മൂന്നരപ്പതിറ്റാണ്ട് പയ്യന്നൂരിൽ മാതൃഭൂമി ലേഖകനായിരുന്നു കെ.രാഘവ പൊതുവാൾ എന്ന രാഘവൻ മാസ്റ്റർ. പയ്യന്നൂരിലെ മാതൃഭൂമിയുടെ അടയാളമായിരുന്നു മാഷ്.

പലപ്പോഴും വൈകിക്കിട്ടുന്ന വാർത്തകൾ രാത്രി ഫാക്‌സ് അയക്കാറാണ് പതിവ്. വാർത്തകൾ അയച്ച് രാത്രി മിക്കവാറും ദിവസങ്ങളിൽ ഓട്ടോവിളിച്ചാണ് അന്നൂരിലെ വീട്ടിലേക്ക് പോകാറ്.
വടിവൊത്ത നല്ല കൈയക്ഷരത്തിലുള്ള വാർത്തയെഴുത്ത്, അതിനിടയിൽ എത്രചെറിയ വാർത്തയായാലും കെ.രാഘവ പൊതുവാൾ എന്ന് എഴുതി നീട്ടിവലിച്ചുള്ള ഒപ്പ്.
ഇന്നത്തെപ്പോലെ പത്രപ്രവർത്തനം ഓൺലൈനല്ലാത്ത കാലത്ത് വാർത്തകളും ഫോട്ടോകളും അർജന്റ് പ്രസ് മാറ്റർ എന്ന് അടിച്ച ന്യൂസ് കവറിലിട്ട് കണ്ണൂരിലേക്ക് ബസിനാണ് അയക്കാറ്. പത്രപ്രവർത്തനം അദ്ദേഹത്തിനൊരു ജോലിയായിരുന്നില്ല. ജീവിതത്തിന്റെ ഭാഗമായിരുന്നു. നാട്ടിടവഴികളിലൂടെ നടന്നാണദ്ദേഹം ഒരുകാലത്ത് വാർത്തകൾ ശേഖരിച്ചത്.
അധ്യാപകനും സാമൂഹികപ്രവർത്തകനും ഗ്രന്ഥശാലാപ്രവർത്തകനും രാഷ്ട്രീയക്കാരനുമെല്ലാമായിരുന്നെങ്കിലും അദ്ദേഹം മാതൃഭൂമിക്കാണ് പ്രഥമസ്ഥാനം നല്കിയത്.
സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായാണ് രാഷ്ട്രീയരംഗത്തെത്തുന്നത്. കേരളത്തിലെ മികച്ച വായനശാലയ്ക്കുള്ള പുരസ്‌കാരം നേടിയ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക, രാഷ്ടീയ, സാംസ്‌കാരികമേഖലകളിൽ നിറഞ്ഞുനില്ക്കുമ്പോഴും താനൊരു മാതൃഭൂമിക്കാരനാണെന്ന് അദ്ദേഹം അഭിമാനിച്ചു. മാതൃഭൂമി പത്രം നേരത്തേയും കൃത്യമായും വരിക്കാരിലെത്തണമെന്ന നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. പയ്യന്നൂരിൽ മാതൃഭൂമിയുടെ ഏജൻസി ഏറ്റെടുത്ത് പത്രം വിതരണംചെയ്യാൻ അദ്ദേഹം പലർക്കും പ്രചോദനംനല്കി.
രാഘവൻ മാഷ് വിടവാങ്ങിയശേഷം പയ്യന്നൂർ സ്‌പോർട്‌സ് ആൻഡ് കൾച്ചറർ അസോസിയേഷൻ നടത്തിയ ഇന്റർ ക്ലബ്ബ് വോളിബോൾ ടൂർണമെന്റിൽ മികച്ച വാർത്തചെയ്യുന്നതിനുള്ള പത്രപ്രവർത്തകനുള്ള പുരസ്‌കാരം ഏർപ്പെടുത്തിയത് മാഷുടെ പേരിലായിരുന്നു.
Content Highlights: Mathrubhumi 100 Years
Published: 14 Jul 2022, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented