ഇരിക്കൂർ: ഇരിക്കൂർ മേഖലയിൽ മാതൃഭൂമിയോടൊപ്പം പ്രവർത്തിച്ച പ്രാദേശിക പത്രപ്രവർത്തകരിൽ പ്രധാന വ്യക്തിത്വമാണ് കൃഷ്ണൻ കെ. കല്യാട്. ഇരിക്കൂർ, കല്യാട്, ബ്ലാത്തൂർ, പടിയൂർ, ഊരത്തൂർ, ചേടിച്ചേരി, കോട്ടൂർ, മടമ്പം പ്രദേശങ്ങളിലെ വാർത്താവിശേഷങ്ങൾ മാതൃഭൂമിപത്രം വഴി ജനങ്ങളിലെത്തിക്കാൻ അദ്ദേഹത്തിനുകഴിഞ്ഞു.

To advertise here,

വാർത്താശേഖരണം ഏറെ ശ്രമകരമായിരുന്ന അക്കാലത്ത് പരമാവധി വാർത്തകൾ ശേഖരിച്ച് എഴുതി കവറിലാക്കി ബസിൽ കൊടുത്തയക്കുകയായിരുന്നു. പടിയൂർ പഞ്ചായത്തിലെ കല്യാട് സ്വദേശിയായ കൃഷ്ണന്റെ തൂലികയിലൂടെ ചലിച്ച വാർത്തയാണ് ഇരിക്കൂർ-ബ്ലാത്തൂർ റൂട്ടിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഇന്നും അനുഗ്രഹമായത്. അനധികൃതമായി ബസുടമകൾ പാറ്റക്കലിൽ ബസിന്റെ ഫെയർ സ്റ്റേജ് സ്ഥാപിച്ചത് കൃഷ്ണൻ വാർത്തയാക്കി. തുടർന്ന് അവിടെ മൂന്ന് ദിവസം സമരം നടന്നു. സമരത്തിന്റെ ഫലമായി ചുങ്കസ്ഥാനത്തേക്ക് ഫെയർ സ്റ്റേജ് മാറ്റാൻ ബസുടമകൾ തയ്യാറായി.

നാട്ടിലെ സാമൂഹിക-സാംസ്‌കാരിക വർത്തമാനങ്ങൾ, ജനകീയ പ്രശ്‌നങ്ങൾ, പ്രധാന വ്യക്തികളെ പരിചയപ്പെടുത്തൽ, വിദ്യാലയ വാർത്തകൾ, ചരമവാർത്തകൾ എന്നിവ ധാരാളം എഴുതി. കോൺഗ്രസ് അനുഭാവിയായിരുന്നു. എന്നാൽ, വാർത്തകൾ തയ്യാറാക്കുന്നതിലും ശേഖരിക്കുന്നതിലും രാഷ്ട്രീയം കാണിച്ചില്ലെന്നത് നല്ല പത്രപ്രവർത്തനത്തിന്റെ ശൈലിയാക്കിമാറ്റാൻ അദ്ദേഹത്തിന് സാധിച്ചു.

കോട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ്, ആവണക്കോൽ വായനശാല സ്ഥാപകകമ്മിറ്റിയംഗം എന്നീനിലകളിലും കൃഷ്ണൻ കെ. കല്യാട് പ്രവർത്തിച്ചു. 2005 മാർച്ച് അഞ്ചിന് അന്തരിച്ചു.