
അമ്പലപ്പുഴ: യൗവനകാലത്ത് കൂട്ടായ്മയുടെ കരുത്തിൽ സുകുമാരൻനായരും കൂട്ടുകാരും പടുത്തുടർത്തിയത് ജനങ്ങൾക്ക് ആശ്വാസമാകുന്ന കാത്തിരിപ്പുപുര. നാലുപതിറ്റാണ്ടായി പുന്നപ്ര പറവൂർ ജങ്ഷനുസമീപം ദേശീയപാതയോരത്ത് 'മാതൃഭൂമി' എന്നു കൊത്തിവച്ച കാത്തിരിപ്പുപുര പാതവികസനത്തിന്റെ ഭാഗമായി ഏതുനിമിഷവും പൊളിച്ചുമാറ്റും.
പക്ഷേ, നാടിന്റെ ചരിത്രത്തിൽ അതെന്നും ഓർമ്മിക്കപ്പെടും. എൺപതുകളിൽ പറവൂർ ഗ്രാമത്തിന്റെ തിളക്കമായിരുന്ന നവരഞ്ജിനി മാതൃഭൂമി സ്റ്റഡിസർക്കിളിന്റെ അമരക്കാരനായിരുന്ന പറവൂർ ഗോവിന്ദത്തിൽ വി. സുകുമാരൻനായർക്ക് അക്കാലമോർക്കുമ്പോൾ ഇന്നും ആവേശംനിറയും.
നവരഞ്ജിനിയുടെ വിജയഗാഥ

മാതൃഭൂമിയുടെ പ്രത്യേക ലേഖകനായി വിരമിച്ച കെ.ജി. മുകുന്ദൻ ജില്ലാ പ്രസിഡന്റും വി. സുകുമാരൻനായർ സെക്രട്ടറിയുമായിരുന്ന കാലത്താണ് പറവൂർ കേന്ദ്രീകരിച്ച് നവരഞ്ജിനി സ്റ്റഡി സർക്കിൾ തുടങ്ങുന്നത്. കെ.എൻ. സുധാകരൻ (രക്ഷാധികാരി), വി. രാജൻ (ഉപദേഷ്ടാവ്), ബി. രാമഭദ്രൻ (പ്രസിഡന്റ്), സി.കെ. ശ്രീകുമാർ (വൈ. പ്രസി.), ജി. ആദർശകുമാർ (സെക്രട്ടറി), കെ. കുഞ്ഞച്ചൻ (ജോ. സെക്ര.), സി.പി. മോഹൻകുമാർ (ഖജാൻജി) എന്നിവരായിരുന്നു 1981 ജൂലായ് 27-നു രൂപം കൊണ്ട നവരഞ്ജിനിയുടെ അമരക്കാർ. നടൻ പുന്നപ്ര അപ്പച്ചൻ പിന്നീട് രക്ഷാധികാരിയായി. യുവജനക്കൂട്ടായ്മകളുടെ സുവർണകാലമായ അക്കാലത്ത് നവരഞ്ജിനി ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ ജനമനസ്സിൽ ഇടംനേടി.
ആയിരത്തിൽപ്പരം രോഗികളെ പങ്കെടുപ്പിച്ച് മെഡിക്കൽ ക്യാമ്പുകൾ, പറവൂർ ജങ്ഷൻ, ആലപ്പുഴ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ശുചീകരണം തുടങ്ങിയവ കർമപരിപാടികളായി. പ്രവർത്തകർ പലരും പിൽക്കാലത്ത് സർക്കാർ സർവീസിലും സ്വകാര്യമേഖലയിലും ഉദ്യോഗസ്ഥരായി. ഏറെപ്പേർ പറവൂർ പബ്ലിക് ലൈബ്രറിയുടെ മുൻനിരപ്രവർത്തകരായി.
കൂട്ടായ്മയുടെ സ്മാരകം
വി. സുകുമാരൻനായരുടെ നേതൃത്വത്തിൽ നടത്തിയ വലിയൊരു ഇടപെടലാണ് ഇന്നും തല ഉയർത്തിനിൽക്കുന്ന മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ കാത്തിരിപ്പുപുര. പറവൂരിൽ രക്ഷാധികാരി കെ.എൻ. സുധാകരന്റെ ശ്രീകുമാർ തീയറ്ററിൽ നടത്തിയ രണ്ട് ബെനിഫിറ്റ് ഷോയിലൂടെയാണ് നിർമാണത്തിനുള്ള പണം കണ്ടെത്തിയത്.

Content Highlights: Mathrubhumi 100 Years
Published: 18 Jul 2022, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented