ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് എറണാകുളം ചാക്കോളാസ് പവലിയനിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന് ആരംഭം കുറിക്കുകയുണ്ടായത്. സമൂഹത്തിൽ ആരും നോക്കാനില്ലാത്ത അമ്മമാർക്കും കുട്ടികള്‍ക്കും സഹായഹസ്തം നീട്ടിക്കൊണ്ട് വലിയൊരു ചുവടുവയ്പ്പും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ചടങ്ങിനിടയിൽ നടത്തുകയുണ്ടായി.
അശരണരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽത്ത് ഫൗണ്ടേഷനും ആരും നോക്കാനില്ലാതെ കഴിയുന്ന അമ്മമാരെ ചേർത്തുപിടിക്കുന്ന സംഘടനയായ അമ്മക്കുയിലിനും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ സിനിമയായ 'മാർക്കോ'യുടെ വൻ വിജയത്തിലൂടെ നേടിയ ലാഭവിഹിതത്തിൽ നിന്നുള്ള ഒരു തുക നൽകിക്കൊണ്ടാണ് സിനിമയുടെ വിജയം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ആഘോഷിച്ചത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് സാരഥി ഷരീഫ് മുഹമ്മദിന്‍റെ മക്കളായ ഫ്രെയാ മറിയവും അയാ മറിയവും ചേർന്നാണ് ഈ തുക രണ്ട് സംഘടനകളുടേയും പ്രതിനിധികള്‍ക്ക് വേദിയിൽ വെച്ച് സമ്മാനിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിരുകവിഞ്ഞ വയലൻസിന്‍റെ പേരിൽ 'മാർക്കോ' ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ അനുകൂലവും പ്രതികൂലവുമായ ചർച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ 'മാർക്കോ'യുടെ വിജയാഘോഷത്തിലൂടെ തന്നെ അശരണരായ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകിക്കൊണ്ട് വലിയൊരു സന്ദേശം സമൂഹത്തിന് നൽകിയിരിക്കുകയാണ്.
സിനിമാ ലോകത്തെ ശ്രദ്ധേയരും മറ്റ് മഹനീയ വ്യക്തിത്വങ്ങളും സിനിമയിലെ അണിയറ പ്രവർത്തകരും മാധ്യമ സുഹൃത്തുക്കളുമടക്കമുള്ളവര്‍ അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു കാട്ടാളൻ ലോഞ്ച് നടന്നത്. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, സിദ്ദീഖ്, ജഗദീഷ്, ബോളിവുഡ് താരം കബീർ ദുഹാൻ സിങ്, ഐ എം വിജയൻ, ആൻ്റണി വർഗ്ഗീസ് പെപ്പെ, ഡയറക്ടർ ഹനീഫ് അദേനി, രജിഷ വിജയൻ, ഹനാൻ ഷാ, ബേബി ജീൻ, ഷറഫുദ്ധീൻ, ഡയറക്ടർ ജിതിൻ ലാൽ, ആൻസൺ പോൾ, സാഗർ സൂര്യ, ഷോൺ റോയ്, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങി നിരവധി താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കാനെത്തുകയുണ്ടായി.
കാട്ടാളനിൽ ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബാക്ഡീ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.
പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Cubes Entertainments donated a portion of Marco`s profits to charity
Published: 27 Aug 2025, 06:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented