കണ്ണൂർ: ജീവിതത്തിന്റെ അവസാനകാലംവരെ മാതൃഭൂമിയെ നെഞ്ചേറ്റിയ വ്യക്തിയായിരുന്നു വി.സി.രവീന്ദ്രൻ. കുറ്റിയാട്ടൂർ കൃഷ്ണപുരത്ത് പരേതരായ എ.കെ.നാരായണൻ നമ്പ്യാരുടെയും വേടിയേര ചന്ദ്രോത്ത് മീനാക്ഷിയമ്മയുടെയും മകനായ കക്കാട് ചന്ദ്രോത്ത് ഹൗസിൽ വി.സി.രവീന്ദ്രൻ പത്രത്തിന്റെ വളർച്ചയ്ക്കായി അഹോരാത്രം പ്രവർത്തിച്ചവരിലൊരാളാണ്.

To advertise here,

മദ്രാസിൽനിന്ന് പ്രിന്റിങ് വിദ്യ സ്വായത്തമാക്കിയ തുടക്കക്കാരിലൊരാളെന്ന ഖ്യാതിയും ഇദ്ദേഹത്തിനുണ്ട്. ജോലിയിലിരുന്ന ഇടങ്ങളിലെല്ലാം പൂന്തോട്ടങ്ങൾ നിർമിക്കുന്നതും പരിപാലിക്കുന്നതും വി.സി.ക്ക് എക്കാലവും പ്രിയപ്പെട്ടതായിരുന്നു.

1965-ൽ മാതൃഭൂമി കോഴിക്കോട് യൂണിറ്റിൽ ഓവർസിയറായി ജോലിയിൽ പ്രവേശിച്ചത് മുതൽ മാതൃഭൂമിക്കായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു വി.സി.യുടേത്. കൊച്ചി, കോഴിക്കോട് എം.എം. പ്രസ് എന്നിവിടങ്ങളിൽ മാനേജരായും പ്രവർത്തിച്ചു. വി.സി.യാണ് തങ്ങളിൽ പലർക്കും മാതൃഭൂമിയിലെത്താൻ പ്രചോദനമായതെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു.

1993-ൽ മാതൃഭൂമി കണ്ണൂർ എഡിഷന്റെ ആരംഭം മുതൽ റീജണൽ മാനേജരായിരുന്നു. കണ്ണൂരിൽ മാതൃഭൂമിക്ക് ഓഫീസ് വരുംമുൻപേ എഡിഷൻ സംബന്ധിച്ച് പ്രാരംഭ ചർച്ചകൾക്കുൾപ്പെടെ ചുക്കാൻപിടിച്ചത് ഇദ്ദേഹമാണ്. എഡിഷന്റെ വളർച്ചയിൽ അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമാണ്.