിക്കുശേഷം യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്ന മലയോരങ്ങളിലേക്ക് പോയി വരിക്കാരെ കൂട്ടാൻ ഏജന്റുമാരെ സഹായിക്കുമായിരുന്നു. ഏജന്റുമാർക്ക് മറ്റ് ഉപദേശ നിർദേശങ്ങൾ നൽകിയും അവരുടെ പവിത്രേട്ടനായി വ്യക്തിഗത കാര്യങ്ങൾ കേൾക്കാനും സമയം കണ്ടെത്തുമായിരുന്നു. ഉൾനാടൻ ഗ്രാമങ്ങളിലെ തൊഴിൽരഹിതരായ ചെറുപ്പക്കാരെ കണ്ടെത്തി ഏജൻസി നൽകുകയും അവരുടെ ക്ഷേമ മടക്കം അന്വേഷിക്കുകയും പതിവായിരുന്നു.

കണ്ണൂർ മാതൃഭൂമി ഓഫീസിനടുത്ത് കുടുംബസമേതം താമസിച്ച് കൃത്യനിർവഹണത്തിനും വാർത്ത നൽകുന്നതിനും രാത്രി വൈകുംവരെ ശ്രദ്ധിക്കുമായിരുന്നു. കണ്ണൂരിൽനിന്ന് മംഗളൂരു വഴി വിമാനത്തിൽ ഗൾഫ് നാടുകളിലേക്ക് പത്രം അയക്കുന്നതിന്റെ ചാർജ് ഇദ്ദേഹത്തിനായിരുന്നു. പലപ്പോഴും മംഗളൂരുവിൽ പോയി താമസിച്ചാണ് കാര്യങ്ങൾ നിർവഹിച്ചത്.

ബന്ദ്, ബസ് സമരം പോലുള്ള ദിവസങ്ങളിലടക്കം പുലർച്ചെ ബസ് സ്റ്റാൻഡിലെത്തി ഏജന്റുമാർക്ക് പത്രം അയക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമാമായിരുന്നു.