
കൊച്ചി: ഭരണകൂടവും ഫാസിസ്റ്റ് ശക്തികളും നീട്ടിപ്പിടിച്ചിരിക്കുന്ന നിറതോക്കുകളുടെ പോയന്റ് ബ്ലാങ്കില്‍ ഇന്ന് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം വിറങ്ങലിച്ച് നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതിനെ അതിജീവിക്കാനും ഭേദിക്കാനും മറികടക്കാനും 'മാതൃഭൂമി'യുടെ സംഘര്‍ഷഭരിതമായ ചരിത്രം അവര്‍ക്ക് ആത്മവിശ്വാസം നല്‍കട്ടെയെന്നും സതീശന്‍ പറഞ്ഞു. 'മാതൃഭൂമി' ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സതീശന്‍.
സോഷ്യലിസ്റ്റ്, ജനാധിപത്യ മൂല്യങ്ങളെയും മതേതര മൂല്യങ്ങളെയുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാനമൂല്യങ്ങളെ ഹൃദയത്തോട് ചേര്‍ത്തു എന്നതാണ് 'മാതൃഭൂമി'യുടെ ഏറ്റവും വലിയ പ്രത്യേകത.
പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും കേന്ദ്രമന്ത്രി വാചാലനായി. അദ്ദേഹത്തിന്റെ വാക്കുകള്‍ കൊലചെയ്യപ്പെട്ട ഗൗരി ലങ്കേഷ് അടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെയും ജയിലിലടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ നിഷേധിക്കപ്പെട്ട മാധ്യമസ്വാതന്ത്ര്യത്തിന്റെയും ചവിട്ടിയരയ്ക്കപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ശവക്കല്ലറയില്‍ പൂക്കളായി സമര്‍പ്പിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.
സ്വാതന്ത്ര്യപ്രസ്ഥാനത്തിന് ദിശാബോധം നല്‍കുന്നതില്‍ 'മാതൃഭൂമി'യുടെ പങ്ക് നിര്‍ണായകമായിരുന്നു. 1923-ലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അയിത്തോച്ചാടന പ്രമേയം പാസാക്കിയത്. 1924-ല്‍ അത് വൈക്കം സത്യാഗ്രഹമായി കേരളത്തില്‍ ആരംഭിച്ചു. അതിനെല്ലാം നേതൃത്വംനല്‍കിയത് 'മാതൃഭൂമി'യുടെ സ്ഥാപകര്‍ തന്നെയായിരുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയപ്പോള്‍ അത് കേവലം രാഷ്ട്രീയസമരം മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളോളം ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട ജനസമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സമരം കൂടിയായിരുന്നു അത്.
സാമൂഹികമാറ്റത്തിനും സാമ്പത്തിക മാറ്റത്തിനുമെല്ലാമുള്ള സ്വാതന്ത്ര്യ സമരത്തിലാണ് 'മാതൃഭൂമി' പങ്കാളിയായതെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആശയങ്ങളും പോരാട്ടങ്ങളും 'മാതൃഭൂമി'യുടെ ഹൃദയരക്തത്തില്‍ അലിഞ്ഞുചേര്‍ന്ന മൂല്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ 'മാതൃഭൂമി'യുടെ ചരിത്രം സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള വര്‍ണാഭവും അതേസമയം, സംഘര്‍ഷഭരിതവുമായ ഭാരതത്തിന്റെ ചരിത്രവുമായി ഇഴപിരിച്ചെടുക്കാന്‍ കഴിയാത്തവിധം ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണെന്നും സതീശന്‍ പറഞ്ഞു.
Content Highlights: vd satheesan speaks at mathrubhumi centenary celebration
Published: 19 Mar 2023, 08:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented