തൂക്കുമരത്തിലും തോല്‍ക്കാതെ...


4 min read
Read later
Print
Share

മൊറാഴ, കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായി... ജന്മിത്തത്തിനും ബ്രിട്ടീഷ് ഭരണവാഴ്ചയ്ക്കുമെതിരേ മലബാറില്‍നടന്ന ഐതിഹാസിക സമരങ്ങള്‍. മലബാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറയും വിശ്വാസ്യതയും നേടിക്കൊടുത്തത് കര്‍ഷകര്‍ക്കൊപ്പംനിന്ന് നടത്തിയ ഇത്തരം സമരങ്ങളാണ്.

.

ബ്രിട്ടീഷ് ഭരണത്തിനും അതിന്റെ തണലില്‍വളര്‍ന്ന ജന്മികളുടെ ചൂഷണത്തിനും എതിരായി കേരളത്തില്‍നടന്ന ഐതിഹാസിക പോരാട്ടമാണ് കയ്യൂര്‍ സമരം. സമരത്തിന്റെ തുടര്‍ച്ചയായി നാലു സാധാരണക്കാരെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു. ഇന്ത്യയില്‍ത്തന്നെ, സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ ഒരേസംഭവത്തില്‍ നാലുപേരെ തൂക്കിലേറ്റിയ അനുഭവം വേറെയുണ്ടാകില്ല. 1941 മാര്‍ച്ച് 28-നാണ് സംഭവങ്ങളുടെ തുടക്കം. ജന്മിത്ത ചൂഷണത്തിനും പോലീസ് മര്‍ദനങ്ങള്‍ക്കുമെതിരേ പ്രതിഷേധിക്കാന്‍ സംഘടിതരായെത്തിയ ജനങ്ങള്‍ക്കുമുന്നില്‍പ്പെട്ട സുബ്ബരായന്‍ എന്ന പോലീസുകാരന്‍ പ്രാണരക്ഷാര്‍ഥം പുഴയില്‍ ചാടുകയും മുങ്ങിമരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പോലീസുകാര്‍ കയ്യൂരിലും പരിസരങ്ങളിലും നരനായാട്ട് നടത്തി. ഒട്ടേറെയാളുകള്‍ക്ക് മര്‍ദനമേറ്റു. കേസില്‍ പ്രതികളായി കണ്ടെത്തിയ മഠത്തില്‍ അപ്പു, പൊടോര കുഞ്ഞമ്പു നായര്‍, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പള്ളിക്കല്‍ അബൂബക്കര്‍ എന്നിവരെ തൂക്കിലേറ്റി. ചൂരിക്കാടന്‍ കൃഷ്ണന്‍നായരെയും വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് ജീവന്‍ നഷ്ടമായില്ല. പക്ഷേ, അഞ്ചുവര്‍ഷം തടവ് ലഭിച്ചു.

പിന്നീട് കേരള മുഖ്യമന്ത്രിയായ ഇ.കെ. നായനാരും കേസില്‍ പ്രതിയായിരുന്നു. പോലീസിന് പിടികൂടാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. ഇ.കെ. നായനാരെ ഈ കേസില്‍ ഉള്‍പ്പെടുത്തിയത് ആളുമാറിയാണെന്ന് ചരിത്രകാരന്‍ എ. ശ്രീധരമേനോന്‍ അഭിപ്രായപ്പെട്ടിരുന്നു.

ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലുള്ള ദക്ഷിണ കാനറ ജില്ലയില്‍പ്പെട്ട പ്രദേശമായിരുന്നു കയ്യൂര്‍. ജന്മിമാരുടെ ചൂഷണം കൂടിക്കൂടിവന്നതോടെ 1930-കളില്‍ മലബാറില്‍ പല സ്ഥലങ്ങളിലും കര്‍ഷകര്‍ സംഘടിച്ചുതുടങ്ങി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇടതുപക്ഷ ആഭിമുഖ്യമുള്ളവരുടെ കൂട്ടായ്മയായ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപവത്കരണം കര്‍ഷകക്കൂട്ടായ്മകള്‍ക്ക് കരുത്തേകി. സോഷ്യലിസ്റ്റ് നേതാക്കളായ പി. കൃഷ്ണപ്പിള്ള, എ.കെ.ജി., കോണ്‍ഗ്രസ് നേതാവ് ടി.എസ്. തിരുമുമ്പ് തുടങ്ങിയവരെല്ലാം കര്‍ഷകരെ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍നിന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ പിന്തുണയോടെ ജന്മികള്‍ കര്‍ഷകര്‍ക്കെതിരേ നികുതിഭാരം കൂട്ടിക്കൊണ്ടിരിക്കുന്ന സമയംകൂടിയായിരുന്നു. മലബാര്‍ കര്‍ഷകസംഘം പോലുള്ള സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഇതിനെതിരേ പ്രതിഷേധിച്ചുതുടങ്ങി.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ വിശ്വാസ്യതയും സ്വീകാര്യതയും നേടിക്കൊടുത്ത സംഭവങ്ങളാണിത്. 1939-ല്‍ രണ്ടാം ലോകയുദ്ധം തുടങ്ങിയതോടെ കര്‍ഷകരുടെ ജീവിതം കൂടുതല്‍ കഠിനമായി.
അന്യായമായി നേരത്തേ പിരിച്ചുകൊണ്ടിരിക്കുന്ന നികുതിക്കുപുറമേ പുതിയ പേരുകളില്‍ നികുതി പിരിക്കാന്‍ തുടങ്ങി. ഇതിനെതിരേ ചെറുതും വലുതുമായി കര്‍ഷകപ്രതികരണങ്ങളുണ്ടായി. 1941 മാര്‍ച്ച് 28-ന് കയ്യൂരില്‍ വലിയൊരു കര്‍ഷകജാഥ നടന്നു. നൂറുകണക്കിന് ആളുകള്‍ ഇതില്‍ അണിനിരന്നു. ഈ പ്രദേശത്ത് കര്‍ഷകര്‍ക്കെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കിയിരുന്ന സുബ്ബരായന്‍ എന്ന പോലീസുകാരന്‍ ഈ സമയത്ത് ജാഥയ്ക്കിടയില്‍ വന്നുപെട്ടു. അദ്ദേഹത്തെ ആക്രമിക്കാന്‍ തുനിഞ്ഞ പ്രവര്‍ത്തകരെ നേതാക്കള്‍ പിന്തിരിപ്പിച്ചു. പക്ഷേ, മര്‍ദകനായ പോലീസുകാരനെ വെറുതെവിടാന്‍ നാട്ടുകാര്‍ തയ്യാറായില്ല. കര്‍ഷകസംഘത്തിന്റെ കൊടി ബലമായി സുബ്ബരായന്റെ കൈയില്‍ പിടിപ്പിച്ച് ജാഥയുടെ മുന്നില്‍നടക്കാന്‍ ആവശ്യപ്പെട്ടു. എതിര്‍ത്താല്‍ എല്ലാവരും ചേര്‍ന്ന് തന്നെ മര്‍ദിക്കുമെന്നുറപ്പായ സുബ്ബരായന്‍ കൊടിയുമായി മുന്നില്‍നടന്നെങ്കിലും അപമാനിതനായി. ജാഥ മുന്നോട്ടുപോകവേ, രക്ഷപ്പെടാന്‍ പഴുതുനോക്കിനിന്ന സുബ്ബരായന്‍ മുന്നോട്ട് ഓടിപ്പോയി. അതിനിടെ മുന്നില്‍നിന്ന് മറ്റൊരു ജാഥയും വരുന്നതുകണ്ട് പ്രാണരക്ഷാര്‍ഥം പുഴയിലേക്കു ചാടി. പോലീസ് വേഷത്തിലായതിനാല്‍ നീന്താന്‍ കഴിഞ്ഞില്ല. ഇതിനിടെ കരയില്‍നിന്ന് കല്ലേറുണ്ടായെന്നും വാദമുണ്ട്. സുബ്ബരായന്‍ പുഴയില്‍ മുങ്ങിമരിച്ചു. പിന്നീട് കയ്യൂരില്‍ പോലീസിന്റെ നരനായാട്ടായിരുന്നു. ഒട്ടേറെയാളുകള്‍ക്ക് ക്രൂരമായ മര്‍ദനമേറ്റു.

കാവുമ്പായി

കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്തിന് അടുത്തുള്ള ഗ്രാമമാണ് കാവുമ്പായി. ജന്മിത്തവിരുദ്ധ പ്രക്ഷോഭത്തില്‍ പാവപ്പെട്ട അഞ്ചു കര്‍ഷകരുടെ ജീവന്‍ പിടഞ്ഞുവീണ സ്ഥലം. തരിശായിക്കിടക്കുന്ന നിലത്ത് കൃഷിചെയ്യാന്‍ സംഘമായി എത്തിയ പാവങ്ങള്‍. അവരെ പോലീസുകാര്‍ തോക്കുകൊണ്ട് നേരിട്ടു. കര്‍ഷകരുടെ കൈയിലുണ്ടായിരുന്നത് പണിയായുധങ്ങളായ മഴുവും കത്തിയും വാരിക്കുന്തവും കവണയും മാത്രം.

പുളുക്കൂല്‍ കുഞ്ഞിരാമന്‍, പി. കുമാരന്‍, മഞ്ഞേരി ഗോപാലന്‍ എന്നിവര്‍ പോലീസ് വെടിവെപ്പില്‍ മരിച്ചുവീണു. ആലാറമ്പന്‍കണ്ടി കൃഷ്ണന്‍, തെങ്ങില്‍ അപ്പ എന്നിവരെ പോലീസ് പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്നു. ഒരുദിവസം അഞ്ചു മരണങ്ങള്‍. സമരനേതാക്കളായിരുന്ന തളിയില്‍ രാമന്‍ നമ്പ്യാര്‍, ഒ.പി. അനന്തന്‍ മാസ്റ്റര്‍ എന്നിവര്‍ ജയിലിലായി. 1950-ല്‍ സേലം ജയിലില്‍നടന്ന വെടിവെപ്പില്‍ ഇവര്‍ രണ്ടുപേരും മരിച്ചതോടെ കാവുമ്പായി സമരത്തില്‍ നാടിന്റെ നഷ്ടം ഏഴു ജീവനായി.

1946 ഡിസംബര്‍ 29-30 തീയതികളിലാണ് കാവുമ്പായിയില്‍ പോലീസിന്റെ അതിക്രമം നടന്നത്. രണ്ടാം ലോകയുദ്ധം കഴിഞ്ഞ സമയത്ത് കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. അതിനിടെ പുതിയ പല നികുതികളും അടിച്ചേല്‍പ്പിച്ച് ജന്മിമാര്‍ ക്രൂരതകാട്ടി. ഇതിനെതിരേ മലബാറിലെങ്ങുമുണ്ടായ സമരങ്ങളുടെ തുടര്‍ച്ചയാണ് കാവുമ്പായിയിലും കണ്ടത്.

1946 നവംബറില്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ടുനടന്ന കര്‍ഷകസംഘം യോഗത്തില്‍ തരിശുഭൂമിയില്‍ കൃഷിയിറക്കാനും ഭക്ഷ്യോത്പാദനം കൂട്ടാനും അനാവശ്യ നികുതികളെ എതിര്‍ക്കാനും തീരുമാനിച്ചിരുന്നു. ഈ ആഹ്വാനം കേട്ടാണ് കാവുമ്പായിലെ പുനംകൃഷി നടത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

ഡിസംബര്‍ അവസാനത്തോടെ, പയ്യന്നൂര്‍, തളിപ്പറമ്പ് ഭാഗങ്ങളില്‍നിന്ന് കര്‍ഷകര്‍ സംഘടിച്ച് കാവുമ്പായിലേക്ക് പോയി. ഡിസംബര്‍ 29-ന് രാത്രി കാവുമ്പായി കുന്നില്‍ കര്‍ഷകവൊളന്റിയര്‍മാര്‍ സംഘടിച്ചു. ഇത് പോലീസ് അറിഞ്ഞു. കര്‍ഷകര്‍ ഉറങ്ങിക്കൊണ്ടിരിക്കേ, 30-ന് പുലര്‍ച്ചെ പോലീസ് കുന്ന് വളഞ്ഞു. ആത്മരക്ഷാര്‍ഥം കര്‍ഷകര്‍ പ്രതികരിച്ചു. പോലീസ് വെടിവെപ്പ് തുടങ്ങി. അങ്ങനെ ജന്മിത്തവിരുദ്ധ പ്രക്ഷോഭത്തിന്റെ ഒരധ്യായം ചോരയില്‍ കുതിര്‍ന്നു.

1946 ഡിസംബര്‍ 20 കരിവെള്ളൂരിന്റെ കരുത്ത്

പാവപ്പെട്ട കര്‍ഷകര്‍ പട്ടിണിയിലും കഷ്ടപ്പാടിലുമായിരുന്നെങ്കിലും ജന്മിമാരുടെ ചൂഷണത്തിന് കുറവൊന്നുമുണ്ടായില്ല. ദാരിദ്ര്യവും കോളറയും മൂലം ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ പാവങ്ങള്‍ കൃഷിചെയ്‌തെടുത്ത നെല്ല് വാരമായും പാട്ടമായും ചിറയ്ക്കല്‍ രാജാവ് കടത്തിക്കൊണ്ടുപോയി. 1946 ഡിസംബര്‍ 16-ന് കരിവെള്ളൂര്‍ സ്‌കൂളില്‍ യോഗം ചേര്‍ന്ന് രാജാവ് നെല്ല് കടത്തുന്നത് തടയാന്‍ കര്‍ഷകര്‍ തീരുമാനിച്ചു.

ഡിസംബര്‍ 20-ന് ഗുണ്ടകളുടെയും പോലീസിന്റെയും പിന്‍ബലത്തില്‍ നെല്ല് കടത്താന്‍ ചിറക്കല്‍ തമ്പുരാന്റെ കാര്യസ്ഥന്മാര്‍ എത്തി. എ.വി. കുഞ്ഞമ്പു, കൃഷ്ണന്‍ മാസ്റ്റര്‍, പി. കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ കുണിയന്‍ പുഴയോരത്തേക്ക് കുതിച്ചു. കല്ലും വടിയും കവണയുമൊക്കെയായിരുന്നു കര്‍ഷകരുടെ ആയുധം. പോലീസും ജനങ്ങളും ഏറ്റുമുട്ടി. കീനേരി കുഞ്ഞമ്പു, തിടില്‍ കണ്ണന്‍ എന്നിവര്‍ വെടിയേറ്റു മരിച്ചു. മരിച്ചെന്നുകരുതി എ.വി. കുഞ്ഞമ്പു, കൃഷ്ണന്‍ മാസ്റ്റര്‍, പുതിയടത്ത് രാമന്‍ എന്നിവരെ പച്ചോലയില്‍ കെട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒട്ടേറെയാളുകള്‍ക്ക് വെടിയേറ്റു.

1940 സെപ്റ്റംബര്‍ 15 ചെറുത്തുനില്‍പ്പിന്റെ മൊറാഴ

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ മലബാറില്‍നടന്ന പ്രധാന ചെറുത്തുനില്‍പ്പുകളിലൊന്നാണ് മൊറാഴ സംഭവം. രണ്ടാം ലോകയുദ്ധത്തില്‍ ഇന്ത്യയെ പങ്കാളിയാക്കിയതില്‍ പ്രതിഷേധിച്ച് 1940 സെപ്റ്റംബര്‍ 15 സമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കാന്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു. അന്ന് മലബാറിലെ കെ.പി.സി.സി. സോഷ്യലിസ്റ്റുകളുടെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍, സാമ്രാജ്യത്വവിരുദ്ധ ദിനാചരണം ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചു. നിരോധനം ലംഘിച്ചുകൊണ്ട് കെ.പി.ആര്‍. ഗോപാലന്റെ നേതൃത്വത്തില്‍ അഞ്ചാംപീടികയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. അതിനിടെ പോലീസ് സംഘം യോഗസ്ഥലത്ത് ഇടിച്ചുകയറി മര്‍ദനം തുടങ്ങി. പോലീസിനെതിരായ ജനങ്ങളുടെ ചെറുത്തുനില്‍പ്പിനിടെ, സബ് ഇന്‍സ്‌പെക്ടര്‍ കുട്ടികൃഷ്ണ മേനോനും മറ്റൊരു പോലീസുകാരനും കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് പ്രദേശമാകെ പോലീസ് അതിക്രമമുണ്ടായി.

സംഭവത്തില്‍ കെ.പി.ആര്‍. ഗോപാലനെ തൂക്കിക്കൊല്ലാന്‍ ഉത്തരവുണ്ടായി. കുറെപ്പേര്‍ക്ക് ജീവപര്യന്തം തടവുകിട്ടി. മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടര്‍ന്ന് കെ.പി.ആറിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്തു. കെ.പി.ആറിന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മാതൃഭൂമി മുഖപ്രസംഗം എഴുതിയിരുന്നു.


Content Highlights: kayyur karivellur morazha kavumbazhi protests

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented