തളിപ്പറമ്പ്: വാർത്തകൾ ശേഖരിക്കാനും നൽകാനും പരിമിതമായ സൗകര്യങ്ങളുള്ള നാളുകളിൽ തളിപ്പറമ്പിലെ മാതൃഭൂമിയുടെ ലേഖകനായിരുന്നു പരേതനായ പി.വി.നാരായണൻകുട്ടി മാരാർ. തൃച്ചംബരം സ്വദേശിയാണ്.

To advertise here,

placeholder
വാർത്തകൾ എഴുതി കവറുകളിലാക്കിയും മറ്റും ജില്ലാ ആസ്ഥാനങ്ങളിലേക്ക് ബസുകളിൽ കൊടുത്തുവിട്ടാണ് നാട്ടിലെ വിശേഷങ്ങൾ വായനക്കാരിലെത്തിച്ചത്. കിലോമീറ്ററുകൾ നടന്നായിരുന്നു ഓരോ സംഭവസ്ഥലങ്ങളിലുമെത്തി വിവരങ്ങൾ ശേഖരിച്ചത്. അപൂർവമായി ലഭിച്ചിരുന്ന ടെലിഫോൺ വിളിക്കാനുള്ള അവസരങ്ങൾതന്നെ ട്രങ്ക് ബുക്ക് ചെയ്ത് കാത്തിരിക്കണം. 1970-ന് ശേഷം എട്ടുവർഷത്തോളം ഇദ്ദേഹമായിരുന്നു തളിപ്പറമ്പിൽ മാതൃഭൂമിയുടെ ശബ്ദം.

പിന്നീട് വിവിധ പത്രങ്ങൾക്കുവേണ്ടിയും വാർത്തയെഴുതി. 2018 ജനുവരി 15-നാണ് അന്തരിച്ചത്. 2017 അവസാന നാളുകളിൽ പോലും പത്രപ്രവർത്തനമേഖലയോട് ഏറെ അടുപ്പം പുലർത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്ന നാരായണൻകുട്ടി മാരാർ അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു. കൂടാതെ, പലമേഖലകളിലും അറിയപ്പെട്ടു. റേഷൻഷോപ്പ് ഉടമയായിരുന്നു.

1963 മുതൽ ടാക്‌സ് പ്രാക്ടീഷണറായി. മഹാത്മാ സഹകരണ പ്രസ് പ്രസിഡന്റ്, സി.കെ.ജി. സ്മാരക സഹകരണ ആസ്പത്രി, തളിപ്പറമ്പ് പാൽ സൊസൈറ്റി എന്നിവയുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.