മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന വിശേഷണവുമായെത്തുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ഈ ചിത്രം നിർമിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് മാർക്കോ. ഈ മാസം 20-ന് റിലീസ് ചെയ്യുന്ന ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകൾ ഷെരീഫ് മുഹമ്മദ് പങ്കുവെയ്ക്കുന്നു.

To advertise here,

മാർക്കോ എന്ന ചിത്രം നിർമിക്കാം എന്ന് ഉറപ്പിച്ച ആ മൊമെന്റ് ഏതാണ്?
ഞാൻ ഒരു സാധാരണ ബിസിനസുകാരൻ ആണ്. നാട്ടിലും വിദേശത്തും പല മേഖലകളിലായി ബിസിനസ് ചെയ്തുവരുന്നു. എനിക്ക് സിനിമാ മേഖലയിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. ഈ ഒരു മേഖലയിലേക്കു ചുവടു വെക്കുമ്പോൾ അത് ഒരു മികച്ച പ്രോജെക്ടിൽ കൂടെ ആകണം എന്നുണ്ടാരുന്നു. ഉണ്ണി മുകുന്ദനിലേക്ക് എത്തിയപ്പോൾ ആദ്യം വേറെ ഒരു സബ്ജെക്ട് ആയിരുന്നു ചർച്ചയിൽ ഉണ്ടായിരുന്നത്. പിന്നീട് ഈ ഒരു പ്രോജക്ടിലേക്ക് എത്തുമ്പോൾ ഉണ്ണിക്ക് ഈ ഒരു സബ്‌ജെക്ടിൽ ഉണ്ടായിരുന്ന കോൺഫിഡൻസ് ആണ് എനിക്ക് ഏറ്റവും പ്രചോദനം ആയത്. ആക്ഷൻ പടത്തിൽ ഉണ്ണി മുകുന്ദൻ ഏറ്റവും മികച്ച ഒരു ഓപ്ഷൻ ആണ്. ഈ ഒരു സബ്ജക്റ്റിൽ ഉണ്ണിയുടെ കോൺഫിഡൻസും ആക്ഷൻ ചെയ്യാനുള്ള കേപ്പബിലിറ്റിയും മാക്സിമം എക്സ്പോസ് ചെയ്താൽ നല്ലൊരു ആക്ഷൻ മൂവി മലയാളത്തിൽ കൊണ്ടുവരാൻ സാധിക്കും എന്ന് തിരിച്ചറിഞ്ഞ നിമിഷത്തിലാണ്  മാർക്കോ നിർമ്മിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.

എന്തുകൊണ്ടാണ് ഒരു ​​ആക്ഷൻ ചിത്രത്തിലൂടെ നിർമാണരം​ഗത്തേക്ക് വരാൻ കാരണം?
പാൻ ഇന്ത്യൻ സ്വഭാവം ഉള്ള സിനിമകൾക്കാണ് എപ്പോഴും കൂടുതൽ മാർക്കറ്റ് വാല്യൂ. കലാപരമായും സാമ്പത്തികമായും നോക്കുമ്പോൾ ആക്ഷൻ  മൂവി എന്നു പറയുന്നത് കൊമേർഷ്യലി വയബിൾ ആയ സബ്ജക്ട് ആണ്. പ്രേക്ഷകർക്ക് എന്താണോ വേണ്ടത് അത് ഏറ്റവും മികച്ച രീതിയിൽ കൊടുക്കാനാണ് താല്പര്യം. മികച്ച ഒരു സബ്‌ജെക്റ്റും അതിനൊത്ത ഒരു ടീമും കിട്ടിയപ്പോളാണ് ആക്ഷൻ മൂവിയിലൂടെ നിർമാണ രംഗത്തേക്ക് എത്തിയത്.

മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന വിശേഷണത്തോടെയാണ് മാർക്കോ വരുന്നത്
വയലൻസ് മൂവി കാറ്റഗറിയിൽ ഒരു ബെഞ്ച് മാർക്ക് ആകണം മാർക്കോ എന്നാണ് ആഗ്രഹം. അതുപോലെതന്നെ ചെയ്യാൻ പറ്റിയിട്ടുണ്ട് എന്നാണ് വിശ്വാസം.

കെ.ജി.എഫ്, അനിമൽ പോലുള്ള ചിത്രങ്ങൾ കണ്ട പ്രേക്ഷകർക്ക് മുന്നിലേക്ക് മാർക്കോ എത്തിക്കുമ്പോൾ എത്രമാത്രം ആത്മവിശ്വാസമുണ്ട്?
വേറെ ഒരു സിനിമ പോലെയായിരിക്കും എന്നൊന്നും ഞാൻ അവകാശപെടുന്നില്ല. എന്നിരുന്നാലും 100% കോൺഫിഡൻസ് ഉണ്ട്. നല്ലൊരു ഔട്ട്പുട്ട് ആണ് നമുക്ക് കിട്ടിയിട്ടുള്ളത്. അതിനുവേണ്ടി എല്ലാവരും നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. മാർക്കോയെ അതിന്റേതായ മുഖമുദ്രയിൽ എല്ലാവരും ഏറ്റെടുക്കണമെന്നാണ് എന്റെ വ്യക്തിപരമായ താല്പര്യം. 

സം​ഗീത സംവിധായകനായി രവി ബസ്രുർ എത്തുന്നു. അദ്ദേഹത്തെ ഈ ചിത്രത്തിലേക്ക് കൊണ്ടുവന്നത് എങ്ങനെയാണ്?
രവി ബസ്രുരിനേപ്പോലെ പാൻ ഇന്ത്യൻ റീച്ച് ഉള്ള ഒരു മ്യൂസിക് ഡയറക്ടർ വേണമെന്നുണ്ടായിരുന്നു. ആക്ഷൻ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ഇംപാക്ട് നമ്മൾ മുൻപ് കണ്ടിട്ടുള്ളതാണ്. സ്റ്റോറി കേട്ടപ്പോൾ തന്നെ അദ്ദേഹം വളരെ എക്സൈറ്റഡ് ആയിരുന്നു. പിന്നെ ഒന്നും ആലോചിക്കാതെ ഈ പ്രൊജക്റ്റിന് അദ്ദേഹം യെസ് പറഞ്ഞു.

ഉണ്ണി മുകുന്ദൻ ഈ സിനിമയ്ക്കുവേണ്ടി എടുത്ത എഫർട്ട് എത്രമാത്രമാണ്?
ഈയൊരു ചോദ്യത്തിനുള്ള ഉത്തരം നമുക്ക് തീയറ്ററിൽനിന്ന് കിട്ടും. സത്യത്തിൽ ഉണ്ണിയുടെ പെർഫോമൻസ് വർണിക്കാൻ എനിക്ക് വാക്കുകളില്ല. എല്ലാവരും തിയേറ്ററിൽതന്നെ കണ്ട് ഉണ്ണി മുകുന്ദന്റെ പെർഫോമൻസ് എക്സ്പീരിയൻസ് ചെയ്യണം. 

സംവിധായകൻ ഹനീഫ് അദേനിയുടെ അധ്വാനം എത്രമാത്രമായിരുന്നു?
ഹനീഫിന്റെ കഴിവ് നമ്മൾ മുൻപ് കണ്ടിട്ടുള്ളതാണ്. അത് ഈ സിനിമയുടെ ടീസറിൽ കൂടെ വീണ്ടും നിങ്ങൾ കണ്ടുകാണും. ഹനീഫിന്റെ ഡെഡിക്കേഷനും സപ്പോർട്ടും ഈ മൂവിയുടെ ഓരോ സ്റ്റേജിലും വളരെ അധികം ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്.

സിനിമാ നിർമാണം എളുപ്പമുള്ള ജോലിയാണോ? ആദ്യ സിനിമ എന്ന നിലയിൽ തോന്നിയ ​വെല്ലുവിളികൾ എന്തെല്ലാമാണ്?
സിനിമ നിർമാണം എളുപ്പമുള്ള ജോലിയുമാകാം ബുദ്ധിമുട്ടുള്ള ജോലിയുമാകാം. വെറുതെ പ്രൊഡക്ഷനിൽ  എമൗണ്ട് ഇൻവെസ്റ്റ് ചെയ്ത് നമ്മൾ മാറിനിന്നാൽ വളരെ എളുപ്പം ആകും കാര്യങ്ങൾ. പക്ഷേ, ഓരോ സ്റ്റേജിലും ഓരോ ഏരിയയിലും നമ്മൾ ഇൻവോൾവ് ചെയ്ത് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുമ്പോൾ സിനിമാ നിർമാണം വളരെ ബുദ്ധിമുട്ടുള്ള പണിയാകും. പക്ഷേ, അങ്ങനെ ഇടപെടുമ്പോഴാണ് നമുക്ക് ഏറ്റവും നല്ല റിസൾട്ട് കിട്ടുന്നത്. ക്വാളിറ്റി  കോംപ്രമൈസ് ചെയ്യാതെ എങ്ങനെ മൂവി എക്സ്പോസ് ചെയ്യാം എന്നാണ് ലക്ഷ്യം.

സിനിമാ പ്രേമിയാണ് എന്നതാണോ നിർമാണത്തിലേക്ക് തിരിയാനുള്ള കാരണം?
സിനിമ കാണാൻ വളരെയധികം ഇഷ്ടമുള്ള ഒരു സാധാരണ പ്രേക്ഷകൻ ആണ് ഞാൻ. എനിക്ക് പേഴ്സണലി കാണാൻ ആഗ്രഹമുള്ള സിനിമകൾ ചെയ്യണം എന്നുണ്ട്. കലയോടുള്ള ഇഷ്ടത്തിന്റെ കൂടെ ബിസിനസ് കൂടെ ചേരുമ്പോൾ ആണ് മികച്ച പ്രൊജക്റ്റ് ഉണ്ടാകുന്നത്.

ഭാവിയിൽ കൂടുതൽ ചിത്രങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ടോ? എത്തരത്തിലുള്ള ചിത്രങ്ങളോടാണ് പ്രിയം?
തീർച്ചയായും ഉണ്ട്. പല ജോണറിലും പ്ലാനുകൾ മുന്നോട്ടു പോകുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും നല്ല കണ്ടന്റ് പ്രൊഡ്യൂസ് ചെയ്യുന്ന ഇൻഡസ്ട്രി മോളിവുഡ് ആണ്. പക്ഷേ, നമുക്ക് വേണ്ടരീതിയിൽ എക്സ്പോഷർ ഇന്ത്യൻ സിനിമയിൽ കിട്ടുന്നില്ല. മലയാളം ഇൻഡസ്ട്രി ഏറ്റവും മികച്ച ലെവലിലേക്ക് ഉയർത്താൻ എല്ലാവരും വളരെയധികം പരിശ്രമിക്കുന്നുണ്ട്. ആ ഒരു ശ്രമത്തിലേക്ക് എനിക്കാകുന്ന രീതിയിലുള്ള കോൺട്രിബ്യൂഷൻ എന്തായാലും ഉണ്ടാകും.