

കൊച്ചി: പദവിയുടെ പൊങ്ങച്ചങ്ങളില്ലാത്ത ഹൃദയബന്ധങ്ങളായിരുന്നു ചെറിയാൻ തോമസിന്റെ കൈമുതൽ. മാതൃഭൂമിയിൽ ജൂനിയർ ക്ലർക്കായി തുടങ്ങി കൊച്ചി റീജണൽ മാനേജരുടെ ഇരിപ്പിടത്തിലെത്തിയ ചെറിയാൻ മായാത്ത പുഞ്ചിരിയുടെ ഉടമയായിരുന്നു.
ആരക്കുന്നം തെക്കൻ പുത്തൻപുരയിൽ (കണക്കഞ്ചേരി) തോമസിന്റെയും മറിയാമ്മയുടെയും മകനാണ്. 30 വർഷം മാതൃഭൂമിയിൽ സേവനമനുഷ്ഠിച്ചു.
കോട്ടയം ജില്ലാ ഓഫീസിൽ ക്ലർക്കായിട്ടായിരുന്നു തുടക്കം. പിന്നീട് മാതൃഭൂമി കൊച്ചി യൂണിറ്റിൽ പരസ്യം മാനേജരായി. കൊച്ചിയിലും തൃശ്ശൂരിലും യൂണിറ്റ് മാനേജരായി. അഞ്ചുവർഷം കൊച്ചി യൂണിറ്റ് റീജണൽ മാനേജരായിരുന്നു.
എല്ലാ പ്രതിസന്ധികളിലും സമചിത്തതയോടെ നീങ്ങിയ ആളായിരുന്നു ചെറിയാൻ. മറകളും നാട്യങ്ങളുമില്ലാതെ ഒരു പുഞ്ചിരിയോടെ നീങ്ങിയ ചെറിയാൻ മാതൃഭൂമി കുടുംബാംഗങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. പത്രത്തിന്റെ കൊച്ചി-തൃശ്ശൂർ എഡിഷനുകളുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു.
എറണാകുളം മഹാരാജാസ് കോളേജിലെ പഠനകാലത്ത് കെ.എസ്.യു.വിന്റെ പ്രവർത്തകനായിരുന്നു. നാട്ടുകാർക്കിടയിൽ ബോബൻ ആരക്കുന്നം എന്നാണ് അറിയപ്പെട്ടിരുന്നത്. യാക്കോബായ സഭയുടെ വിവിധ പ്രവർത്തനങ്ങളിലും സജീവ പങ്കുവഹിച്ചു. കൊച്ചി ഭദ്രാസന കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി അഡ്വർടൈസിങ് ക്‌ളബ്ബ് പ്രസിഡൻറും ആയിരുന്നു.

ചെറിയാന്റെ ഭാര്യ അശ്വതി ബോബൻ തിരുവല്ല കോടിയാട്ട് കുടുംബാംഗമാണ്. മകൾ ബീബ ബോബൻ മാതൃഭൂമി കൊച്ചി യൂണിറ്റിൽ സീനിയർ സബ് എഡിറ്ററാണ്. മരുമകൻ റോബിൻ സി. ജോണി കൊച്ചി കിറ്റ്‌കോയിൽ സീനിയർ കൺസൽട്ടന്റാണ്.
Content Highlights: Mathrubhumi 100 Years
Published: 18 Aug 2022, 03:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented