കേരള ചരിത്രത്തിൽനിന്ന് അടർത്തി മാറ്റാനാകാത്ത 50 സംഭവങ്ങൾ
പോരാട്ടങ്ങളുടെ, പരീക്ഷണങ്ങളുടെ, പരിഷ്‌കാരങ്ങളുടെ ചരിത്രം രചിച്ചുകൊണ്ടാണ് കേരളം വളര്‍ന്നത്. ഐക്യകേരള പ്രസ്ഥാനം മുതല്‍ കുടുംബശ്രീവരെ, സാക്ഷരത മുതല്‍ സിയാല്‍വരെ, ആദിവാസി സമരം മുതല്‍ ചാനലുകള്‍വരെ പല സാമൂഹിക രാഷ്ട്രീയ, സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ അതില്‍ പങ്കാളികളായി. കേരള ചരിത്രത്തില്‍നിന്ന് അടര്‍ത്തി മാറ്റാനാകാത്ത 50 സംഭവങ്ങള്‍ ഇതാ...
ഉയരെ പറന്ന് സിയാല്‍
1999 മേയ് 25-ന് നെടുമ്പാശ്ശേരിയില്‍ അന്താരാഷ്ട്രാ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി. രാജ്യത്തെ ആദ്യത്തെ പൊതുജന പങ്കാളിത്ത വിമാനത്താവളം.
ഗോശ്രീ പാലം
വൈപ്പിന്‍കരയെ എറണാകുളം നഗരവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങള്‍ 2004 ജൂണ്‍ അഞ്ചിനാണ് തുറന്നുകൊടുത്തത്. ഈ പാലങ്ങളുടെ ചുവടുപിടിച്ചെത്തിയ എത്രയെത്ര വന്‍കിട പദ്ധതികള്‍. എല്‍.എന്‍.ജി., വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എസ്.പി.എം. പദ്ധതി...
സൈബര്‍ പാര്‍ക്കുകള്‍
കേരളത്തിലെ ഐ.ടി. മേഖലയുടെ മുഖച്ഛായ മാറ്റിയ ത്രിമൂര്‍ത്തികള്‍ - തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക്. 1995-ല്‍ ഉദ്ഘാടനം ചെയ്ത ടെക്നോപാര്‍ക്കിലൂടെയാണ് ഐ.ടി. രംഗത്ത് കേരളം ആദ്യചുവടുവെക്കുന്നത്. 2004-ല്‍ കാക്കനാട്ട് ഇന്‍ഫോ പാര്‍ക്കും പത്തുവര്‍ഷത്തിനുശേഷം സൈബര്‍ പാര്‍ക്കും തുടങ്ങി.
കെല്‍ട്രോണ്‍: കുതിപ്പും കിതപ്പും
കേരളത്തില്‍ ഇലക്ട്രോണിക്‌സ് വ്യവസായ വിപ്ലവത്തിന് തുടക്കമിട്ട്, രാജ്യത്തുതന്നെ ഈ മേഖലയില്‍ വലിയ ചുവടുവെച്ച പൊതുമേഖലാ സ്ഥാപനം. എണ്‍പതുകളിലെ മലയാളികളില്‍ ഭൂരിഭാഗവും ടെലിവിഷന്‍ കാഴ്ചകള്‍ കണ്ടുതുടങ്ങുന്നത് കെല്‍ട്രോണിലൂടെയായിരുന്നു. 1973-ലായിരുന്നു തുടക്കം. പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണത്തിനും സോഫ്റ്റ്വേര്‍ നിര്‍മാണത്തിനുമാണ് ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍.
വായിച്ചു വളരുന്നു
ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമാണ് കേരളം. 1987-ലെ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് സാക്ഷരതാദൗത്യം ഒരു പ്രസ്ഥാനമായി വളര്‍ന്നത്. 1989- ജൂണ്‍ 12-ന് കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ പട്ടണമായി കോട്ടയം. സമ്പൂര്‍ണ സാക്ഷരത നേടുന്ന ആദ്യ ജില്ലയായി എറണാകുളം 1990 ഫ്രെബ്രുവരിയില്‍ പ്രഖ്യാപിക്കപ്പെട്ടു. 1991-ന് കേരളം സമ്പൂര്‍ണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.
ഫിലിം സൊസൈറ്റികള്‍
1965-ല്‍ തിരുവനന്തപുരത്ത് തുടങ്ങിയ ചിത്രലേഖയിലൂടെയാണ് കേരളത്തില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനം തുടങ്ങുന്നത്. വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കുളത്തൂര്‍ ഭാസ്‌കരന്‍ നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണിത്. 1970-കളില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തില്‍ അങ്ങോളമിങ്ങോളം ചലനങ്ങള്‍ സൃഷ്ടിച്ചു. കോഴിക്കോട് അശ്വിനി, തൃശ്ശൂര്‍ ചേതന തുടങ്ങിയ സൊസൈറ്റികളും ഏറെ ശ്രദ്ധേയമായി.
കേരളം വിടരുന്നു
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങളെ ഒന്നിപ്പിച്ച് വിശാല മലയാളി സ്വത്വം എന്ന ആശയം രൂപപ്പെടുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. സ്വദേശാഭിമാനി പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ള ഈ മൂന്നുപ്രദേശങ്ങളെയും ചേര്‍ത്ത് ഐക്യകേരളം രൂപവത്കരിക്കുന്നതിനെപ്പറ്റി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എഴുതിയിരുന്നു. 1921-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇവിടത്തെ ഘടകത്തിന്റെ പേര് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) എന്നാക്കിയതും പ്രധാന ചുവടുവെപ്പായി.
1946-ല്‍ ഐക്യകേരളത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ യോഗം ചേര്‍ന്നിരുന്നു. 1947 ഏപ്രിലില്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ തൃശ്ശൂരില്‍ സമ്മേളനം ചേര്‍ന്ന് ഐക്യകേരളപ്രമേയം അവതരിപ്പിച്ചു. 1949 ജൂലായ് ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവില്‍വന്നു.
ഇന്ത്യയിലെങ്ങും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കാനായി രൂപവത്കരിച്ച സയ്യിദ് ഫസല്‍ അലിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മിഷനാണ് ഐക്യകേരളം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സംസ്ഥാനം രൂപവത്കരിക്കാന്‍ കമ്മിഷന്‍ ശുപാര്‍ശചെയ്തു. 1956 നവംബര്‍ ഒന്നിന് കേരളം നിലവില്‍വന്നു.
കമ്യൂണിസ്റ്റ് സര്‍ക്കാര്‍
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടശേഷം പി.എസ്. റാവു കേരളത്തിന്റെ ആദ്യ ഗവര്‍ണറായി എത്തി. അധികം താമസിയാതെ ഡോ.ബി. രാമകൃഷ്ണ റാവു ഗവര്‍ണറായെത്തി. അതോടൊപ്പംതന്നെ ആദ്യ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കവും തുടങ്ങി. 126 അംഗങ്ങളുള്ള ആദ്യ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28-ന് തുടങ്ങി. 100 സീറ്റില്‍ മത്സരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി 60 സീറ്റില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കമ്യൂണിസ്റ്റ് സ്വതന്ത്രന്മാരായി മത്സരിച്ച അഞ്ചുപേരും ജയിച്ചതോടെ 65 അംഗങ്ങളുടെ പിന്തുണയോടെ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി കമ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രില്‍ അഞ്ചിന് അധികാരത്തില്‍ വന്നു. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയാണിത്. ലോകകത്തുതന്നെ അതിനുമുമ്പ് അപൂര്‍വമായേ കമ്യൂണിസ്റ്റുകാര്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നിട്ടുള്ളൂ.
വിമോചന സമരം
1957-ലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ ആരംഭിച്ച രാഷ്ട്രീയ പ്രക്ഷോഭമാണ് വിമോചന സമരം. വിദ്യാഭ്യാസരംഗത്തെ വലിയ പരിഷ്‌കരണം ലക്ഷ്യംവെച്ചുകൊണ്ട് ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനെതിരേയും ഭൂപരിഷ്‌കരണ ബില്ലിനെതിരേയും സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. കേരളത്തിലെ ഭക്ഷ്യക്കമ്മി നികത്താന്‍ ആന്ധ്രയില്‍ നിന്ന് അരി വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണവും ചേര്‍ന്നപ്പോള്‍ പ്രതിപക്ഷ കക്ഷികളെല്ലാം സര്‍ക്കാരിനെതിരേ ഒന്നിച്ചു. വൈകാതെ സമൂഹത്തിലെ വിവിധ തലത്തിലുള്ള രാഷ്ട്രീയ, സാമുദായിക ശക്തികള്‍ സമരത്തിനൊപ്പം ചേര്‍ന്നു. 1959 ജൂലായ് 31-ന് രാഷ്ട്രപത്രി രാജേന്ദ്രപ്രസാദ് ഭരണഘടനയുടെ 356-ാം വകുപ്പ് അനുസരിച്ച് സര്‍ക്കാരിനെ പിരിച്ചുവിട്ടു.
മരുപ്പച്ച തേടി
എണ്ണ ഉത്പാദനത്തില്‍ മുന്നിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. എണ്ണവില വര്‍ധിച്ചതിലൂടെ 1960-'70 കളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തികമായി വളരുകയും അതുവഴി വ്യവസായ വളര്‍ച്ച കൈവരിക്കുകയും ചെയ്തു. ഇതിനാവശ്യമായ തൊഴിലാളികള്‍ ആ രാജ്യത്ത് ഇല്ലായിരുന്നു. അങ്ങനെയാണ് ഇന്ത്യയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കുടിയേറ്റമുണ്ടായത്. ഇന്ത്യയില്‍നിന്ന് ഗള്‍ഫിലേക്ക് പോകുന്നവരില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍നിന്നാണ്. അതില്‍ കൂടുതല്‍ മലബാറില്‍നിന്നും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍നിന്നാണ് ഗള്‍ഫ് കുടിയേറ്റം കൂടുതലുള്ളത്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും സാമൂഹിക ജീവിതത്തിലും ഗള്‍ഫ് കുടിയേറ്റം വലിയ പങ്കുവഹിച്ചു.
ക്വാറന്റീനിലാക്കിയ കോവിഡ്
സംസ്ഥാനത്തെ ജനസംഖ്യയില്‍ അഞ്ചിലൊന്നുപേരെയും പിടികൂടി കോവിഡ്. ഇതുവരെ രോഗം ബാധിച്ചവര്‍ 65 ലക്ഷം. മരിച്ചവര്‍ 65,000ത്തിലേറെ. ലോകത്തെ ഒന്നാകെ കോവിഡ് നിശ്ചലമാക്കിയപ്പോള്‍ കേരളത്തിന്റെയും നിലതെറ്റി. 2020-ലെ നികുതി വരുമാനത്തിലുണ്ടായ ഇടിവ് സംസ്ഥാനസര്‍ക്കാരിനെ രൂക്ഷമായ ധനപ്രതിസന്ധിയുണ്ടാക്കി. ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍പോലും സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
തുടര്‍ച്ചയായുള്ള അടച്ചിടലും യാത്രവിലക്കിലും ഒട്ടേറെയാളുകള്‍ക്ക് തൊഴില്‍ നഷ്ടമായി. ഉപജീവനമാര്‍ഗമില്ലാതെ പ്രതിസന്ധിയിലായവരും ഒട്ടേറെ. ടൂറിസം, സിനിമ, സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം സ്തംഭനാവസ്ഥയിലായി. ലക്ഷക്കണക്കിനു പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തി.
റബ്ബറിന്റെ വരവ്
റബ്ബറിന്റെ വരവിനെക്കുറിച്ച് രണ്ടു കഥകളുണ്ട്. മുണ്ടക്കയത്തെ എന്തയാറിലാണ് ആദ്യമായി റബ്ബര്‍ വെച്ചുപിടിപ്പിച്ചതെന്നൊരു ചരിത്രമുണ്ട്. ഐറിഷുകാരനായ ജോണ്‍ മര്‍ഫിയാണ് ഇതിനു തുടക്കമിട്ടത്. 1887-ല്‍ ഇന്ത്യയില്‍ എത്തിയ മര്‍ഫി ശ്രീലങ്കയില്‍ നിന്നാണ് റബ്ബര്‍ച്ചെടികള്‍ കൊണ്ടുവന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ മര്‍ഫിയും കൂട്ടുകാരും പ്ലാന്റേഷന് തുടക്കമിട്ടു. മധ്യ തിരുവിതാംകൂറിലെ ഗ്രാമങ്ങള്‍, അവരുടെ ഫലവൃക്ഷങ്ങള്‍ വെട്ടിനശിപ്പിച്ച് റബ്ബറിനെ സ്വീകരിച്ചു. എന്നാല്‍, താമരശ്ശേരിയില്‍ താമസിച്ചിരുന്ന ഫെര്‍ഗൂസണ്‍ സായിപ്പ് 1878-ല്‍ ശ്രീലങ്കയില്‍ നിന്നു കൊണ്ടുവന്ന റബ്ബര്‍ത്തൈകള്‍ നിലമ്പൂരില്‍ കൊണ്ടുവന്നു നട്ടതായി മറ്റൊരുചരിത്രവുമുണ്ട്. ഇന്ന് ഇന്ത്യയിലെ 90 ശതമാനം റബ്ബറും കേരളത്തിലാണ്.
ഭാഗ്യം വന്ന വഴി
1967-ല്‍ രണ്ടാം ഇ.എം.എസ.് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞ് എന്ന ധനമന്ത്രി കേരളത്തിനു നല്‍കിയ സമ്മാനമാണു സംസ്ഥാന ലോട്ടറി. സര്‍ക്കാര്‍തലത്തില്‍ രാജ്യത്തെ ആദ്യ ലോട്ടറിയായിരുന്നു ഇത്. നവംബര്‍ ഒന്നിനായിരുന്നു ആദ്യ വില്‍പ്പന. 20 ലക്ഷം രൂപയായിരുന്നു വരുമാനം.
ഒരു വര്‍ഷം ആകെ ആറു ലോട്ടറികള്‍ ഉണ്ടായിരുന്ന 67-ല്‍ നിന്ന് ആഴ്ചയില്‍ ഏഴു നറുക്കെടുപ്പും വര്‍ഷത്തില്‍ ആറു ബംപര്‍ ലോട്ടറികളുമായി ഇന്ന് കേരളത്തിന്റെ ലോട്ടറി വളര്‍ന്നു.
ബന്ദ്, ഹര്‍ത്താല്‍
തൊട്ടതിനും പിടിച്ചതിനും ജനജീവിതം നിശ്ചലമാക്കിക്കൊണ്ടിരുന്ന 'ദുരാചാരമായ' ബന്ദ് ഭരണഘടനാവിരുദ്ധമാണെന്ന് 1997 ജൂലായ് 28-ന് ഹൈക്കോടതി വിധിച്ചു. ഈ വിധി സുപ്രീംകോടതിയും ശരിവെച്ചു. എന്നാല്‍, ബന്ദിന്റെ പേരുമാറി ബന്ദിന്റെ അതേ സ്വഭാവത്തില്‍ ഹര്‍ത്താല്‍ വന്നു.
പ്രാഥമിക വിദ്യാഭ്യാസം
ക്രിസ്ത്യന്‍ മിഷിനറിമാരുടെ നേതൃത്വത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനായി, കേരളത്തില്‍ ധാരാളം വിദ്യാലയങ്ങള്‍ രൂപംകൊണ്ടിരുന്നു. ഇതിന് ഏകീകൃത സമ്പ്രദായം ഉണ്ടായിരുന്നില്ല. 1820-ലാണ് ഇന്ത്യയില്‍ത്തന്നെ ആദ്യമായി പെണ്‍കുട്ടികള്‍ക്കുള്ള ഒരു സ്‌കൂള്‍ മിസിസ് ഹെന്‍ട്രി ബേക്കര്‍ കോട്ടയത്ത് തുടങ്ങിയത്. 1977-ല്‍ നടത്തിയ പഠനമനുസരിച്ച് 98.6 ശതമാനം ഗ്രാമങ്ങളിലും 2.6 കിലോമീറ്ററിനുള്ളില്‍ ഒരു പ്രൈമറി സ്‌കൂളെങ്കിലും നിലവില്‍വന്നു. കേരളത്തിന്റെ സാര്‍വത്രിക വിദ്യാഭ്യാസത്തെ വിപുലമാക്കിയത് ഈ അടിസ്ഥാന വികസന നയമാണ്. ഇത് തൊഴില്‍മേഖലയിലും ഗള്‍ഫ് കുടിയേറ്റത്തിലും പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. 1980-കളിലെ സാക്ഷരതാ യജ്ഞം മറ്റൊരു ഉണര്‍വായി. 1991 ഏപ്രില്‍ എട്ടിന് കേരളം സമ്പൂര്‍ണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.
കുടിയേറി വളര്‍ന്ന കേരളം
ജനിച്ചുവളര്‍ന്ന നാടുവിട്ട് മറ്റൊരു ദേശത്തിലേക്ക് കുടിയേറാനും അവിടം സ്വന്തം നാടാക്കി മാറ്റാനും മലയാളികള്‍ക്കുള്ള കഴിവ് പണ്ടുകാലംതൊട്ടേ പ്രസിദ്ധമാണ്. തിരുവിതാംകൂറില്‍നിന്ന് മലബാറിലേക്കുള്ള കുടിയേറ്റം അതില്‍ വേറിട്ടുനില്‍ക്കുന്നു. ഈ പുറപ്പാടുകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആരംഭിച്ച് നൂറ്റാണ്ടിന്റെ അവസാന പാദങ്ങള്‍ വരെ നീണ്ടുനിന്നു.
തിരുവിതാംകൂറില്‍ ജനസാന്ദ്രത കൂടിയതിനാല്‍ കൃഷിചെയ്യാന്‍ ആവശ്യത്തിന് സ്ഥലം ലഭിക്കാഞ്ഞതും സര്‍ സി.പി. യുടെ ഭരണത്തിന്‍ കീഴില്‍ സാധാരണ ജനങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടും മലബാറിലേക്കുള്ള കുടിയേറ്റത്തിന് കാരണമായി. നേരിട്ട് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന മലബാറില്‍ കൃഷിസ്ഥലങ്ങള്‍ വാങ്ങാനും കൃഷിയിറക്കാനും താരതമ്യേന എളുപ്പമായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ കിഴക്കന്‍ മേഖലകളിലേക്കും വയനാട്ടിലേക്കുമാണ് വന്‍തോതില്‍ കുടിയേറ്റമുണ്ടായത്. 1920-കളില്‍ കുടിയേറ്റം തുടങ്ങിയെന്നാണ് ചരിത്രം പറയുന്നത്. പലായനങ്ങളും പരീക്ഷണങ്ങളും 1980-90'കള്‍ വരെ ശക്തമായി തുടര്‍ന്നു.
സ്ത്രീകളുടെ മുഖശ്രീ
കേരളത്തില്‍ സ്ത്രീശാക്തീകരണ പദ്ധതികളിലെ നാഴികക്കല്ലാണ് കുടുംബശ്രീ. ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് 1998-ല്‍ മേയ് 17-നാണ് കുടുംബശ്രീയുടെ തുടക്കം. നബാര്‍ഡിന്റെ സഹായത്തോടെ തദ്ദേശവകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ടം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 45.85 ലക്ഷം കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. ഓരോ കുടുംബത്തിലെയും ഒരു വനിതയുള്‍പ്പെടുന്ന 2.94 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ കുടുംബശ്രീക്കുണ്ട്. 10 മുതല്‍ 20 വരെ വനിതകള്‍ ഉള്‍പ്പെടുന്നതാണ് ഓരോ അയല്‍ക്കൂട്ടങ്ങളും.
വായ്പകള്‍ക്കുപുറമേ, ചെറുകിടസംരംഭങ്ങള്‍മുതല്‍ മാലിന്യനിര്‍മാര്‍ജന ദൗത്യത്തില്‍വരെ കുടുംബശ്രീയുടെ പങ്കാളിത്തം വ്യക്തം.
തോട്ടിപ്പണി നിര്‍ത്തുന്നു
1950-ല്‍ ആധുനിക ശൗചാലയങ്ങള്‍ വരുന്നതിനു മുമ്പേ, മനുഷ്യവിസര്‍ജ്യം ശേഖരിച്ച് അവ പൊതു ഇടങ്ങളില്‍ നിക്ഷേപിച്ചിരുന്ന തൊഴിലാളികള്‍ കേരളത്തിലുണ്ടായിരുന്നു. എറണാകുളം, ആലപ്പുഴ, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് തോട്ടിപ്പണി കൂടുതല്‍ ഉണ്ടായിരുന്നത്. ആലപ്പുഴയില്‍ ഒരു തോട്ടിക്കോളനി തന്നെ ഉണ്ടായിരുന്നു.
ഇന്നത്തെ നഗരകേന്ദ്രങ്ങളായ കോഴിക്കോട്ടെ മാവൂര്‍, എറണാകുളത്തെ കലൂര്‍, തൃശ്ശൂരിലെ ശക്തന്‍മാര്‍ക്കറ്റ് എന്നിവയൊക്കെ വിസര്‍ജ്യം സ്വീകരിക്കുന്ന കേന്ദ്രങ്ങളായിരുന്നു. സമൂഹത്തില്‍ നിന്ന് ഏറ്റവും അകറ്റിനിര്‍ത്തപ്പെട്ട വിഭാഗമായിരുന്നു തോട്ടികള്‍. തിരുവനന്തപുരത്ത് തോട്ടികളെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ ജുബ്ബാ രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ വലിയ ശ്രമങ്ങള്‍തന്നെ നടന്നു. തകഴി ശിവശങ്കരപിള്ളയുടെ 'തോട്ടിയുടെ മകന്‍' എന്ന നോവല്‍ അവരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. ആധുനിക കേരളത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ കാല്‍വെപ്പായിരുന്നു 80-കളിലെ തോട്ടിപ്പണി നിരോധിക്കല്‍. ഇന്ത്യയില്‍ 1993-ലാണ് തോട്ടിപ്പണി പൂര്‍ണമായും നിരോധിച്ചത്.
വികസനം ജനകീയം
1996-ലെ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ തുടങ്ങിയ വികേന്ദ്രീകൃതാസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം. ജനകീയാസൂത്രണത്തില്‍, വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു.
സംസ്ഥാന ബജറ്റിന്റെ മൂന്നിലൊന്ന് തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി മാറ്റിവെച്ചു. ജനകീയാസൂത്രണം വഴി വികസനപ്രക്രിയയില്‍ ഇടപെടാന്‍ ഓരോ പൗരനും അവസരം ലഭിച്ചു. എന്നാല്‍, സമീപകാലത്ത് ജനകീയാസൂത്രണത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം കുറയുന്നതായി വിമര്‍ശനം ഉയരുന്നുണ്ട്.
സഹകരിച്ച് വളര്‍ന്ന്
15,428 സഹകരണ സൊസൈറ്റികള്‍, 1625 പ്രാഥമിക സഹകരണബാങ്കുകള്‍ - കേരളത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ല് സഹകരണ മേഖലയാണ്. 1892-ല്‍ത്തന്നെ സഹകരണസംഘങ്ങളുടെ ആദ്യകാലരൂപത്തിലുള്ള പ്രവര്‍ത്തനം മലബാറിലുണ്ടായിരുന്നു. മലബാര്‍ ഐക്യനാണയസംഘങ്ങള്‍ ഉദാഹരണം. പിന്നീട് റൂറല്‍ ബാങ്കുകളും കാര്‍ഷികസംഘങ്ങളുമൊക്കെയായി. 1915 നവംബര്‍ 17-ന് രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കാണ് തിരുവിതാംകൂറിലെ ആദ്യ സഹകരണസംഘം. 1956 നവംബര്‍ ഒന്നിന് കേരളം പിറവിയെടുക്കുമ്പോള്‍ 3984 സഹകരണസംഘങ്ങളാണുണ്ടായിരുന്നത്. ഇന്ന് രാജ്യത്തെ സഹകരണമേഖലയിലെ മൊത്തനിക്ഷേപത്തിന്റെ പകുതിയിലധികവും കേരളത്തിന്റെ സംഭാവനയാണ്.
വിദ്യാഭ്യാസ സ്വാശ്രയകാലം
കേരളത്തിലെ സ്വാശ്രയ കോളേജുകളുടെ തുടക്കംതന്നെ ചോരചിന്തിയ സമരങ്ങളുടെ അകമ്പടിയോടെയാണ്. 1994-ല്‍ കൂത്തുപറമ്പ് വെടിവെപ്പിലേക്ക് നയിച്ചത് സഹകരണമേഖലയില്‍ സ്വാശ്രയ കോളേജുകള്‍ തുടങ്ങാനുള്ള യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനമാണ്. 2001-ല്‍ എ.കെ. ആന്റണി സര്‍ക്കാര്‍ രണ്ടു സ്വാശ്രയകോളേജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന തത്ത്വത്തിന്റെയടിസ്ഥാനത്തില്‍ ഒട്ടേറെ സ്വാശ്രയകോളേജുകള്‍ക്ക് അനുമതി നല്‍കി. ഇതിനെതിരേയുമുണ്ടായി സമരപരമ്പര. സ്വാശ്രയ കോളേജുകളിലെ ഫീസ് സര്‍ക്കാര്‍ നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം. എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കേ, സ്വാശ്രയകോളേജുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നു. എന്നാല്‍, ഇത് സുപ്രീംകോടതി റദ്ദാക്കി. പിന്നീട് പതിയെപ്പതിയെ സമരങ്ങള്‍ അടങ്ങി. നിലവില്‍ സംസ്ഥാനത്ത് 118 സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളുണ്ട്. സ്വാശ്രയ മെഡിക്കല്‍കോളേജുകള്‍ സംസ്ഥാനത്ത് 12 എണ്ണമേയുള്ളൂ.
അഭിമാനം കൗമാരകലോത്സവം
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയാണ് കേരള സ്‌കൂള്‍ കലോത്സവം. 1957 ജനുവരി 26, 27 തീയതികളില്‍ എറണാകുളം ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു ആദ്യ കലോത്സവം. അന്നത്തെ വടക്കേ മലബാര്‍ ജില്ലയ്ക്കായിരുന്നു ചാമ്പ്യന്‍ പട്ടം. 2008-വരെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് കലോത്സവമായി മാറി. കോവിഡ് പശ്ചാത്തലത്തില്‍ 2020, 2021 വര്‍ഷങ്ങളിലും കലോത്സവം നടന്നില്ല.
ഡി.പി.ഇ.പി: സമഗ്ര മാറ്റം, വിവാദം
1994-ല്‍ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കിയ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയാണ് ഡി.പി.ഇ.പി.
കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ വന്നത് ഡി.പി.ഇ.പി.യുടെ വരവോടെയാണ്. കോപ്പിയെഴുത്ത്, ഗൃഹപാഠം, ഗുണനപ്പട്ടിക മനപ്പാഠമാക്കല്‍, കവിത കാണാതെ പഠിക്കല്‍, കോമ്പോസിഷന്‍ തുടങ്ങിയവയെല്ലാം വേണ്ടെന്നുവെച്ചു. എഴുത്തുപരീക്ഷയ്ക്ക് പകരം നിരന്തരമൂല്യനിര്‍ണയമാണ് വേണ്ടത് എന്ന് തീരുമാനിച്ചു. അതിരൂക്ഷമായ വിമര്‍ശനമാണ് ഡി.പി.ഇ.പി.ക്കെതിരേ ഉണ്ടായത്. ഡി.പി.ഇ.പി.യെ തുടര്‍ന്നാണ് 2000-01ല്‍ എസ്.എസ്.എ. (സര്‍വ ശിക്ഷാ അഭിയാന്‍) നടപ്പാക്കിയത്.
കായലില്‍ നിന്നുയര്‍ന്ന നെല്ലറ
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 870 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശം. കേരളത്തിന്റെ നെല്ലറയെന്ന് വിളിപ്പേര്. കൃഷി സമുദ്രനിരപ്പിനേക്കാള്‍ താഴെ. ചുട്ടനാടാണ് കുട്ടനാടെന്നും അതല്ല കുട്ടന്റെ (കരുമാടിക്കുട്ടന്‍) നാടാണ് കുട്ടനാടെന്നും രണ്ടുവാദം.
നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി കായല്‍ നികത്തി കൃഷിയാരംഭിച്ചത് 19-ാം നൂറ്റാണ്ടിന്റെ പകുതിയില്‍. വേമ്പനാട്ടുകായലില്‍നിന്ന് മനുഷ്യന്റെ കൈക്കരുത്താല്‍ കെട്ടിപ്പടുത്തതാണ് കുട്ടനാടന്‍ പാടശേഖരങ്ങള്‍.
1888-ല്‍ കാവാലം ചാലയില്‍ തറവാട്ടില്‍ ഇരവി കേശവപ്പണിക്കര്‍, ചേന്നങ്കരിയാര്‍ കായലില്‍ പതിക്കുന്ന ആറ്റുമുഖത്ത് ചിറകെട്ടി, നികത്തലിന് തുടക്കംകുറിച്ചു. 1940-കളില്‍ കായല്‍രാജാവ് എന്ന പേരില്‍ പ്രശസ്തനായ മുരിക്കുംമൂട്ടില്‍ തൊമ്മന്‍ ജോസഫ് എന്ന മുരിക്കന്‍ നികത്തലിന്റെ രണ്ടാംഘട്ടം ഏറ്റെടുത്തു. പ്രസിദ്ധമായ റാണി, ചിത്തിര, മാര്‍ത്താണ്ഡം കായലുകള്‍ നികത്തിയെടുത്തത് ഈ ഘട്ടത്തിലാണ്.
തല കുനിപ്പിച്ച വാണിഭങ്ങള്‍
സാംസ്‌കാരിക കേരളമെന്ന് മേനിനടിക്കുമ്പോഴും മലയാള മണ്ണിലെ കറുത്ത ഏടുകളാണ് പെണ്‍വാണിഭങ്ങള്‍. സൂര്യനെല്ലി, വിതുര, കിളിരൂര്‍, കവിയൂര്‍, ഐസ്‌ക്രീം പാര്‍ലര്‍... പലസ്ഥലങ്ങള്‍ക്കും പെണ്‍വാണിഭങ്ങള്‍ കുപ്രസിദ്ധി ചാര്‍ത്തിക്കൊടുത്തു. സ്വന്തം പേരുപോലും നഷ്ടപ്പെട്ട് സ്ഥലത്തിന്റെപേരില്‍ അറിയപ്പെടാന്‍ വിധിക്കപ്പെടുന്ന ഇരകള്‍. 1996-ലെ സൂര്യനെല്ലി പീഡനക്കേസ് വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി നീണ്ടത് 18 വര്‍ഷത്തിലേറെയാണ്. 1995-ല്‍ നടന്ന വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതിക്ക് ശിക്ഷകിട്ടുന്നത് 26 വര്‍ഷങ്ങള്‍ക്കിപ്പുറം 2021-ല്‍.
സമാന്തര വിദ്യാഭ്യാസം
കേരളത്തിലെ ആദ്യത്തെ ട്യൂട്ടോറിയലിനെക്കുറിച്ച് തര്‍ക്കമുണ്ടെങ്കിലും 1916-ല്‍ തൃശ്ശൂരില്‍ കുറുപ്പം റോഡില്‍ പി.എസ്. സുബ്രഹ്‌മണ്യയ്യരുടെ നേതൃത്വത്തില്‍ ഒരു ട്യൂട്ടോറിയല്‍ കോളേജ് തുടങ്ങിയിരുന്നു. പിന്നീട് അത് കമ്പൈന്‍ഡ് കോളേജായി വികസിച്ചു. തിരുവനന്തപുരത്ത് 1930-ല്‍ ദ ന്യൂ ട്യൂട്ടോറിയല്‍ കോളേജ് വൈ.എം.സി.എ. കെട്ടിടത്തില്‍ ആരംഭിച്ചു. കൂണുകള്‍ പോലെ കേരളത്തില്‍ പൊട്ടിമുളച്ച ട്യൂട്ടോറിയല്‍ കോളേജുകളും ട്യൂഷന്‍ സെന്ററുകളും എസ്.എസ്.എല്‍.സി., പ്രീ ഡിഗ്രി തോറ്റവര്‍ക്കുള്ള അത്താണിയായി. 1970-ല്‍ പാരലല്‍ കോളേജുകള്‍ രൂപം കൊണ്ടത് ട്യൂട്ടോറിയല്‍ കോളേജുകളില്‍ നിന്നായിരുന്നു.
കേരളത്തെ മുക്കിയ പ്രളയം
2018-ലെ മഹാപ്രളയം 1924-ലെ നൂറ്റാണ്ടിലെ പ്രളയത്തിനുശേഷം കേരളം കണ്ട ഏറ്റവുംവലിയ പ്രകൃതിദുരന്തമാണ്. സംസ്ഥാനത്തെ സാമ്പത്തികമായും സാമൂഹികമായും ഇത് പിന്നോട്ടടിച്ചു. ദിവസങ്ങളോളം നീണ്ടുനിന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും 483 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 14 പേരെയാണ് കാണാതായത്. നാല്പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടായി. ചരിത്രത്തിലാദ്യമായി ഇടുക്കി ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നതും 2018-ലാണ്. 35 ഡാമുകളാണ് തുറന്നുവിട്ടത്.
തീരം വിഴുങ്ങിയ സുനാമിത്തിരകള്‍
2004 ഡിസംബര്‍ 26-ന് ഓര്‍ക്കാപ്പുറത്താണ് കടല്‍ കമിഴ്ത്തിയൊഴിച്ചപോലെ തിര തീരം വിഴുങ്ങിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.29-ന് ഇന്‍ഡൊനീഷ്യയിലെ സുമാത്ര ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രതയില്‍ ഭൂമി കുലുങ്ങി. തുടര്‍ന്ന് തീരത്ത് ഉയര്‍ന്നുപൊങ്ങിയ തിരമാലയില്‍ ജീവന്‍ നഷ്ടപ്പെട്ടത് രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക്. കേരളത്തില്‍ മാത്രം 236 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 3000 വീടുകളാണ് തകര്‍ന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് നാശനഷ്ടമേറെയുണ്ടായത്. ആലപ്പാട്മുതല്‍ അഴീക്കല്‍വരെ എട്ടുകിലോമീറ്റര്‍ തീരം കടലെടുത്തു. മത്സ്യബന്ധന വള്ളങ്ങളും വലകളും നഷ്ടമായി.
ഉത്തരം കിട്ടാത്ത പെരുമണ്‍
1988 ജൂലായ് എട്ട് വെള്ളിയാഴ്ച-കേരളംകണ്ട ഏറ്റവും വലിയ തീവണ്ടിദുരന്തം അന്നായിരുന്നു. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുപോയ ഐലന്‍ഡ് എക്‌സ്പ്രസിന്റെ ഒമ്പതുബോഗികള്‍ അഷ്ടമുടിക്കായലിലേക്ക് പതിച്ചു. പെരുമണ്‍ ദുരന്തം എന്നറിയപ്പെട്ട ആ തീവണ്ടിയപകടത്തില്‍ പൊലിഞ്ഞത് 105 ജീവനുകള്‍. ടൊര്‍ണാഡോ (ചുഴലിക്കൊടുങ്കാറ്റ്)കാരണം തീവണ്ടി കായലില്‍ വീണെന്നായിരുന്നു റെയില്‍വേയുടെ കണ്ടെത്തല്‍.
വിഷമദ്യ ദുരന്തം
2000 ഒക്ടോബറില്‍ കൊല്ലം കല്ലുവാതുക്കലുണ്ടായ വിഷമദ്യദുരന്തത്തില്‍ 35 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1982-ല്‍ 78 പേരുടെ മരണത്തിനിടയാക്കിയ വൈപ്പിന്‍ ദുരന്തത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തം.
ലക്ഷം വീടുകള്‍, ലക്ഷം തണല്‍
കേരളത്തില്‍ സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവര്‍ക്കായി വീട് നിര്‍മിച്ചുനല്‍കാന്‍ 1970-ലെ അച്യുതമേനോന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് ലക്ഷംവീട് പദ്ധതി. ഭവനവകുപ്പ് മന്ത്രിയായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായരാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഒരുലക്ഷം വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ ലക്ഷ്യമിട്ട പദ്ധതി 1972 മേയില്‍ ഉദ്ഘാടനം ചെയ്തു.
സഞ്ചാരികളേ, സ്വാഗതം
കേരളത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ ദൈവത്തിന്റെ കൈയൊപ്പുണ്ട്. കോവിഡിനുമുമ്പ് 2019-ല്‍ 1.96 കോടി വിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയതെന്ന കണക്കില്‍നിന്ന് ടൂറിസവും കേരളവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാം. ഇതില്‍ 12 ലക്ഷംപേര്‍ വിദേശികളാണ്. ആ വര്‍ഷംമാത്രം വിനോദസഞ്ചാരമേഖലയില്‍നിന്നുള്ള വരുമാനം 45,000 കോടിരൂപയായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും 23.5 ശതമാനംപേര്‍ക്ക് തൊഴിലും നല്‍കുന്നു.
ചാനല്‍ പ്രളയം
മൂന്നരപ്പതിറ്റാണ്ടുമുമ്പ് ദൂരദര്‍ശന്റെ ഡിഡി 4-ല്‍ ഹരിശ്രീ കുറിച്ചതാണ് മലയാള ചാനല്‍ലോകം. ഇപ്പോള്‍ ആ ശൃംഖലയിലുള്ളത് 44 ചാനലുകള്‍. 1993-ല്‍ ഏഷ്യാനെറ്റ് തുടങ്ങിയത് മറ്റൊരു വഴിത്തിരിവായി. ഈ രംഗത്തെ ആദ്യ സ്വകാര്യചാനലായിരുന്നു ഏഷ്യാനെറ്റ്. 2003-ല്‍ ഇന്ത്യാവിഷന്റെ വരവോടെ മുഴുവന്‍സമയ വാര്‍ത്താചാനലുകളുടെ ട്രാക്കിലേക്കും കേരളം കയറി. 2013 ജനുവരി 23-ന് മാതൃഭൂമി ന്യൂസ് ചാനല്‍ തുടങ്ങിയതോടെ ദൃശ്യലോകത്തെ സാങ്കേതികത്തികവും നാം കണ്ടു.
കലയുടെ വലിയ തുരുത്ത്
ഭാരതീയനൃത്തകലകള്‍ പഠിപ്പിക്കാന്‍ തശ്ശൂരിലെ ചെറുതുരുത്തിയില്‍, ഭാരതപ്പുഴയുടെ തീരത്തായി സ്ഥാപിച്ച കലാലയമാണ് കേരള കലാമണ്ഡലം. ഇപ്പോള്‍ കല്പിത സര്‍വകലാശാലയാണിത്. 1920-കളുടെ അവസാനം മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ നേതൃത്വത്തില്‍, ഒരു സൊസൈറ്റിയായാണ് കലാമണ്ഡലം സ്ഥാപിച്ചത്. 1930-ല്‍ പ്രവര്‍ത്തനം തുടങ്ങി.
തിരുവനന്തപുരം വിമാനത്താവളം
1932-ല്‍ ജി.വി. രാജ സ്ഥാപിച്ച ഫ്‌ലൈയിങ് ക്ലബ്ബാണ് പിന്നീട് വിമാനത്താവളമായത്. 1935 ഒക്ടോബര്‍ 29-നാണ് തിരുവനന്തപുരത്തേക്ക് ആദ്യ വിമാനമെത്തിയത്. ടാറ്റ എയര്‍ലൈന്‍സിന്റെ വിമാനമായിരുന്നു അത്. നവംബര്‍ ഒന്നിന് മുംബൈയിലേക്കായിരുന്നു ആദ്യ ടേക്ക് ഓഫ്. 1946-ല്‍ ആഭ്യന്തര സര്‍വീസും 1967-ല്‍ രാജ്യാന്തര സര്‍വീസും ആരംഭിച്ചു. 1991-ല്‍ സംസ്ഥാനത്തെ ആദ്യ രാജ്യാന്തര വിമാനത്താവളമെന്ന പദവി ലഭിച്ചു.
ട്രേഡ് യൂണിയനിസം കേരളത്തില്‍
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തൊഴിലാളികളുടെ ജീവിതം തീര്‍ത്തും ദുരിതമയമായിരുന്നു. തൊഴില്‍നിയമങ്ങളോ കൃത്യമായ സേവന-വേതന വ്യവസ്ഥകളോ ഇല്ലാതിരുന്ന അക്കാലം തൊഴിലാളികള്‍ കൊടിയ ചൂഷണത്തിന് ഇരയായി. 1892-ല്‍ രൂപവത്കരിച്ച ആലപ്പുഴയിലെ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ ആയിരുന്നു കേരളത്തിലെ ആദ്യ സംഘടിത തൊഴിലാളിയൂണിയന്‍. തൊഴിലാളി എന്ന പേരില്‍ 1925-ല്‍ ഒരു പ്രസിദ്ധീകരണം തുടങ്ങി. പി. കേശവദേവ് ഇതിന്റെ പത്രാധിപരായിരുന്നു.
1928-ലെ റെയില്‍വേ പണിമുടക്ക് കേരളത്തിലെ ആദ്യ പണിമുടക്കുസമരമായി കണക്കാക്കുന്നു. 1932-ല്‍ പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ മലബാര്‍ കേന്ദ്രീകരിച്ച് ലേബര്‍ യൂണിയന്‍ നിലവില്‍ വന്നു. അതിനെത്തുടര്‍ന്ന് കൊച്ചിന്‍ ലേബര്‍ യൂണിയനും നിലവില്‍ വന്നു.
സംസ്ഥാന രൂപവത്കരണത്തോടെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സി.ഐ.ടി.യു.വും സി.പി.ഐ.യുടെ എ.ഐ.ടി.യു.സി.യും കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഐ.എന്‍.ടി.യു.സി.യും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ബി.എം.എസുമെല്ലാം കേരളത്തില്‍ സജീവമായി.
കണ്ണിമുറിയാത്ത ചങ്ങല
മഞ്ചേശ്വരംമുതല്‍ പാറശ്ശാലവരെ 693 കിലോമീറ്റര്‍ കണ്ണിമുറിയാതെ ജനലക്ഷങ്ങള്‍. കേരളചരിത്രത്തില്‍ ആദ്യമായായിരുന്നു അങ്ങനെയൊരു മനുഷ്യച്ചങ്ങല. 1987-ലെ സ്വാതന്ത്ര്യദിനത്തില്‍ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിലായിരുന്നു ഐക്യസന്ദേശമുയര്‍ത്തിയ പരിപാടി. പിന്നീട് പലസംഘടനകളും പലഘട്ടങ്ങളിലായി മനുഷ്യചങ്ങലയ്ക്കും മനുഷ്യമതിലിനുമൊക്കെ രൂപംകൊടുത്തു. ഏറ്റവുമൊടുവില്‍, ശബരിമലയിലെ സ്ത്രീപ്രവേശ വിവാദത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ വനിതാമതില്‍ തീര്‍ത്തതും കേരളംകണ്ടു.
നിശ്ശബ്ദമാകാതെ സൈലന്റ് വാലി
കേരളത്തില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച പ്രസ്ഥാനമായിരുന്നു സൈലന്റ് വാലി സമരം. കുന്തിപ്പുഴയില്‍ അണകെട്ടി വൈദ്യുത പദ്ധതി തുടങ്ങാനായിരുന്നു ലക്ഷ്യം. പ്രകൃതിസുന്ദരവും അപൂര്‍വ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രവുമായ സൈലന്റ് വാലിയില്‍ വൈദ്യുത പദ്ധതി തുടങ്ങാനുള്ള ശ്രമത്തിനെതിരേ പരിസ്ഥിതി-സാമൂഹ്യ-സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ കേരളം ഒന്നിച്ചു. ആ പോരാട്ടം വിജയിക്കുകയും ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്തും അതിന്റെ നേതൃനിരയിലുണ്ടായിരുന്ന പ്രൊഫസര്‍ എം.കെ. പ്രസാദും സുഗതകുമാരിയെപ്പോലുള്ളവരും ആ പ്രതിരോധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗന്ധി വൈദുത പദ്ധതി ഉപേക്ഷിക്കാനും സൈലന്റ്വാലി ദേശീയോദ്യാനമായി സംരക്ഷിക്കാനും തീരുമാനിച്ചു.
ഭൂപരിഷ്‌കരണം
ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള നിയമസഭയാണ് (1957) ഭൂപരിഷ്‌കരണത്തിന് തുടക്കംകുറിച്ചത്. നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി 1957 ഏപ്രില്‍ 11ന് ഒഴിപ്പിക്കല്‍ നിരോധന നിയമം പാസാക്കി. 1959-ല്‍ 'കേരള കാര്‍ഷിക ബന്ധ ബില്‍' കേരള നിയമസഭ പാസാക്കി രാഷ്ട്രപതിക്ക് അയച്ചെങ്കിലും വിമോചനസമരത്തെത്തുടര്‍ന്ന് ഇ.എം.എസ്. സര്‍ക്കാരിനെ പിരിച്ചുവിട്ടു. ഒട്ടേറെ ഭേദഗതികള്‍ക്കുശേഷം സി. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത്, 1970 ജനുവരി ഒന്നിന് ഭൂപരിഷ്‌കരണനിയമം നിലവില്‍വന്നു.
പ്രീഡിഗ്രി ബോര്‍ഡ് സമരം
1986-ലാണ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസ മേഖലയില്‍നിന്ന് പ്രീഡിഗ്രി അടര്‍ത്തിമാറ്റാനുള്ള തീരുമാനം. അന്നത്തെ യു.ഡി.എഫ്. മുഖ്യമന്ത്രി കെ. കരുണാകരനും വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബും എടുത്തത്. അതിനായി പ്രത്യേകമായൊരു വിദ്യാഭ്യാസ ബോര്‍ഡും രൂപവത്കരിക്കാന്‍ തീരുമാനിച്ചു. ഇതൊരു പ്രത്യക്ഷ സമരത്തിന് തുടക്കം കുറിച്ചു. കോളേജ് അധ്യാപകരും അനധ്യാപകരും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളും ഒറ്റക്കെട്ടായി സമരത്തിനിറങ്ങി. എന്നാല്‍ പില്‍ക്കാലത്ത്, പ്രീഡിഗ്രി ബോര്‍ഡ് പേര് മാറി ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് എന്ന പേരില്‍ നിലവില്‍ വന്നു.
വിദ്യാര്‍ഥി രാഷ്ട്രീയം
ബംഗാള്‍ വിഭജനകാലത്ത് കൊല്‍ക്കത്തയിലെ ഏഡന്‍ ഹിന്ദു ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ കഴ്സണ്‍ പ്രഭുവിന്റെ കോലംകത്തിക്കുന്നതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പോരാട്ടങ്ങള്‍ ആധുനികകാലത്ത് ആരംഭിക്കുന്നത്. കേരളത്തില്‍ സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി മലബാറിലും തിരുവിതാംകൂറിലും കൊച്ചിയിലും 1920-കളില്‍ത്തന്നെ വിദ്യാര്‍ഥി സംഘം രൂപംകൊണ്ടു. മുപ്പതുകളില്‍ വിദ്യാര്‍ഥികള്‍ സജീവമായി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുവെങ്കിലും രാഷ്ട്രീയ സംഘടനാരൂപം ആര്‍ജിക്കാന്‍ സമയമെടുത്തു. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത്, അഖിലേന്ത്യ വിദ്യാര്‍ഥി യൂണിയന്‍ (പിന്നീട് എ.ഐ.എസ്.എഫ്., എസ്.എഫ്.ഐ. എന്നിങ്ങനെ രണ്ടായി), കെ.എസ്.യു. (1957) എന്നിവ കാമ്പസുകളില്‍ പ്രബലമായി. സ്വാതന്ത്ര്യത്തിനുശേഷം നടന്ന ഏറ്റവും വലിയ വിദ്യാര്‍ഥി പ്രക്ഷോഭം ഒരണ സമരമായിരുന്നു.
കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം പില്‍ക്കാലത്ത് രൂപപ്പെട്ടത് വിദ്യാര്‍ഥിസംഘടനകളിലൂടെയായിരുന്നു.
കൂട്ടുകക്ഷി ഭരണം
കേരളത്തില്‍ 1960-നു ശേഷം അഞ്ചുവട്ടം പ്രസിഡന്റ് ഭരണമുണ്ടായി. 1964-ല്‍ ശങ്കര്‍ മന്ത്രിസഭയുടെ പതനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അഡൈ്വസര്‍ ഭരണം 67-ല്‍ ഇ.എം.എസ്. മന്ത്രിസഭയുടെ സ്ഥാനാരോഹണംവരെ നീണ്ടുനിന്നു. ഇ.എം.എസ്സിന്റെ രണ്ടാംഭരണത്തില്‍ ലീഗ് കൂട്ടാളികളായി എത്തിയതോടെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗീയ സമീപനത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നു. ഇതോടെ ഐക്യമുന്നണി സംവിധാനം നിലവില്‍വന്നു. ഈ ഘട്ടം മുതല്‍ ഓരോ ഭരണത്തിലും വര്‍ഗീയകക്ഷികളും ന്യൂനപക്ഷസ്വാധീനമുള്ള പാര്‍ട്ടികളും ഓരോ മുന്നണിയുടെയും കൂടെനിന്നു.
സൗരോര്‍ജം മുതല്‍ സ്വര്‍ണം വരെ
സൗരോര്‍ജംപോലെ നിന്നുകത്തിയ സോളാര്‍ കേസ്. സ്വര്‍ണംപോലെ ഉരുകിപ്പടര്‍ന്ന സ്വര്‍ണക്കടത്തുകേസ്. പോയ ദശാബ്ദത്തില്‍ കേരളത്തിലെ രാഷ്ട്രീയ മണ്ഡലങ്ങളെ ഏറ്റവുമധികം ഉലച്ച രണ്ടുകേസുകള്‍. രണ്ടിലും അതതുകാലത്തെ മുഖ്യമന്ത്രിമാരുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായെന്നതാണ് പ്രത്യേകത.
സോളാര്‍ കേസില്‍ അന്നത്തെ യു.ഡി.എഫ്. സര്‍ക്കാരാണ് പ്രതിക്കൂട്ടിലായത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുവരെ ആരോപണങ്ങളുടെ ചൂടേറ്റു. സൗരോര്‍ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍നിന്ന് പണംതട്ടിയെന്നായിരുന്നു പരാതി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെ ഇതിനായി ദുരുപയോഗംചെയ്‌തെന്ന ആരോപണമാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. തന്നെ ചില രാഷ്ട്രീയക്കാര്‍ പീഡിപ്പിച്ചെന്ന് തട്ടിപ്പുകേസ് പ്രതി ആരോപിച്ചതോടെ സ്ഥിതിമാറി. ഈ കേസില്‍ ഇപ്പോഴും സി.ബി.ഐ. അന്വേഷണം തുടരുകയാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്താണ് സ്വര്‍ണക്കടത്തു കേസ്. 2020 ജൂലായ് അഞ്ചിന് തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്കുവന്ന 15 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് വിവാദങ്ങളുടെ തുടക്കം.
മുഖ്യപ്രതി സ്വപ്നാ സുരേഷ്, ഐ.ടി. വകുപ്പിലെ പദ്ധതിയിലെ കരാര്‍ജീവനക്കാരിയായിരുന്നു. സ്വപ്നയുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം. ശിവങ്കറിലേക്കും അന്വേഷണം നീണ്ടു. മുഖ്യമന്ത്രിയുടെ ഓഫീസാകെ സംശയമുനയിലായി.കേസില്‍ കസ്റ്റംസും എന്‍.ഐ.എ.യും എന്‍ഫോഴ്സ്മെന്റും അന്വേഷണം തുടരുകയാണ്.
ചാരമായ കേസ്
ഏറെ കോളിളക്കമുണ്ടാക്കുകയും ഒടുവില്‍ വെറും ചാരമായി മാറുകയുംചെയ്ത കേസാണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസ്. 1994 ഒക്ടോബറില്‍ മാലദ്വീപുകാരിയായ മറിയം റഷീദയെന്ന യുവതിയെ ഒരു ഹോട്ടലില്‍നിന്ന് അറസ്റ്റുചെയ്തതില്‍നിന്നായിരുന്നു തുടക്കം. െഎ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞനെ മറിയം റഷീദ ഫോണ്‍ ചെയ്‌തെന്നും അത് രാജ്യരക്ഷാതാത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കാണണമെന്നുമായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ വിലയിരുത്തല്‍. വൈകാതെതന്നെ ഐ.എസ്.ആര്‍.ഒ.യിലെ എല്‍.പി.എസ്.സി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന നമ്പി നാരായണനെ അറസ്റ്റുചെയ്തു.
ആരോപണവിധേയനായ ഐ.ജി. രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് കെ. കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായി. 2018 സെപ്റ്റംബര്‍ 14-ന് നമ്പി നാരായണന് 50 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
ലാവലിന്റെ രാഷ്ട്രീയം
പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവിനെ ഒരുപതിറ്റാണ്ടിലേറെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വിവാദമായിരുന്നു ലാവലിന്‍ കേസ്. സി.പി.എമ്മില്‍ അക്കാലത്ത് വിഭാഗീയതയുടെ കനലെരിച്ച ഒരുഘടകവും ഈ കേസായിരുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി 1996-ല്‍ അന്തിമകരാര്‍ ഒപ്പിടുമ്പോള്‍ പിണറായി വിജയനായിരുന്നു വൈദ്യുതി മന്ത്രി. കരാര്‍ കാരണം സംസ്ഥാനത്തിന് 374 കോടി രൂപ നഷ്ടമായെന്ന 2005-ലെ
സി.എ.ജി. വെളിപ്പെടുത്തലോടെ വിവാദം ഉച്ചസ്ഥായിയിലായി. ആദ്യം വിജിലന്‍സും പിന്നീട് സി.ബി.ഐ.യും കേസന്വേഷിച്ചു. ഏഴുവര്‍ഷത്തെ അന്വേഷണത്തിനും വിചാരണയ്ക്കും ഒടുവില്‍ 2013-ല്‍ പ്രത്യേക സി.ബി.ഐ. കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഇത് ശരിവെച്ചു.
പണം കായ്ക്കുന്ന മദ്യം
അഞ്ചുവര്‍ഷത്തിനിടെ മദ്യത്തില്‍നിന്ന് സംസ്ഥാനം നേടിയ നികുതിവരുമാനം 46,546 കോടി രൂപയാണ്. 1996 ഏപ്രില്‍ ഒന്നുമുതല്‍ ചാരായ നിരോധനം നടപ്പാക്കിയ എ.കെ. ആന്റണി സര്‍ക്കാരിന്റെ തീരുമാനമാണ് ഈ മേഖലകണ്ട വലിയ ട്വിസ്റ്റ്. പഞ്ചനക്ഷത്ര പദവിയില്ലാത്ത ബാറുകള്‍ പൂട്ടാന്‍ 2014-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരെടുത്ത തീരുമാനവും വിവാദലഹരി ഉയര്‍ത്തി. അടച്ച ബാറുകള്‍ തുറക്കുന്നതിനും പുതിയ ലൈസന്‍സുകള്‍ അനുവദിക്കുന്നതിനും കോഴ വാങ്ങിയെന്ന, ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചു.
ചുവന്നു തുടുത്ത കാലം
തീവ്ര ഇടതുപക്ഷ പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവന്ന കടുത്ത രാഷ്ട്രീയ പോരാട്ടങ്ങളുടെ കഥയും കേരള ചരിത്രത്തിന് പറയാനുണ്ട്. സി.പി.ഐ.എമ്മില്‍നിന്ന് തെറ്റിപ്പിരിഞ്ഞ ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകള്‍ കനു സന്യാലിന്റെയും ചാരു മജുംദാറിന്റെയും നേതൃത്വത്തില്‍ പശ്ചിമ ബംഗാളിലെ നക്സല്‍ബാരിയില്‍ നടത്തിയ പ്രക്ഷോഭത്തിലൂടെയാണ് ഇന്ത്യയില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ചരിത്രം തുടങ്ങുന്നത്. അതിന്റെ തുടര്‍ച്ചയായി കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തില്‍ 1968-69 കാലത്ത് കേരളത്തിലും തീവ്ര ഇടതുപക്ഷ രാഷ്ട്രീയം ശക്തമായി.
1968-ലെ തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലൂടെ നക്സലൈറ്റ് പ്രസ്ഥാനം സാന്നിധ്യമറിയിച്ചു. തുടര്‍ന്ന് വയനാട്ടിലെ പുല്‍പ്പള്ളിയില്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘവും പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. വര്‍ഗീസിനെ പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതും കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ആര്‍.ഇ.സി. വിദ്യാര്‍ഥിയായ രാജനെ പോലീസ് പിടിച്ചുകൊണ്ടുപോവുകയും അദ്ദേഹം പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതും കേരള ചരിത്രത്തിലെ മറക്കാനാകാത്ത മുറിവുകളായി. കെ. വേണു, അജിത, രാവുണ്ണി, തേറ്റമല കൃഷ്ണന്‍കുട്ടി, ഫിലിപ്പ് എം. പ്രസാദ് തുടങ്ങിവര്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.
ചെറുകക്ഷികള്‍ വലിയ മീനുകള്‍
1967 മുതലാണ് കേരള രാഷ്ട്രീയത്തില്‍ ന്യൂനപക്ഷ കക്ഷികളുടെ സ്വാധീനവും പ്രീണനവും ആരംഭിക്കുന്നത്. ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളോടൊപ്പം മത്സരിച്ച മുസ്ലിം ലീഗ് മൂന്നുമന്ത്രിമാരുമായി ഭരണത്തിന്റെ ഭാഗമായി മാറി. 1960-ല്‍ കോണ്‍ഗ്രസ്-പി.എസ്.പി. മന്ത്രിസഭയില്‍ വന്നതോടെ ഈ താത്പര്യങ്ങള്‍ കൂടുതല്‍ പ്രകടമായി. നാലുകൊല്ലത്തിനുശേഷം മധ്യതിരുവിതാംകൂറിലെ 15 എം.എല്‍.എ.മാര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെക്കുകയും ചെയ്തതോടെ കേരള കോണ്‍ഗ്രസ് പുതിയ കക്ഷിയായി പിറന്നു.
പിന്നീട് മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ പിളരുകയും കക്ഷികള്‍ ഇടതുവലതു മുന്നണിയായി നിലയുറപ്പിക്കുകയും ചെയ്തു. എന്‍.എസ്.എസിന് എന്‍.സി.പി. എന്നൊരു കക്ഷിയും എസ്.എന്‍.ഡി.പി.ക്ക് എസ്.ആര്‍.പി. എന്നൊരു കക്ഷിയും നിലവില്‍വന്നു. പിന്നീട് ഐ.എന്‍.എല്‍., പി.ഡി.പി., വെല്‍ഫെയര്‍ പാര്‍ട്ടി, ലേബര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ. എന്നിവയൊക്കെ കേരളത്തിലെ പ്രധാന കക്ഷികളുടെ അനുചരന്മാരോ കങ്കാണികളോ ആയിമാറി. ബി.ജെ.പി.യുടെ ശക്തിപ്രകടനത്തോടെ ഈ പാര്‍ട്ടികളെല്ലാം കേരളത്തില്‍ മതപരമായ ധ്രുവീകരണത്തിന് ആക്കംകൂട്ടി.
ചുവപ്പിലെ പിളര്‍പ്പ്
കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ സംഭവങ്ങളില്‍ മുന്‍നിരയിലാണ് 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ്. കേരളമായിരുന്നു പിളര്‍പ്പിന്റെ പ്രധാന പ്രഭവകേന്ദ്രം. പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെ എതിര്‍ത്ത് 1964 ഏപ്രില്‍ 11-ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് 32 പേര്‍ ഇറങ്ങിപ്പോന്നു. അവര്‍ ജൂലായ് ഏഴിന് ആന്ധ്രയിലെ തെനാലിയില്‍ യോഗം ചേര്‍ന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്നപേരില്‍ സി.പി.ഐ.എം. പിറന്നു. മറുവിഭാഗം സി.പി.ഐ. എന്നപേരില്‍ തുടര്‍ന്നു.
റിബലായി മാറിയ ബദല്‍
എം.വി. രാഘവന്‍ എന്ന കരുത്തന്‍ നേതാവ് സി.പി.എമ്മിന് പുറത്താകുന്നതും സി.എം.പി. എന്ന പാര്‍ട്ടി പിറക്കുന്നതും ബദല്‍രേഖയെത്തുടര്‍ന്നാണ്. കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്നും മുസ്ലിംലീഗും കേരള കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം വേണമെന്നും വാദിച്ച് എം.വി. രാഘവന്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ ചേര്‍ന്നാണ് പാര്‍ട്ടി കോണ്‍്ഗ്രസ് തീരുമാനത്തിന് വിരുദ്ധമായി ബദല്‍രേഖ തയ്യാറാക്കിയത്. 1985-ല്‍ കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ രേഖ അവതരിപ്പിച്ചെങ്കിലും പാര്‍ട്ടി തള്ളി. രാഘവനൊഴികെ രേഖയില്‍ ഒപ്പിട്ടവര്‍ പാര്‍ട്ടിക്ക് വിധേയരായി. തെറ്റുപറ്റിയെന്ന് പറയാന്‍ തയ്യാറാകാതെ നിന്ന രാഘവനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. എം.വി.രാഘന്റെ നേതൃത്വത്തില്‍ സി.എം.പി. രൂപവത്കരിച്ചു.
Content Highlights: 50 events that cannot be erased from the history of Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..